Wednesday, April 27, 2011

മോയിൻ ഖാന്റെ കഥ

Aijaz Zaka Syed, Arab News
വിവർത്തനം:  കാരോളി

ബീഹാറിലെ മധുബാനിയിലെ തന്റെ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് ഡൽഹിയിലേക്ക് വണ്ടി കയറുമ്പോൾ മോയിൻ ഖാന് വയസ്സ് ഏഴ്. ഡൽഹിയിലേക്ക് അവനെ ജോലിക്ക് കൊണ്ട് പോകുന്ന “അമ്മാവൻ” അവന് ഒരു “തിളങ്ങുന്ന” ഭാവിയും വലിയ പ്രതീക്ഷകളുമാണ് ആ ദരിദ്ര കുടുംബത്തിന് നൽകിയത്.


ഡൽഹിയിലെ ഒരു ബിൻഡി നിർമ്മാണശാലയിലെ മൂന്ന് വർഷത്തെ രാപ്പകലില്ലാത്ത, അവധികളില്ലാത്ത അധ്വാനത്തിന് ശേഷം കഴിഞ്ഞയാഴ്ച്ചയാണ് അവൻ കമ്പനി മുതലാളിയുടെ ക്രൂരമർദ്ദനത്തിനിരയായി മരിച്ചത്.

മോയിൻ ഖാനെപ്പറ്റിയും അവന്റെ ഹൃസ്വമായ ജീവിതത്തിലെ കഷ്ടപ്പാടുകളോടുള്ള ധീരമായ ചെറുത്തു നിൽപ്പിനെപ്പറ്റിയും ആരും അറിയാതെ പോകുമായിരുന്നു. അവന്റെ ദുരന്തകഥ പുറത്ത് കൊണ്ട് വന്നത് അവന്റെ സംസ്ക്കാരം ഉടനടി നടത്താനുള്ള കമ്പനി ഉടമയുടെ തത്രപ്പാടിൽ സംശയം തോന്നിയ സ്ഥലത്തെ മഹല്ല് കമ്മിറ്റിയുടെ നടപടിയായിരുന്നു.

പോലീസ് പരിശോധനയിൽ കുട്ടിയുടെ ശരീരമാകെ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി. ആ ഇളം മേനി ജീവിതത്തിന്റെ എല്ലാ കയ്പ്പുറ്റ പാഠങ്ങളും നിശ്ശബ്ദം ഏറ്റു വാങ്ങുകയായിരുന്നു, അങ്ങകലെയുള്ള തന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സന്തോഷം നിലനിർത്താൻ. കളിമുറ്റത്ത് നിന്ന് അത്ര വേഗം ശ്മശാനത്തിലെത്തിച്ച അവന്റെ പേക്കിനാവ് അവിടെയും അവസാനിച്ചില്ല. ദൽഹിയാത്രക്കുള്ള പണം സ്വരൂപിക്കാനുള്ള അവന്റെ മാതാപിതാക്കളുടെ ശ്രമത്തിനിടെ മൂന്ന് ദിവസത്തോളം അവന്റെ മൃതദേഹം അനാഥമായിക്കിടന്നു.

മീഡിയയും പതിവ് തെറ്റിച്ചില്ല. ദിനേനയുള്ള അഴിമതിക്കഥകൾക്കും ക്രിക്കറ്റ് കളികൾക്കും ഒരു വിരാമമായി അവന്റെ ദുരന്തകഥയും അവർ ആഘോഷിച്ചു. എങ്കിലും മൂന്നോ നാലോ ദിവസത്തിൽ കൂടുതൽ വാർത്താമൂല്യം മോയിന്റെ മരണത്തിന് എങ്ങനെ കിട്ടാനാണ്. അതിനാൽ പ്രതീക്ഷിച്ചത് പോലെ അവസാനം മോയിന്റേതും മറ്റൊരു സംഭവം മാത്രമായി മാറിക്കഴിഞ്ഞു.

