Thursday, April 21, 2011

സാമ്രാജ്യത്വ വിരോധത്തിന്റെ രാഷ്ട്രീയം.

കാരോളി“സാമ്രാജ്യത്വ വിരോധം” ചില മുസ്ലിം മത പാർട്ടികളുടെ മുഖമുദ്രയാണ്. കേൾക്കുമ്പോൾ ന്യായം തോന്നുമെങ്കിലും മുസ്ലിം മുഖ്യധാരക്കെതിരായി തങ്ങളെടുക്കുന്ന രാഷ്ട്രീയ നിലപാടുകളെ ന്യായീകരിക്കാനുള്ള  തുറുപ്പുചീട്ടായിട്ടാണ് അവർ ഈ മുദ്രാവാക്യത്തെ പ്രധാനമായിട്ടും കാണുന്നത് എന്നത് ഒരു വിരോധാഭാസമാണ്. എന്നാൽ ഇതിന്റെ അനാശാസ്യതയെക്കുറിച്ചും ഇതിന് പിന്നിലെ അപകടത്തെക്കുറിച്ചുമൊന്നും അവർ പോലും ബോധവാന്മാരല്ല എന്നതാണ് വസ്തുത.

പലപ്പോഴും അവരുടെ നിലപാടുകൾ മുസ്ലിം സമുദായത്തിന്റെ നിർണ്ണായക താൽപര്യങ്ങൾക്ക് പോലും കടകവിരുദ്ധമാണെന്ന് കാണാം. അവയെപ്പോലും ന്യായീകരിക്കാനും അത് വഴി രാഷ്ട്രീയ ലാഭം കൊയ്യാനുമുള്ള ഏറ്റവും പറ്റിയ നമ്പരത്രേ സാമ്രാജ്യത്വ വിരോധം. ഉദാഹരണത്തിന് കഴിഞ്ഞ യുപിഎ സർക്കാരിന്റെ അവസാന കാലത്ത് മതേതര സർക്കാരിനെ താഴെയിറക്കാൻ പോലും ഇവർ കണ്ടെത്തിയ ന്യായീകരണമായിരുന്നു സാമ്രാജ്യത്വ വിരോധം.


ഏറ്റവും വലിയ തമാശ അമേരിക്കക്കും നാറ്റോക്കുമൊക്കെ എതിരെ ചന്ദ്രഹാസം ഇളക്കുന്നത് കേരളത്തിൽ പഞ്ചായത്ത് ഭരണം പോലും ഇല്ലാത്തവരാണ് എന്നതാണ്. ചൈനയും റഷ്യയും വരെ കമാന്നൊരക്ഷരം മിണ്ടാത്ത വിഷയങ്ങളിലാണ് കൊച്ചു കേരളത്തിലെ നീർക്കോലികളുടെ സീൽക്കാരം!

ഇതിന്റെ അനുബന്ധമായിട്ട് വേണം ഇതേ ഗ്രൂപ്പുകളുടെ പ്രകടമായ ഇസ്രായേൽ വിരോധവും ഫലസ്തീൻ, അഫ്ഘാൻ, ഇറാക്ക് പ്രേമവുമൊക്കെ കാണാൻ. ഇതിന്റെ പേരിലാണല്ലോ ഈ “ബുദ്ധിജീവികൾ“ രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തുന്നതും സാമ്രാജ്യത്വ വിരുദ്ധ റാലികൾ സംഘടിപ്പിക്കുന്നതുമെല്ലാം. സമുദായത്തിലെ ഒരു വിഭാഗത്തിലെങ്കിലും ഇന്ത്യൻ സാഹചര്യത്തിൽ അനാരോഗ്യകരമായ  “പാൻ ഇസ്ലാമിക്” ചിന്താഗതി വളർത്താൻ ഇത്തരം നിലപാടുകൾ കാരണമായിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്.

