Friday, April 29, 2011

മത-പ്രായോഗിക വിഭജനം – സമസ്ത പണ്ഡിതന്റെ വീക്ഷണം.

സുന്നികളിലെ പ്രമുഖ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ പ്രമുഖ നേതാവായിരുന്ന അന്തരിച്ച നാട്ടിക വി. മൂസ മുസലിയാരുടെ മത-പ്രായോഗിക വിഭജനത്തെക്കുറിച്ച ശ്രദ്ധേയമായ ഒരു നിരീക്ഷണമാണ് താഴെക്കൊടുക്കുന്നത്. സുന്നികളുടെ അടിസ്ഥാന വീക്ഷണമാണ് മതസംഘടനകൾ രാഷ്ട്രീയത്തിലിടപെടരുതെന്ന് ഈ നിരീക്ഷണം വ്യക്തമാക്കുന്നു.

  

മർഹൂം നാട്ടിക വി. മൂസ മുസലിയാർ (ഒരു പ്രഭാഷണത്തിലെ ഭാഗം)

ഇബാദത്തുകളൊക്കെ അതിന്റെ ഒറിജിനൽ രീതിയിൽ തന്നെ നടത്തണം. മാറ്റത്തിരുത്തലുകൾ വരുത്താതെ, തനിമ നഷ്ടപ്പെടാതെ ഒറിജിനൽ രീതിയിൽത്തന്നെ നിലനിർത്തേണ്ടതാകുന്നു. ഈ രീതിയിലുള്ള മായം ചേർക്കുന്ന സമീപനത്തെ തിരുത്താൻ വേണ്ടിയാണ് കേരളത്തിൽ സുന്നത്ത് ജമാഅത്തിന്റെ മുഖ്യധാരയാകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിക്കപ്പെട്ടതും ഇന്ന് വരെ നിലനിൽക്കുന്നതും. അതു കൊണ്ട് സുന്നി വിശ്വാസികളായ എല്ലാവരും അഭിപ്രായ വ്യത്യാസം മറന്ന് സമസ്തയോട് സഹകരിക്കണമെന്നാണ് നമ്മുടെ അഭ്യർത്ഥന. ആശയപ്പൊരുത്തമില്ലാത്തവർക്ക് സഹകരിക്കാൻ പ്രയാസമുണ്ടാകും. ആശയപ്പൊരുത്തമുള്ളവരൊക്കെ സഹകരിക്കും. സുന്നിവിശ്വാസികളായ ആളുകൾ ഒരിക്കലും മാറിച്ചിന്തിക്കേണ്ട കാര്യമില്ല. ദൗർഭാഗ്യവശാൽ ഈയിടെ ചില സഹോദരന്മാർ മാറിച്ചിന്തിക്കുന്ന ചുറ്റുപാടുണ്ടായിട്ടുണ്ട്. അവർ സമസ്തയെക്കുറിച്ച് രണ്ട് ആക്ഷേപമാണ് പറഞ്ഞത്. സത്യത്തിൽ അവ രണ്ടും ഇപ്പോൾ ഫലത്തിൽ ഇല്ലാതായിട്ടുണ്ട്. ഇനി നിങ്ങൾ യോജിക്കാനുള്ള മാർഗ്ഗം കണ്ടെത്തിയാൽ മതി, ദുരഭിമാനം ഒഴിവാക്കുകയും വേണം.

ആ രണ്ട് ആക്ഷേപങ്ങളിലൊന്ന്, സമസ്തയെ രാഷ്ട്രീയവൽക്കരിച്ചുവെന്നതാണ്. സമസ്തക്കാരൊക്കെ ലീഗിന്റെ കൂടെയാണെന്ന്. എന്നെപ്പോലുള്ളവരെയൊക്കെ കാണുമ്പോൾ ചിലർക്ക് അത് ശരിയല്ലേ എന്ന് തോന്നും.

