Thursday, June 9, 2011

ഇസ്ലാമും സെക്കുലരിസവും-ചില നിരീക്ഷണങ്ങൾ

കാരോളി


ആധുനിക യുഗത്തിൽ രാഷ്ട്രീയ രംഗത്ത് മിക്ക പരിഷ്കൃത സമൂഹങ്ങളും സ്വീകരിച്ചിട്ടുള്ള നയമാണ് സെക്കുലരിസം. സെക്കുലരിസത്തിന്റെ നിർവ്വചനത്തിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ്/നിരീശ്വരവാദ പ്രസ്ഥാനങ്ങൾ സെക്കുലരിസത്തെ “മതവിരുദ്ധത” യോടാണ് ചേർത്തു വെക്കുന്നത്. മറ്റ് ചിലർ “മത-രാഷ്ട്ര വിഭജനം” എന്നും അർത്ഥം കല്പിക്കുന്നു. എന്നാൽ മതത്തെ മാറ്റി നിർത്തുക എന്നതല്ല സെക്കുലരിസത്തിന്റെ വിവക്ഷ. രാഷ്ട്രീയമുൾപ്പെടെയുള്ള പ്രായോഗിക വിഷയങ്ങളിൽ ശാസ്ത്രീയ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അവിടെ മൗലികവാദം (നിരീശ്വരവാദ പ്രത്യയശാസ്ത്രങ്ങളുൾപ്പെടെ) ബാധകമാക്കരുതെന്നും മാത്രമാണ് അതിന്റെ കാതൽ. രാഷ്ട്രീയത്തിൽ നിന്ന് പൗരോഹിത്യത്തെ നീക്കം ചെയ്ത് മൂല്യങ്ങൾ മാത്രം നില നിർത്തുക എന്നതാണ് അതിന്റെ തേട്ടം.


രാഷ്ട്രീയത്തിൽ നിയമങ്ങൾ ആവശ്യമായതിനാലും നിയമങ്ങൾ മതമൂല്യങ്ങളാൽ ശക്തമായി സ്വാധീനിക്കപ്പെട്ടിട്ടുള്ളതിനാലും സെക്കുലരിസത്തിന്റെ “മത-രാഷ്ട്ര വിഭജനം” എന്ന സങ്കൽപനം അബദ്ധമാണെന്ന് കാണാൻ കഴിയും. പ്രായോഗിക വിഷയങ്ങളിൽ ശാസ്ത്രീയ സമീപനമാണ് സ്വീകരിക്കേണ്ടതെന്നതാണ് ഇതിന്റെ അടിസ്ഥാനമെന്നതിനാൽ കൂടുതൽ കൃത്യമായ നിർവ്വചനം “മത-ശാസ്ത്ര” വിഭജനമെന്നായിരിക്കും. മത-ശാസ്ത്ര വിഭജനത്തെ ഇസ്ലാം അംഗീകരിക്കുന്നുവെന്നത് സുവിദിതമാണ്. ഈ വിഷയത്തിൽ മുസ്ലിം ഉദ്ധരിച്ച പ്രശസ്തമായ ഒരു റിപ്പോർട്ട് പ്രസക്തമാണ്.

“മതപരമായ കാര്യങ്ങളിൽ മാത്രമേ നബിയെ പിന്തുടരേണ്ടതുള്ളു, ലൗകിക കാര്യങ്ങളിലല്ല” എന്ന തലക്കെട്ടുള്ള അധ്യായത്തിലാണ് ഈ ഹദീസുള്ളത്. ഹദീസ് ഇപ്രകാരമാണ്: ഒരിക്കൽ നബി ഈത്തപ്പനകളിൽ കൃത്രിമപരാഗണം നടത്തുന്ന ചിലരെ കണ്ടു. “ഇത് കൊണ്ട് അവർക്ക് എന്തെങ്കിലും ഗുണം കിട്ടുമെന്ന് കരുതുന്നില്ല” എന്ന് അവിടുന്ന് പറയുകയുണ്ടായി. ഇത് കേട്ട അവർ പ്രസ്തുത നടപടി നിർത്തി വെച്ചു. എന്നാൽ അടുത്ത വർഷം വിളവ് മോശമായിരുന്നു. ഇതറിഞ്ഞപ്പോൾ നബി പറഞ്ഞു: “നിങ്ങളുടെ ഭൗതികകാര്യങ്ങൾ കൂടുതലറിയാവുന്നത് നിങ്ങൾക്ക് തന്നെയാണ്. എന്നാൽ ഒരു കാര്യം മതപരമാണെങ്കിൽ അത് എനിക്കുള്ളതാണ്.” (മുസ്ലിം)

