Tuesday, April 19, 2011

മനുഷ്യാവകാശങ്ങള്‍ ഇസ്‌ലാമില്‍

വി എ എം അശ്‌റഫ്‌


നുഷ്യാവകാശങ്ങളെക്കുറിച്ച്‌ പറയുമ്പോഴൊക്കെ അത്‌ നൂതനമായ ഒരാശയമാണെന്നും പടിഞ്ഞാറന്‍ നാടുകളില്‍ ഉദയം കൊണ്ടതാണെന്നും വ്യാപകമായി ധരിക്കപ്പെടുന്നുണ്ട്‌. 1215 ല്‍ ബ്രട്ടിനില്‍ പാസ്സാക്കിയ മാഗ്‌നാകാര്‍ട്ടയില്‍ നിന്നാണ്‌ ഈ ആശയം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതെന്നാണ്‌ പൊതുവെ കരുതുന്നത്. 

മനുഷ്യാവകാശങ്ങള്‍ ആധുനിക കാലത്തിന്റെ ഉല്‌പന്നമാണെന്ന മിത്ത്‌ തകര്‍ത്തെറിയുകയും ഇസ്‌ലാമില്‍ അവ കൃത്യമായി പഠിപ്പിക്കപ്പെടുന്നുവെന്നും ഖുര്‍ആന്‍ മനുഷ്യാവകാശങ്ങളുടെ മികച്ച പത്രികയാണെന്നും തെളിവുകളുടെ വെളിച്ചത്തില്‍ ശക്തമായി അവതരിപ്പിക്കുകയാണ്‌ കേരള ഹൈക്കോടതിയിലെ മുന്‍ ജസ്റ്റിസായിരുന്ന പി കെ ശംസുദ്ദീന്‍ `മനുഷ്യാവകാശങ്ങള്‍ ഇസ്‌ലാമില്‍' എന്ന കൃതിയില്‍.

മനുഷ്യാവകാശത്തെ സംബന്ധിച്ച സങ്കല്‌പങ്ങളുടെ ധാര്‍മിക അടിത്തറ യഥാര്‍ഥത്തില്‍ മതസ്രോതസ്സുകളില്‍ നിന്നാണ്‌ ലഭ്യമായിട്ടുള്ളതെന്ന്‌ തുറന്നുപറഞ്ഞ ചിന്തകരുമുണ്ട്‌. ഇക്കൂട്ടത്തില്‍ പ്രമുഖനാണ്‌ മതതാരതമ്യ വിദഗ്‌ധനായിരുന്ന ആല്‍ബര്‍ട്ട്‌ സ്വിന്റ്‌ലര്‍.

1948ല്‍ ഐക്യരാഷ്‌ട്രസഭ പാസ്സാക്കിയ അന്താരാഷ്‌ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ വിവിധ വകുപ്പുകളെ മുമ്പില്‍ വെച്ചുകൊണ്ട്‌, സമാന വിഷയങ്ങളില്‍ ഇസ്‌ലാമിക വേദഗ്രന്ഥവും, പ്രവാചകചര്യയും പ്രവാചകാനുയായികളായ ഖലീഫമാരുടെ ഭരണമാതൃകകളും അവസരോചിതം ഉദ്ധരിച്ചുകൊണ്ടാണ്‌ ഗ്രന്ഥകാരന്‍ തന്റെ വാദങ്ങള്‍ സമര്‍ഥിക്കുന്നത്‌. മനുഷ്യാവകാശങ്ങള്‍ക്ക്‌ നേരെയുള്ള ഇസ്‌ലാമിന്റെ സമീപനത്തെക്കുറിച്ച്‌ ഗുരുതരമായ തെറ്റിദ്ധാരണകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന വിചാര പരിസരത്താണല്ലോ നാം ജീവിക്കുന്നത്‌. യാഥാര്‍ഥ്യങ്ങള്‍ക്കു നേര്‍ക്കു പിടിച്ച കണ്ണാടി കണക്കെ, പരമ്പരാഗത പാണ്ഡിത ചര്‍ച്ചകളുടെ ശൈലിയില്‍ നിന്ന്‌ വ്യതിരിക്തമായി, തെളിവുകള്‍ നിരത്തുകയാണ്‌ ഗ്രന്ഥകാരന്‍.