വാസ്തവത്തിൽ ലക്ഷക്കണക്കിന് മോയിൻ ഖാൻമാർ ഡിക്കൻസിയൻ ഇംഗ്ലണ്ടിനെപ്പോലും നാണിപ്പിക്കുന്ന ദില്ലി ചേരികളിൽ ജീവിതത്തോട് മല്ലിട്ട് കൊണ്ടിരിക്കുകയാണ്. ദില്ലിയിൽ മാത്രം അഞ്ച് ലക്ഷത്തോളം കുട്ടികൾ ദാരിദ്ര്യം മൂലം ബാലവേലയിലേർപ്പെട്ടിരിക്കുന്നുവെന്നാണ് കണക്ക്. സിനിമയുടെ അത്ഭുത ലോകമായ മുംബൈയിലും, കിഴക്ക് കൊൽകൊത്തയിലും തെക്ക് ചെന്നൈയിലുമെല്ലാം സ്ഥിതി വളരെയൊന്നും മെച്ചമല്ല.

ഒരു പക്ഷേ ഏറ്റവും ജനസംഘ്യയുള്ള ഉത്തർപ്രദേശായിരിക്കും ഏറ്റവും വലിയ നിയമലംഘകൻ. നൂറു കണക്കിന് കുടിൽ വ്യവസായങ്ങളും, അലിഗറിലെ പൂട്ടു നിർമ്മാണശാലകളും, മോറാദാബാദിലെ പിച്ചള, ഗ്ലാസ് നിർമ്മാണശാലകളും, സാരി മില്ലുകളുമെല്ലാം ലക്ഷക്കണക്കിന് കുട്ടികളുടെ ബാല്യവും, വിയർപ്പും ചിലപ്പോൾ ജീവനും വരെ കവർന്നെടുത്ത് കൊണ്ടാണ് തങ്ങളുടെ ബാലൻസ് ഷീറ്റ് തികയ്ക്കുന്നത്.

ഇന്ത്യ മുഴുവൻ അവസ്ഥ ഇത് തന്നെയാണ്. ഭിക്ഷാടനം മുതൽ ലൈംഗിക ചൂഷണത്തിനും ബീഡി, പടക്ക നിർമ്മാണശാലകളിലും കീടനാശിനികളുടെ അമിതപ്രയോഗമുള്ള കൃഷിപ്പാടങ്ങളിലും വരെ ഹോമിക്കപ്പെടുന്നത് ഇത്തരം ബാല്യങ്ങളാണ്. മൂന്ന് കോടി കുട്ടികളാണ് ജനിച്ച് വീണ് അധികം മുമ്പേ തങ്ങളുടെ നിഷ്ക്കളങ്ക ബാല്യം ഇത്തരത്തിൽ അടിയറ വെക്കേണ്ടി വരുന്നത്.

ഏഴു വയസ്സുള്ള തന്റെ പിഞ്ചോമനയെ ഒരന്യന്റെ കൂടെ ഏതോ വിദൂരദേശത്ത് തൊഴിലെടുക്കാനയക്കണമെങ്കിൽ ആ മാതാപിതാക്കളുടെ ദാരിദ്ര്യത്തിന്റെ കാഠിന്യം എത്ര വലുതായിരിക്കും! മോയിനേക്കാൾ ചെറുപ്പമായ അനേകം ജന്മങ്ങളും ഇത്തരത്തിൽ ബലിയാടാകുന്നുണ്ട്. രാവും പകലും പണിയെടുത്ത് അവരിൽ പലരും ഒരു നാൾ മോയിനെപ്പോലെ തകർന്നു വീഴുന്നു. അതിജീവിക്കുന്നവർ ശാരീരികമായും മാനസികമായും തകർന്നവരായും കുറ്റവാളികളായുമൊക്കെ മാറുന്നു.

എന്റെയും നിങ്ങളുടെയും കുട്ടികളെപ്പോലെ മോയിനും ആഗ്രഹിക്കാനും സ്വപ്നം കാണാനും അവകാശമുണ്ടായിരുന്നു. അവന്റെ മാതാപിതാക്കൾക്കും അവനെക്കുറിച്ച് ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നിരിക്കാം. അവർക്കെങ്ങനെയായിരിക്കാം തങ്ങളുടെ ഓമന മകന്റെ ചേതനയറ്റ ശരീരം വീട്ടിലേക്ക് തിരിച്ചു കൊണ്ടു പോകേണ്ട ദുരന്തത്തെ അഭിമുഖീകരിക്കാൻ കഴിഞ്ഞിട്ടുണ്ടാവുക? പറക്കുമുറ്റാത്ത പ്രായത്തിൽ തങ്ങളുടെ ജീവിതഭാരം കൂടി അവന്റെ ചുമലിലേറ്റി വെക്കേണ്ടി വന്ന തങ്ങളുടെ ദുര്യോഗത്തെ അവർ എങ്ങനെയാവും പഴിച്ച് തീരുക?