പ്രമുഖ ഇന്ത്യൻ മുസ്ലിം പണ്ഡിതനായ മൗലാനാ വഹീദുദ്ദീൻ ഖാൻ ഈ ഹദീസിനെ പരാമർശിച്ചു കൊണ്ടു പറയുന്നു: “ചരിത്രത്തിലാദ്യമായി ഇസ്ലാം മതവിജ്ഞാനത്തെയും ഭൗതിക വിജ്ഞാനത്തെയും വേർതിരിച്ചു. മത വിജ്ഞാനത്തിന്റെ ഉറവിടം ദിവ്യവെളിപാട് മാത്രമാണെങ്കിൽ ഭൗതിക പ്രതിഭാസങ്ങളെക്കുറിച്ച് സ്വതന്ത്രമായ പഠനത്തിനും അഭിപ്രായരൂപീകരണത്തിനും പൂർണ്ണസ്വാതന്ത്ര്യം നൽകപ്പെട്ടിരിക്കുന്നു.

ഈ ഹദീസനുസരിച്ച് ഇസ്ലാം മതകാര്യങ്ങളെ ശാസ്ത്രഗവേഷണത്തിൽ നിന്ന് വേർതിരിച്ചിരിക്കുന്നു. മതകാര്യങ്ങളിൽ ദൈവിക നിർദ്ദേശമനുസരിച്ച് മാത്രം പ്രവർത്തിക്കണം. എന്നാൽ ശാസ്ത്ര ഗവേഷണങ്ങളിൽ പ്രായോഗിക പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ മുമ്പോട്ട് പോകണം. ഈ വീക്ഷണമാണ് ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവത്തിന് വഴിയൊരുക്കിയത്” [1]

അതിനാൽ ഏതെങ്കിലും കാര്യത്തെ മൗലികവാദപരമായല്ലാതെ യുക്തിയുടെ അടിസ്ഥാനത്തിൽ മാത്രം കാണുന്നതിനെയാണ് സെക്കുലരിസമെന്ന് പറയുന്നതെങ്കിൽ ആ ആശയം ഇസ്ലാം മുമ്പോട്ട് വെക്കുന്നുവെന്നാണ് ഗ്രന്ഥകാരൻ അവകാശപ്പെടുന്നത്. ഇസ്ലാമിന്റെ ആദ്യകാലത്ത് ശാസ്ത്രമേഖലയിലുണ്ടായ വൈജ്ഞാനിക വിപ്ലവം ഇതിന് സാക്ഷ്യം വഹിക്കുന്നു. സെക്കുലരിസത്തിന്റെ മുഖ്യ ഉപജ്ഞാതാവ് മുസ്ലിം ദാർശനികനായ ഇബ്ന് റുഷ്ദ് (അവെറോസ്) ആണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ആധുനിക-പൗരാണിക സമൂഹങ്ങൾ തമ്മിലുള്ള വേർതിരിവ് മത-ശാസ്ത്ര വിഭജനത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവിച്ചത്. പണ്ട് കാലത്ത് രാജാക്കന്മാർ ദിവ്യത്വമോ ദൈവത്തിന്റെ പ്രാതിനിധ്യമോ അവകാശപ്പെട്ടിരുന്നു. മധ്യ കാലഘട്ടത്തിൽ യൂറോപ്പിൽ ക്രിസ്തു മത പൗരോഹിത്യമാണ് ആ പങ്ക് വഹിച്ചിരുന്നത്. എന്നാൽ ശാസ്ത്ര ചിന്തയുടെ ആഗമനത്തോടെയാണ് ഈ സ്ഥിതി മാറിയത്. ശാസ്ത്രീയമായ അടിത്തറയിൽ മാത്രം കാര്യങ്ങൾ കാണുന്ന നിലപാടിലേക്ക് ലോകം നീങ്ങി. ബുദ്ധിക്കും ചിന്തക്കും ഊന്നൽ നൽകുന്ന ഇസ്ലാമിനോട് നീതി പുലർത്തുന്നതാണ് ഇത്. അത് കൊണ്ട് തന്നെ “മത-ഭൗതിക സമന്വയം” എന്നൊക്കെയുള്ള ആശയങ്ങളുമായി രംഗത്ത് വന്നിട്ടുള്ള ഇന്നത്തെ ചില പുതിയ വിഭാഗങ്ങൾ പൗരോഹിത്യത്തെ തിരിച്ചു കൊണ്ട് വരുന്നതിനുള്ള പരിശ്രമമാണ് നടത്തുന്നത്.