യു ഡി എച്ച്‌ ആര്‍ എന്ന പേരില്‍ വിഖ്യാതമായ 1948ലെ യു എന്‍ മനുഷ്യാവകാശ പ്രമാണം മനുഷ്യമഹത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതരേഖയായി വിലയിരുത്തപ്പെടുന്നു. 30 അനുഛേദങ്ങളാണ്‌ ഇതിനുള്ളത്‌. ഇവയോരോന്നിനെയും കുറിച്ച്‌ വ്യത്യസ്‌ത അധ്യായങ്ങളിലായി ഇസ്‌ലാമിക സ്രോതസ്സുകളുപയോഗിച്ച്‌ അദ്ദേഹം വിദഗ്‌ധമായി താരതമ്യം ചെയ്യുന്നു. അതേസമയം, പല വിഷയങ്ങളിലും മുഖ്യധാരാ മുസ്‌ലിം സങ്കല്‌പങ്ങളുമായി തനിക്കുള്ള വിയോജിപ്പ്‌ തുറന്നുതന്നെ പറയുന്നുമുണ്ട്‌ ഗ്രന്ഥകാരന്‍.

ഇസ്‌ലാമിലെ ശിക്ഷാവിധികളെ ഉപരിപ്ലവമായ ധാരണകള്‍ മാത്രമാണ്‌ സമൂഹത്തിലുള്ളതെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്‌. കരം ഛേദിക്കുക എന്ന ശിക്ഷ കഠിനമായി തോന്നുമെങ്കിലും ശിക്ഷയുടെ തീക്ഷ്‌ണത കുറയ്‌ക്കാന്‍ ഖുര്‍ആനില്‍ തന്നെ പരിഗണനകളുണ്ട്‌. എന്നും പശ്ചാത്തപിക്കുകയും നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്‌താല്‍ വിടുതി നല്‌കുമെന്ന സൂചന തദ്‌ സംബന്ധമായ സൂക്തത്തില്‍ തന്നെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇസ്‌ലാം വിഭാവനം ചെയ്യുന്ന കുറ്റമറ്റ ഒരു ക്ഷേമവ്യവസ്ഥയില്‍ മാത്രമാണ്‌ ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍ പ്രയോഗിക്കാവൂ എന്നും, നിലനില്‌ക്കുന്ന സാഹചര്യങ്ങളും കുറ്റത്തിന്‌ പ്രേരകമായ ഘടകങ്ങളും സൂക്ഷ്‌മമായി പരിഗണിക്കേണ്ടതുണ്ടെന്നും ഗ്രന്ഥകാരന്‍ വാദിക്കുന്നു. (പേ 43, 49)

രണ്ട്‌ പ്രധാന മേഖലകളില്‍ മുഖ്യധാരാ ദൈവശാസ്‌ത്രത്തില്‍ നിന്ന്‌ വ്യത്യസ്‌തമായ വീക്ഷണങ്ങള്‍ ഗ്രന്ഥകാരന്‍ തുറന്നു തന്നെ പ്രകടമാക്കുന്നുണ്ട്‌. മതപരിത്യാഗത്തിന്‌ (മുര്‍തദ്ദ്‌) വധശിക്ഷ നല്‌കുന്നതിനെ അദ്ദേഹം ഖുര്‍ആന്‍ വിരുദ്ധമായി കാണുന്നു (പേജ്‌ 98). തന്റെ അഭിപ്രായ പ്രകടനത്തിന്‌ പിന്തുണയായി അദ്ദേഹം യൂസുഫുല്‍ ഖര്‍ദാവിയെ ഉദ്ധരിക്കുന്നുമുണ്ട്‌. മുത്വലാഖിന്റെ അനിസ്‌ലാമികത ആധികാരികമായിത്തന്നെ ഗ്രന്ഥകാരന്‍ തുറന്നുകാട്ടുന്നു.

ഇന്ത്യന്‍ മുസ്‌ലിം വ്യക്തിനിയമത്തില്‍ നിലനില്‌ക്കുന്ന ഇസ്‌ലാമിക ചൈതന്യത്തിന്‌ വിരുദ്ധമായ ചെയ്‌തിയായി അദ്ദേഹം ട്രിപ്പ്‌ള്‍ ത്വലാഖിനെ വിലയിരുത്തുന്നു (പേജ്‌ 74), ഖുര്‍ആന്‍ (4:35) നിര്‍ദേശിക്കുന്ന ആര്‍ബിട്രേഷന്‍ രീതി അവലംബിക്കാത്തതിനെ അപലപിക്കുന്നുമുണ്ട്‌ ഗന്ഥകാരന്‍.