ഇക്കാര്യത്തിൽ ഞാൻ അതിവൈകാരികത പ്രകടിപ്പിക്കുന്നുണ്ടോ? ഇത്തരം ആളുകൾ നേരിടുന്ന ജീവിതയാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ ഇതൊക്കെ സാധാരണ സംഭവം മാത്രമായി മാറുന്നു. ഒരു പക്ഷേ കൂടി വന്നാൽ ഒരാഴ്ച്ചയോ മറ്റോ അവർ മകനെയോർത്ത് ദുഃഖിച്ചിരുന്നിട്ടുണ്ടാകാം. പിന്നെ അവരും സ്വന്തം ജീവിതവുമായി മുന്നോട്ട് പോകും. ജീവിതം തന്നെ നിലനിൽപ്പിനായുള്ള ദിനേനയുള്ള സമരമായവർക്ക് മരിച്ച് പോയവരെക്കുറിച്ചോർത്ത് കൂടി കരയാനുള്ള നേരമെവിടെ?

എന്നാൽ ഇന്ത്യക്ക് ഇത് അവഗണിച്ച് കൊണ്ട് മുമ്പോട്ട് പോകാൻ സാധിക്കുമോ? 100 കോടി ജനങ്ങളുള്ള രാജ്യത്ത് ഒരു കുട്ടിയുടെ ജീവനെന്താണ് വിലയെന്നായിരിക്കാം. പക്ഷേ ഇത് പോലുള്ള ലക്ഷക്കണക്കിന് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ മോയിന്റെ അനുഭവം നമുക്ക് ഒരു ഉണർത്തു പാട്ടാവേണ്ടതുണ്ട്.

പാശ്ചാത്യ പത്ര പ്രവർത്തകരും ഹോളിവുഡ് സംവിധായകരുമെല്ലാം നമ്മുടെ സമൂഹത്തിലെ ഈ ഇരുണ്ട യാഥാർത്ഥ്യത്തിന് നേരെ വെളിച്ചം വീശുമ്പോൾ-സ്ലം ഡോഗ് മില്യണർ ഉദാഹരണം-നാം ചൊടിക്കാറുണ്ട്. പക്ഷേ അതിന് എന്തെങ്കിലും ന്യായീകരണമുണ്ടോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.

ബാലവേല ഒരു ആഗോള പ്രതിഭാസമാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇംഗ്ലീഷ് ദാർശനികനായ വില്യം ബ്ലേക്കിന്റെ 1789 ലെ കൃതിയായ “ചിമ്മിനി തൂപ്പുകാര” നിൽ ഈ സാമൂഹ്യ ദുരന്തത്തെ ആവിഷ് ക്കരിക്കുന്നുണ്ട്. പ്രബോധോദയാനന്തര ഇംഗ്ലണ്ടിലെ ബാലചൂഷണത്തെ വിമർശന വിധേയമാക്കുന്ന ഈ കൃതിയിൽ മോയിനെപ്പോലുള്ള ദൈവത്തിന്റെ നിർഭാഗ്യവാന്മാരായ കുഞ്ഞുങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്: “When my mother died I was very young, And my father sold me while yet my tongue Could scarcely cry, ‘weep! weep! weep! weep!’ So your chimneys I sweep and in soot I sleep.”
(എന്റെ അമ്മ മരിച്ചപ്പോൾ ഞാൻ കുഞ്ഞായിരുന്നു. കരയാൻ പോലും അറിയാവുന്നതിന് മുമ്പ് എന്റെ അച്ഛൻ എന്നെ വിറ്റു. അങ്ങനെയാണ് ഇന്ന് ഞാൻ നിങ്ങളുടെ ചിമ്മിനി തുടക്കുകയും പുകയറയിൽ കിടന്നുറങ്ങുകയും ചെയ്യുന്നത്”.)