നിരുപദ്രവകരമെന്ന് തോന്നുമെങ്കിലും ഇത്തരം പ്രചാരണങ്ങൾ അഭികാമ്യമല്ലാത്ത ഫലങ്ങൾ സൃഷ്ടിക്കുമെന്ന് കാണാം. പ്രധാനമായി സൂക്ഷ്മമായ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ ഇത്തരം പ്രചരണങ്ങൾ കാരണമാകും. എന്തൊക്കെ ന്യായീകരണം പറഞ്ഞാലും മുസ്ലിം പാർട്ടികളുടെ “സാമ്രാജ്യത്വ വിരോധവും” ഇറാക്കിനോടും, ഫലസ്തീനോടുമുള്ള അനുകമ്പയുമൊക്കെ മതേതര അടിത്തറയിലാണെന്ന് ഇതര സമുദായക്കാർ കണക്കാക്കാൻ സാധ്യത കുറവാണ്.

ഇവിടെ കൂടെ ജീവിക്കുന്ന തങ്ങളേക്കാൾ ഇവർക്ക് ഇറാക്കിലേയും ഫലസ്തീനിലേയും ജനങ്ങളോടാണോ മമത എന്ന് ഇതര സമുദായക്കാർ ശങ്കിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. ഏറ്റവും മർമ്മപ്രധാനമായ വസ്തുത ഈ കോലാഹലങ്ങൾ കൊണ്ടൊന്നും ഇറാക്കിലേയോ ഫലസ്തീനിലേയോ ജനങ്ങൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല എന്നതാണ്! സൗദി അറേബ്യയോ പാക്കിസ്ഥാനോ ഈജിപ്തോ എടുക്കാത്ത സാമ്രാജ്യത്വ വിരുദ്ധ നടപടികൾ 10% മുസ്ലിം ജനസംഖ്യ മാത്രമുള്ള ഇന്ത്യയെക്കൊണ്ട് എടുപ്പിക്കാൻ അത്ര വാശി പിടിക്കേണ്ടതുണ്ടോ?

സമാനമായ കാര്യമാണ് ബാബരി മസ്ജിദ് ധ്വംസന വിഷയത്തിലുമുണ്ടായിട്ടുള്ളത്. ഉത്തർപ്രദേശിലെ അയോധ്യയിൽ നടന്ന സംഭവത്തിൽ അതുമായി യാതൊരു ബന്ധവും പങ്കുമില്ലാത്ത കേരളത്തിലെ ഹിന്ദു സമുദായത്തെ വെല്ലു വിളിക്കുകയും അത് വഴി കേരളത്തിൽ നിലനിന്നിരുന്ന സാമുദായിക സൗഹാർദ്ദം താറുമാറാക്കുകയും ചെയ്ത മൗലവിയുടെ കഥ നമുക്കറിയാവുന്നതാണ്. ഇവിടെയും മതരാഷ്ട്രീയക്കാരുടെ വകതിരിവില്ലായ്മയാണ് പ്രകടമാകുന്നത്.

തീർച്ചയായും ലോകമുസ്ലിങ്ങളോട് ഐക്യദാർഢ്യം പുലർത്തേണ്ടത് ആവശ്യം തന്നെ. പക്ഷേ ഇത് അവരവരുടെ പരിമിധികൾക്കകത്ത് നിന്ന് കൊണ്ടും അവർക്കായി പ്രാർത്ഥിച്ച് കൊണ്ടുമാണ് നടത്തേണ്ടത്. എന്നാൽ മതപണ്ഡിതന്മാരും മതസംഘടനകളും രാഷ്ട്രീയത്തിലിടപെടുകയും മതവികാരം അടിസ്ഥാനപ്പെടുത്തിയുള്ള വിഷയങ്ങൾ രാഷ്ട്രീയവൽക്കരിക്കുകയും ചെയ്താലുണ്ടാകുന്ന അപകടമാണ് ഇവിടെ നാം കാണുന്നത്. അത് കൊണ്ട് തന്നെ ഇനിയെങ്കിലും ഇറാക്കിനേയും ഫലസ്തീനെയുമൊക്കെ വിറ്റ് കാശാക്കാൻ നോക്കുന്നതിന് മുമ്പ് മതപാർട്ടികൾ ഒന്ന് പുനർവിചിന്തനം നടത്തുന്നത് നന്നായിരിക്കും.

2 comments:

  1. ഗംഭീരം സത്യസന്തമായ ഒരു അഭിപ്രായ പ്രകടനം അഭിനന്ദനങ്ങള്‍

    ReplyDelete

  2. Thank you for the auspicious writeup. It in fact was a amusement account it. Look advanced to far added agreeable from you! By the way, how can we communicate? capitalone com login

    ReplyDelete