എന്നാൽ ഞങ്ങൾ പറയുന്നത്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നത് നൂറു ശതമാനവും ഒരു മതസംഘടനയാണ്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നൂറു ശതമാനവും ഒരു പൊളിറ്റിക്കൽ സൊസൈറ്റിയാണ്. അത് കൊണ്ട് രണ്ടിന്റെയും പ്രവർത്തന മേഖല രണ്ടാണ്.
ഉദാഹരണം, കേരളത്തിലേറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ജനകീയാസൂത്രണ പ്രസ്ഥാനം. ഇനി ഞങ്ങൾ ചർച്ച ചെയ്യാൻ പോവുകയാണ്, നീർത്തടാകാധിഷ്ഠിത വികസനം. സമസ്ത മുശാവറ ഇന്നു വരെ അതിനെക്കുറിച്ചാലോചിച്ചിട്ടില്ല. കാരണമത് സമസ്തയുടെ പ്രവർത്തന മേഖലയിൽപ്പെട്ടതല്ല.

മറ്റൊന്ന് കേരളത്തിലേറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയമാണ്  “ഫാഇലിനെ” നെ പറയാതെ ത്വലാഖ് ചൊല്ലിയാൽ ത്വലാഖ് പോകുമോ ഇല്ലേ. വാദപ്രതിവാദം വരെയുണ്ടായതാണ്. മുസ്ലിം ലീഗിന്റെ ഏതെങ്കിലുമൊരു നാഷനൽ എക്സിക്യൂട്ടീവോ പ്രവർത്തക സമിതിയോ സെക്രട്ടേറിയേറ്റോ ചേർന്നിട്ട്, “ഫാഇലിനെ” നെ പറയാതെ ത്വലാഖ് പോകുമെന്നും ഇല്ലെന്നും ലീഗുകാർ ഇതു വരെ പറഞ്ഞിട്ടില്ല. കാരണമത് ലീഗിന്റെ പ്രവർത്തന മേഖലയിൽ പെട്ടതല്ല.

ഞാൻ രണ്ടിനും രണ്ട് ഉദാഹരണം പറഞ്ഞതാണ്. അപ്പോൾ രണ്ടും രണ്ട് തരത്തിലുള്ള സംഘടനകളാണ്. രണ്ടിന്റെയും പ്രവർത്തന മേഖല രണ്ടാണ്. രണ്ടിന്റെയും സഞ്ചാരപഥം രണ്ടാണ്. ഇതാർക്കും മനസ്സിലാകുന്നതാണ്. ബസ്സും കാറും ലോറിയും ജീപ്പും സഞ്ചരിക്കുന്നത് റോഡിലൂടെയാണ്. ട്രെയിനും ഗുഡ്സുമൊക്കെ സഞ്ചരിക്കുന്നത് റെയിൽപ്പാളത്തിലൂടെയാണ്. അതിനിടക്ക് ഒരാൾ വന്ന്, “മാന്യ മഹാജനങ്ങളേ, ട്രെയിനിതാ എടവണ്ണപ്പാറ അങ്ങാടിയിലൂടെ പോകുന്നു” എന്നു പറഞ്ഞപ്പോൾ കുറച്ച്  കുട്ടികളൊക്കെ ഇദ്ദേഹത്തെ തക്ബീർ ചൊല്ലി പ്രോൽസാഹിപ്പിച്ചു. നാം പറഞ്ഞു ‘പൊന്നാര ഹബീബേ, അങ്ങനെയുണ്ടാവില്ല. കാരണം രണ്ടും രണ്ട് വഴിക്കാണ് പോകുന്നത്.’

രണ്ടിന്റെയും പ്രവർത്തന മേഖല രണ്ടാണെങ്കിൽ ഇവ രണ്ടും തമ്മിലുള്ള “നസബ” (ബന്ധം) എന്താണ്? മുസലിയാർമാർക്ക് നസബ നാല് വിധമാണ്. അതിനാണ് കിതാബോതുന്നത്. പ്രായോഗിക ജീവിതത്തിൽ ഒരു വിഷയത്തെ അഭിമുഖീകരിക്കുമ്പോൾ ഓതിയത് അവിടെ മാ റ്റുരച്ച് നോക്കണം. ഈ രണ്ട് സംഘടനകൾ തമ്മിലുള്ള നസബ നാലാലൊരു നസബയായിരിക്കും. ഒന്നുകിൽ “തബായുൻ കുല്ലി” അല്ലെങ്കിൽ “തസാവീ” അതല്ലെങ്കിൽ “മിൻ വജ്ഹ്” അതുമല്ലെങ്കിൽ “മുത്‌ലഖ്”. ഇവിടെ ഞങ്ങൾ തബായുനോ മുസാവാത്തോ അവകാശപ്പെടുന്നില്ല. മറിച്ച്  “മിൻ വജ്ഹ്” ആണ്. “ഇജ്തിമാഅ്” ന്റെ “മാദ്ദ” യും രണ്ട് “ഇഫ്തിറാക്” ന്റെ “മാദ്ദ” യുമുണ്ടാകും. ഞാനൊക്കെ ആ “ഇജ്തിമാഅ്” ന്റെ മാദ്ദ യിൽപ്പെട്ടതാണ്.