അത് കൊണ്ട് ബാല വേലയെന്നത് ഇന്ത്യക്കാരുടെ കണ്ട് പിടുത്തമൊന്നുമല്ലായിരിക്കാം. അത് ലോകത്തെല്ലായിടത്തും ദാരിദ്ര്യത്തിന്റെ കൂടെപ്പിറപ്പായി നിലവിലുളളതാണ്. എന്നാൽ തന്നെയും മറ്റൊരിടത്തും ബാലവേല ഇവിടുത്തെപ്പോലെ പ്രസ്ഥാനവൽക്കരിക്കുകയോ, അതിന് മൗനാനുവാദം നൽകുകയോ ചിരപ്രതിഷ്ഠ നൽകുകയോ ചെയ്യുന്നില്ല എന്നത് പച്ചയായ യാഥാർത്ഥ്യമാണ്.

ബാലവേല നിരോധിച്ച് അഞ്ച് വർഷത്തിന് ശേഷവും, ചൈനക്കൊപ്പം വൻശക്തിയായി വാഴ്ത്തപ്പെടുന്ന ഈ ഘട്ടത്തിലും ബാലവേല അനസ്യൂതം തുടരുന്നുവെന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയുടെ കോടിക്കണക്കിന് ഭാവിവാഗ്ദാനങ്ങൾ സാമ്പത്തികചൂഷണത്തിന് ഇരയായി ധൈഷണിക മുരടിപ്പിലേക്കും മരണത്തിലേക്കും നയിക്കപ്പെടുമ്പോൾ എങ്ങിനെയാണ് ആഗോള നേതൃത്വത്തിലേക്ക് നമുക്ക് മുന്നേറാനാവുക?

ബാലവേല നിയമം, ബാല നീതി നിയമം, വിദ്യാഭ്യാസാവകാശനിയമം തുടങ്ങി ആവശ്യമായ എല്ലാ നിയമങ്ങളും നമുക്കുണ്ട്. പോരാത്തതിന് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച യു.എൻ പ്രമേയത്തിൽ ഇന്ത്യ ഒപ്പു വെച്ചിട്ടുമുണ്ട്. എന്നിട്ടും സ്ക്കൂളിൽ പഠിക്കുകയും കൂട്ടുകാരോടൊത്ത് കളിക്കുകയുമൊക്കെ ചെയ്യേണ്ട ബാല്യങ്ങൾ ഫാക്ടറികളിലും പാടങ്ങളിലും ഹോട്ടലുകളിലുമെല്ലാം എരിഞ്ഞു തീരുന്നത് നാം നിത്യേന കാണുന്നു.

നിവൃത്തിയുണ്ടെങ്കിൽ ഒരു മാതാവും പിതാവും തന്റെ കുഞ്ഞിനെ സ്ക്കൂളിലേക്ക് പകരം ഫാക്ടറിയിലേക്ക് പറഞ്ഞയക്കില്ല. അവരെ ഞെരിച്ചമർത്തുന്ന ദാരിദ്ര്യവും സാഹചര്യങ്ങളുടെ സമ്മർദ്ദവുമാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. രക്ഷിതാക്കൾ സമ്പാദിക്കുന്നത് അവർക്ക് പോലും മതിയാവാതാകുമ്പോൾ ഓരോ രൂപയും വിലയുള്ളതാകുന്നു.

അതിനാൽ നിയമങ്ങളെക്കാളും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള രക്ഷിതാക്കളോടുള്ള പ്രഭാഷണങ്ങളേക്കാളൊക്കെ നമുക്ക് വേണ്ടത് കൂട്ടായ സാമൂഹിക, സാമ്പത്തിക നടപടികളാണ്. അതിന് മുൻകൈയെടുക്കേണ്ടത് സർക്കാരാണ് താനും.

ഇന്ത്യയുടെ അനാവശ്യമായ പല സൈനിക ചിലവുകളും ബഹിരാകാശ പരീക്ഷണങ്ങളുമെല്ലാം ചുരുക്കുകയാണെങ്കിൽ തന്നെ അത് ദശലക്ഷക്കണക്കിന് കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സഹായകരമാകും. മോയിൻ ഖാന്റെ കഥ നാം അറിഞ്ഞപ്പോഴേക്കും വളരെ വൈകിപ്പോയി. ഇനിയും കൂടുതൽ മോയിനുമാർ ഉണ്ടാവാതിരിക്കട്ടെ.


No comments:

Post a Comment