Sunday, May 1, 2011

മതസംഘടനകളുടെ രാഷ്ട്രീയ പ്രവേശനം – സുന്നി വീക്ഷണം

കാന്തപുരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വന്ന രണ്ട് വാർത്തകൾ കൊടുക്കുന്നു. ഇരു വിഭാഗം സുന്നികളും മതസംഘടനകളുടെ രാഷ്ട്രീയ പ്രവേശനത്തെ എതിർക്കുന്നതിൽ നിന്ന്  (മുജാഹിദുകളുടെ വീക്ഷണവും ഇതാണ്) ഇത് അഹ്‍ലുസ്സുന്നത്തിന്റെ ഏകകണ്ഠമായ അഭിപ്രായമാണെന്നും രാഷ്ട്രീയ ഇസ്ലാമിന് ആദർശപരമായ അടിത്തറയില്ലെന്നും വ്യക്തമാകുന്നു.  അതോടൊപ്പം രാഷ്ട്രീയ ഭൗതിക രംഗങ്ങളിൽ സമുദായത്തിന് നേതൃത്വം നൽകാൻ (മതവിശ്വാസികളായ) സെക്കുലർ വിഭാഗം മുന്നിട്ടിറങ്ങണമെന്നും ഇല്ലെങ്കിൽ ആ സ്ഥാനം മതരാഷ്ട്രവാദികളും  കമ്മ്യുണിസ്റ്റുകളും നിരീശ്വരവാദികളും കൈയടക്കുമെന്ന് കൂടി തിരിച്ചറിയേണ്ടതുണ്ട്.  (ഈ വാർത്ത പടച്ചത് തന്നെയും  പ്രസ്തുത വിഭാഗങ്ങളുടെ ഐക്യ വേദിയായ മാധ്യമത്തിന്റെ സുന്നികളെ ഭിന്നിപ്പിക്കാനുദ്ദേശിച്ച് കൊണ്ടുള്ള തന്ത്രമാണ്.)

കാന്തപുരത്തിന്റെ പ്രസ്താവന സ്വാഗതാർഹം: എസ് വൈ എസ്

സുന്നികൾക്ക് പ്രത്യേക രാഷ്ട്രീയപാർട്ടിയും സമ്മർദ്ദഗ്രൂപ്പും ഉണ്ടാക്കുമെന്ന ആൾ ഇന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസലിയാരുടെ പ്രസ്താവന ആശയവിയോജിപ്പോടെ സ്വാഗതം ചെയ്യുന്നതായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറിമാരായ പിണങ്ങോട് അബൂബക്കർ തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആശീർവാദത്തോടെ സുന്നി യുവജന സംഘം രാഷ്ട്രീയ സംഘടനയായി പരിവർത്തിക്കണമെന്ന എ.പി. അബൂബക്കർ മുസലിയാരുടെ 1979 ലെ നിവേദനം സമസ്ത നിരാകരിക്കുകയായിരുന്നു. 28-7-1979 ൽ അബ്ദുപ്പു മുസലിയാരുടേയും 29-11-1979 ൽ ഉള്ളാൾ അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങളുടേയും അധ്യക്ഷതയിൽ ചേർന്ന യോഗം സമസ്ത രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ലെന്നും പ്രത്യേക രാഷ്ട്രീയ പക്ഷം പാടില്ലെന്നും അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ട്.