സെക്കുലരിസത്തിൽ മൂല്യങ്ങളും മൗലികവാദപരമായല്ല, മറിച്ച് പ്രായോഗികതയുടെ അടിസ്ഥാനത്തിലാണ് സ്വീകരിക്കപ്പെടുന്നതെന്നത് ഒരു സത്യമാണ്. എന്നാൽ ഇസ്ലാമിക മൂല്യങ്ങൾ പ്രായോഗികമാണ് എന്ന് വിശ്വസിക്കുന്ന ഒരാൾക്ക് ഇതിൽ വേവലാതിപ്പെടേണ്ട കാര്യമില്ല. മാത്രമല്ല ഇസ്ലാം വിശ്വാസ സ്വാതന്ത്ര്യത്തെ അതിന്റെ സുപ്രധാന അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നതിനാൽ പൊതു രംഗത്ത് അതിന്റെ മൂല്യങ്ങൾ അടിച്ചേൽപ്പിക്കുന്ന പ്രശ്നം ഏതായാലും ഉദിക്കുന്നില്ല. മറിച്ച് അവ പ്രബോധനപരമായി പൊതു സമൂഹത്തിന് മുമ്പിൽ (സദാചാരമൂല്യങ്ങളായും നിയമനിർമ്മാണത്തിനും) സമർപ്പിക്കാനുള്ള ദൗത്യമാണ് മുസ്ലിങ്ങൾക്കുള്ളത്. മറ്റുള്ള ആദർശക്കാർക്കും അതിനുള്ള അവകാശമുണ്ടെന്ന് കൂടി അംഗീകരിക്കപ്പെടേണ്ടതുണ്ട്. പൊതു സമൂഹം യഥാർത്ഥത്തിൽ അംഗീകരിക്കുന്ന സെക്കുലർ നിയമങ്ങളെ ബഹുമാനിക്കുന്നത് ഈയടിസ്ഥാനത്തിലാണ്.

ഇസ്ലാമിന്റെ രാഷ്ട്രീയ വീക്ഷണം “ഇസ്ലാമിസം” അഥവാ “ഇസ്ലാമിക ഭരണ”മാണെന്ന ചിലരുടെ അവകാശവാദം ഈ യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല. ഇസ്ലാം എന്തെങ്കിലും ലക്ഷ്യം വെക്കുന്നുണ്ടെങ്കിൽ അത് വിശ്വാസ സ്വാതന്ത്ര്യമാണ്. ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല യുദ്ധങ്ങൾ ന്യായീകരിക്കപ്പെടാറ് അവ വിശ്വാസ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളവയായിരുന്നുവെന്നാണ്. വിശ്വാസ സ്വാതന്ത്ര്യമാകട്ടെ സെക്കുലരിസത്തിന്റെ അടിത്തറയായംഗീകരിക്കപ്പെട്ട മൂല്യമാണ്. അത് കൊണ്ട് തന്നെ ഇസ്ലാമിന്റെ രാഷ്ട്രീയ വീക്ഷണം സെക്കുലരിസമാണെന്ന് കരുതാവുന്നതാണ്.

മത-ശാസ്ത്ര വിഭജനത്തെ പിന്താങ്ങുന്ന നിരവധി ഇസ്ലാമിക കാഴ്ച്ചപ്പാടുകളുണ്ട്. ദൈവികവെളിപാട് സംഭവിച്ചത് മത കാര്യങ്ങൾ പഠിപ്പിക്കാൻ മാത്രമായിരുന്നെന്ന ഇസ്ലാമിക കാഴ്ച്ചപ്പാട് ഒരു ഉദാഹരണമാണ്. അതേ പോലെ രാഷ്ട്രനിർമ്മിതിക്കാവശ്യമായ സമഗ്രമായ ജനാധിപത്യ മൂല്യങ്ങൾ മുമ്പോട്ട് വെക്കുമ്പോഴും ഇസ്ലാം മൗലികവാദപരമായി രാഷ്ട്രീയത്തെ സമീപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഉദാഹരണത്തിന് നബിയുടെ വിയോഗത്തിന് ശേഷം നേതാവിനെ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് പോലും ഇസ്ലാം മതവിധി നൽകിയിട്ടില്ല. ചിലർ ഇതിനെ ഇസ്ലാമിന്റെ ന്യൂനതയായി കൽപിക്കാറുണ്ടെങ്കിലും ഇസ്ലാമിന്റെ രാഷ്ട്രീയ വീക്ഷണത്തിന്റെ ഈ സവിശേഷത മനസ്സിലാക്കാത്തത് കൊണ്ടാണ് ഇത്.