ഖുല്‍ഇനുള്ള അവകാശത്തില്‍ സ്‌ത്രീക്ക്‌ പരിമിതികള്‍ ഏര്‍പ്പെടുത്തുന്ന മുഖ്യധാരാ മതവ്യാഖ്യാനത്തെ ഗ്രന്ഥകാരന്‍ എതിര്‍ക്കുന്നു. ഇമാം ബുഖാരി റിപ്പോര്‍ട്ടു ചെയ്‌ത സാബിതിബ്‌നു കൈസിന്റെ ഭാര്യ, ഭര്‍ത്താവിനെ `ഖുല്‍അ്‌' നടത്തിയ വിഖ്യാത ഹദീസ്‌ (ബുഖാരി 5273) അദ്ദേഹം തെളിവായുദ്ധരിക്കുന്നു. ഷാബാനുബീഗം കേസില്‍ (1985), ഖുര്‍ആന്‍ സൂക്തം 2:24 ല്‍ പറയുന്ന മതാഅ്‌ കൊടുക്കാന്‍ സാധാരണ മുസ്‌ലിംകള്‍ക്ക്‌ ബാധ്യതയില്ലെന്നും അത്‌ ഭയഭക്തിയുള്ളവര്‍ക്ക്‌ മാത്രമേ ബാധകമാവൂ എന്നുമുള്ള അഹ്‌മദ്‌ ഖാന്റെ അഭിഭാഷകന്റെ വാദത്തെ ഗ്രന്ഥകാരന്‍ കളിയാക്കുന്നു.

ഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പിറക്കുമ്പോള്‍ പരിഗണിക്കേണ്ട ചില പ്രശ്‌നങ്ങള്‍ കൂടി രേഖപ്പെടുത്തട്ടെ. അടിമ വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രതിപാദനത്തില്‍ ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ ഈ ക്രൂരമായ തിന്മയെ ഇസ്‌ലാം വിവാടനം ചെയ്യുകയും ചെയ്‌തു, അവരെ ഇസ്‌ലാമിന്റെ സാര്‍വജനീനമായ സാഹോദര്യത്തിന്റെ കുടക്കീഴില്‍ കൊണ്ടുവരികയും ചെയ്‌തു (പേജ്‌ 39) എന്ന്‌ എഴുതിയിരിക്കുന്നു. യഥാര്‍ഥത്തില്‍ അടിമത്ത വ്യവസ്ഥ അത്ര ലളിതമായി പരിഹൃതമായിട്ടില്ല. ഖുര്‍ആന്റെ അന്തസ്സത്ത അടിമത്ത വ്യവസ്ഥയുടെ വിപാടനം ലക്ഷ്യമാക്കിയിരുന്നുവെങ്കിലും ഫിഖ്‌ഹിന്റെ സങ്കുചിതമായ വ്യാഖ്യാനത്തിലൂടെ ഈ ക്രൂരമായ വ്യവസ്ഥക്ക്‌ ആയുസ്സ്‌ നീട്ടിക്കിട്ടുകയും 1970 കള്‍ വരെ മുസ്‌ലിം ലോകത്ത്‌ അത്‌ ചെറിയ തോതിലെങ്കിലും നിലനില്‌ക്കുകയും ചെയ്‌തു. അത്‌ വിമര്‍ശനബുധ്യാ പരിശോധിക്കാനും വിശകലനം ചെയ്യാനും അടുത്ത എഡിഷനില്‍ ഗ്രന്ഥകാരന്‍ തയ്യാറാകുമെന്ന്‌ കരുതട്ടെ.

ദുര്‍ബലമായ ഹദീസുകള്‍ ആധികാരികമെന്നോണം ചിലയിടങ്ങളില്‍ ഉദ്ധരിച്ചിട്ടുള്ളത്‌ അടുത്ത എഡിഷനില്‍ ഒഴിവാക്കിയാല്‍ നന്ന്‌. ``നീതിമാനായ ഭരണാധികാരിയുടെ ഒരു ദിവസം അറുപത്‌ വര്‍ഷത്തെ ആരാധനയെക്കാള്‍ ഉത്തമമാണ്‌'' (പേജ്‌ 52), ``ചൈനയിലാണെങ്കിലും പോയി വിദ്യ അഭ്യസിക്കുക'' (പേജ്‌ 99) എന്നിവ ഉദാഹരണം.

മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ അവബോധം ശക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇസ്‌ലാമിനെ മുന്‍നിരത്തിയുള്ള ഈ അന്വേഷണം എന്തുകൊണ്ടും ശ്ലാഘനീയമാണ്‌. നിയമവിദഗ്‌ധര്‍ക്കെന്ന പോലെ സാധാരാണക്കാര്‍ക്കും ആധുനിക ലോകസാഹചര്യത്തില്‍ ഇസ്‌ലാമിന്റെ മാനവിക പ്രസക്തി ബോധ്യപ്പെടാന്‍ ഈ കൃതി ഉപകരിക്കാതിരിക്കില്ല.

ഉറവിടം: shababweekly.net

No comments:

Post a Comment