രാഷ്ട്രീയ സാധ്യതകളും  സൗകര്യങ്ങളും ആഗ്രഹിക്കൽ മതപണ്ഡിതരുടെ ധർമ്മമല്ലെന്നും ഉലമാക്കൾ മതപ്രവർത്തനത്തിലൊതുങ്ങണമെന്നുമായിരുന്നു സമസ്തയുടെ തീരുമാനം. എന്നാൽ പിന്നീട് സമസ്തയിൽ അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കി ചിലരെയും അനുയായികളേയും ചേർത്തു സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകളുടെ ഒത്താശയിലും സഹായത്തിലും ഉപദേശത്തിലും ബദൽസംഘടനകളും പ്രവർത്തനങ്ങളും നടത്തി വരുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 22 വർഷങ്ങളിലും കാന്തപുരം രാഷ്ട്രീയ ഇടപെടലുകൾ നടത്തുകയും രാഷ്ട്രീയ അവസരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ പരസ്യമായി രാഷ്ട്രീയ രംഗപ്രവേശം പ്രഖ്യാപിച്ചത് ആശയപരമായും സമസ്തയുടെ പ്രഖ്യാപിത നയങ്ങളും, വിശുദ്ധ ഇസ്ലാമിന്റെ പ്രവർത്തന പാരമ്പര്യങ്ങൾക്കും വിരുദ്ധമായിട്ടാണെങ്കിലും ഏറെക്കാലം മറച്ചു വെച്ച രഹസ്യവും യഥാർത്ഥ ലക്ഷ്യവും ഇപ്പോഴെങ്കിലും തുറന്നു പറയാൻ തയ്യാറായ കാന്തപുരത്തിന്റെ നിലപാട് സ്വാഗതാർഹമാണെന്നും സമസ്തയുടെ പ്രഖ്യാപിത നയങ്ങളിൽ വിട്ടു വീഴ്ച്ചയില്ലാതെ തികച്ചും മതപരമായി മാത്രം പ്രവർത്തിച്ചു വരുന്ന സമസ്തയെ കൂടുതൽ ശക്തിപ്പെടുത്താനും സ്വീകരിക്കപ്പെടാനും കാന്തപുരത്തിന്റെ പുതിയ വെളിപ്പെടുത്തൽ ഉപകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

വർത്തമാനം (30-04-2011)


രാഷ്ട്രീയപാര്‍ട്ടിരൂപവത്കരണം വാര്‍ത്ത ദുരുദ്ദേശ്യപരം
സമീപഭാവിയില്‍ രാഷ്ട്രീയ സംഘടന രൂപവത്കരിക്കുമെന്ന് കോട്ടക്കലില്‍ നടന്ന ഉലമാ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചതായി മാധ്യമത്തില്‍ വന്ന വാര്‍ത്ത ദുരുദ്ദേശ്യപരവും സത്യവിരുദ്ധവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.


സുന്നീ സംഘടനാ നേതൃത്വം സമുദായ നന്മക്കായി എല്ലാ മേഖലകളിലും ഇടപെടാനുള്ളതാണ്. ഇസ്‌ലാമിന്റ പേരില്‍ മത രാഷ്ട്ര വാദികളും ഈര്‍ക്കിള്‍ പാര്‍ട്ടികളും രംഗത്തുവന്ന് സമുദായത്തെ ശിഥിലമാക്കുകയും തെറ്റിദ്ധാരണ സൃഷ്ടിച്ച് മതസൗഹാര്‍ദവും മതമൈത്രിയും തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ മുഖ്യധാരാ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന പണ്ഡിത സംഘടനയായ സമസ്ത ആവശ്യമായ ഇടപെടലുകള്‍ നടത്തും. ഇതാണ് ഉലമാ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചത്. രാഷ്ട്രീയ സംഘടന രൂപവത്കരിക്കുന്നില്ലെന്ന് പ്രത്യേകം പ്രസ്താവിച്ചിരിക്കേ സത്യത്തിന് നിരക്കാത്ത വാര്‍ത്തകള്‍ മെനഞ്ഞടുണ്ടാക്കുന്നവരും അസത്യം പ്രചരിപ്പിക്കുന്ന സംഘടനകളും സമൂഹത്തില്‍ ഒറ്റപ്പെടുകയല്ലാതെ സത്യത്തിന് ഹാനി സംഭവിക്കുകയില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദത്തെ സമ്മേളനം ശക്തമായി എതിര്‍ത്തതിനാലും ഈ അടുത്തായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് സമൂഹത്തില്‍ ഒറ്റപ്പെട്ടതുകൊണ്ടുമാവാം തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ടവര്‍ മുന്നോട്ടുവന്നതെന്ന് വിലയിരുത്താവുന്നതാണ് -കാന്തപുരം പറഞ്ഞു

മാധ്യമം 04/30/2011

No comments:

Post a Comment