ഈത്തപ്പന പരാഗണത്തെക്കുറിച്ചുള്ള മേൽ ഹദീസ് തന്നെ ശ്രദ്ധിക്കുക. ശാസ്ത്രത്തെ വേറിട്ട് കാണുന്നതിന് പുറമെ പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ഒരു സുപ്രധാന വീക്ഷണവും അത് സൂചിപ്പിക്കുന്നുണ്ട്. ഇതും മത-ശാസ്ത്ര വിഭജനത്തിന് കൂടുതൽ അടിത്തറ നൽകുന്നതത്രെ. അതായത് മുസ്ലിങ്ങളെ സംബന്ധിച്ച് പ്രത്യയശാസ്ത്രം അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയോടെ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. ഇനി അവർക്ക് നൂതനത്വം ശാസ്ത്രത്തിൽ മാത്രം പരിമിതമാണ്. ഇത് മറ്റിടങ്ങളിൽ കൂടുതൽ വ്യക്തമാക്കപ്പെടുന്നുണ്ട്.

"ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരുകയും ചെയ്തിരിക്കുന്നു" (5:3)

"നബി (സ്വ) പറഞ്ഞിരിക്കുന്നു. നമ്മുടെ ഇക്കാര്യത്തിൽ (മതത്തിൽ) അതിലില്ലാത്ത ഒന്ന് ആരെങ്കിലും പുതുതായുണ്ടാക്കിയാൽ അത് നിരാകരിക്കപ്പെടേണ്ടതാണ്". (ബുഖാരി, മുസ്ലിം)

ഇത് കേവലം പൗരോഹിത്യത്തിന്റെ നിഷേധം മാത്രമല്ല, ഇസ്ലാമേതര പ്രത്യയശാസ്ത്രങ്ങളുടെയും-മാർക്സിസം പോലുള്ള രാഷ്ട്രീയ ലാക്കുള്ളവയുൾപ്പെടെ- നിരാകരണമാണ്. ഒപ്പം അത് മുസ്ലിങ്ങളുടെ നേതൃത്വ സങ്കൽപ്പത്തെയും നിർവ്വചിക്കുന്നു. ഇനി മുതൽ ഇസ്ലാമിൽ ആദർശ രംഗത്ത് “ചരിത്ര സംഭവങ്ങളായ” പ്രത്യയശാസ്ത്ര സൈദ്ധാന്തികന്മാരെ പ്രതീക്ഷിക്കപ്പെടുന്നില്ല, മറിച്ച് ശാസ്ത്രജ്ഞരെയും സാമൂഹിക ശാസ്ത്രജ്ഞരെയും മാത്രം. 


[1]  Islam: creator of the modern age, Maulana Wahiduddin Khan

(തുടരും)

1 comment:

  1. >>ഇസ്ലാം എന്തെങ്കിലും ലക്ഷ്യം വെക്കുന്നുണ്ടെങ്കിൽ അത് വിശ്വാസ സ്വാതന്ത്ര്യമാണ്<<
    ഇതെന്തുമാത്രം ശരിയാണ്? പൊതുവേ മതാചാര കാര്യങ്ങളില്‍ കൂടുതല്‍ നിഷ്തകള്‍ ഉള്ളത് ഇസ്ലാം വിശ്വാസതിലല്ലേ. അടിസ്ഥാന 5 പ്രമാണങ്ങള്‍ പാലിക്കാത്തവന്‍ ഇസ്ലാമല്ല എന്ന്‍ ബ്ലോഗില്‍ തന്നെ പലയിടത്തും എഴുതിക്കന്റിട്ടുന്റ്റ്. മതം ഉപേക്ഷിച്ചു പോകുന്നവര്ക്ക്എ ദൈവം തന്നെ ശിക്ഷയോരുക്കുമെന്നും പലരും പരഞ്ഞുകെട്ടിട്ടുമുന്റ്റ്.
    വിശ്വാസകാര്യങ്ങളില്‍ ഏറ്റവുമധികം അയവ് കണ്ടിട്ടുള്ളത് ഹിന്ടുക്കല്ക്കിയടയിലാണ്.

    ReplyDelete