ഇത് 1926-ൽ വരക്കൽ മുല്ലക്കോയ തങ്ങൾ സമസ്ത സ്ഥാപിക്കുമ്പോൾ 1906-ൽ ജിന്നാ സാഹിബ് സ്ഥാപിച്ച ഇരുപത് വയസ്സുള്ള ലീഗുണ്ടിവിടെ. ഈ നസബ അന്നു മുതൽ ഇന്നു വരെയുള്ള നസബയാണ്. വിമർശകർ സമസ്തയിലേക്ക് വരുന്നതിന് മുമ്പുള്ള നസബയാണ്. അവർ സമസ്തയിൽ വന്ന് സമസ്തയുടെ ഭാരവാഹികളാകുമ്പോഴുള്ള നസബയാണ്. ഇന്നുള്ള നസബയാണ്. വീണ്ടും അവർക്ക് സമസ്തയിലേക്ക് വരാനുള്ള മനസ്സുണ്ടായാൽ തുടരാനുദ്ദേശിക്കുന്ന നസബയാണ്.

ഇനി ‘നസബ’യിൽ നിന്ന് മാറി നാടൻ ഭാഷയിൽ പറയാം. ഈ രണ്ട് സംഘടനയും തമ്മിലുള്ള ബന്ധമെന്താണെന്നറിയാമോ? ചിലയാളുകൾക്ക് ദ്വയാംഗത്വമുണ്ട്. നേതാക്കളിൽ ചിലർക്കും അനുയായികളിൽ പലർക്കും. സ്ഥാപിച്ച കാലം മുതൽ ഇന്ന് വരെയുള്ളതാണ് ഈ ബന്ധം. ദ്വയാംഗത്വമുള്ള നേതാക്കളിൽ ചിലരായിരുന്നു ബാഫഖി തങ്ങൾ, പൂക്കോയ തങ്ങൾ തുടങ്ങിയവർ. അനുയായികളിൽ പലർക്കുമുണ്ട്. ഞങ്ങളൊക്കെ അതിൽപ്പെട്ടവരാണ്. ഇല്ലാത്തവരുമുണ്ട്. അത് കൊണ്ടാണ് ‘പലർ’, ‘ചിലർ’ എന്നൊക്കെ പറഞ്ഞത്. അപ്പോൾ അപ്പേരിൽ സമസ്തയെ വിമർശിക്കേണ്ട ഒരാവശ്യവുമില്ല. വിമർശനമൊക്കെ ഒഴിവാക്കിയിട്ട് നല്ല നിലക്ക് ഒത്തൊരുമിച്ച് പോകാനുള്ള വഴിയെക്കുറിച്ചാലോചിക്കുകയാണ് വേണ്ടത്.

3 comments:

  1. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!

    ReplyDelete
  2. നാട്ടിക വി മൂസ മുസലിയാര്‍ (നവ്വ.മ)സ്വാത്തികനായ പണ്ഡിത വരേണ്യര്‍, തന്റെ ജീവിതം മുഴുവനും സമുദായത്തിനും ദീനിനും വേണ്ടി സമര്പിച്ച് യുവത്വത്തില്‍ തന്നെ ഇഹലോക വാസം വെടിഞ്ഞ മഹാനായ പണ്ഡിതന്‍......അല്ലാഹുവേ അദ്ദേഹത്തിന്റെ ഖബര്‍ നീ വിശാലമാക്കി കൊടുക്കണേ.....അദ്ദേഹത്തിന്‍റെ പാപങ്ങള്‍ നീ പൊറുക്കേണെമേ

    ReplyDelete