Saturday, February 4, 2012

തിരുമുടി – ഒരു മിതവാദ വീക്ഷണം


കാരോളി


മുടി ഏഴായി കീറുക എന്നൊക്കെ കേട്ടിട്ടുണ്ട്. ഉദാഹരണത്തിന് മഹ്ശറയിൽ നരകത്തിന് മേലെ കെട്ടിയ ഏഴായിക്കീറിയ ഒരു മുടിനാരിന് മുകളിലൂടെയാണ് വിശ്വാസികൾ സ്വർഗ്ഗത്തിലേക്ക് കടന്ന് പോകേണ്ടതെന്നാണ് ഇസ്ലാമിക വിശ്വാസം. എന്നാൽ  സ്വർഗ്ഗത്തിലേക്കുള്ള ഒരു മുടി കേരളത്തിലെ വിശ്വാസികളെ ഏഴായി കീറിയ വർത്തമാന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.

 മുടിയെ അടിമുടി അനുകൂലിക്കുന്നവർ ഒരു ഭാഗത്ത്. മുടിയെ തടയാൻ അരയും മുടിയും മുറുക്കി രംഗത്തിറങ്ങിയവർ എതിർഭാഗത്ത്. മുടിക്ക് നിഴലുണ്ടോ ഇല്ലേ എന്ന് ഉറപ്പില്ലാത്തത് കൊണ്ട് മാത്രം മടിച്ച് നിൽക്കുന്നവർ വേറൊരു ഭാഗത്ത്. മുടിയോട് മടുപ്പുണ്ടെങ്കിലും അതിന്റെ പേരിൽ സ്വന്തം രാഷ്ട്രീയ മോഹങ്ങൾ മുടിക്കേണ്ട എന്ന് കരുതി ഉടക്കാൻ നിൽക്കാത്തവർ ഇനിയൊരു ഭാഗത്ത്. ഇങ്ങനെ പോകുന്നു മുടി കൊണ്ട് വന്ന ഡിവിഷൻസ്.

സമുദായത്തിന്റെ ഐക്യം ഒരു മുടിയിൽ തൂങ്ങിക്കിടക്കുന്ന ഈ ദശാസന്ധിയിൽ അവരുടെ പൊതു താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട സെക്കുലർ നേതൃത്വം എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്? മുടിയെ അനുകൂലിക്കണോ പ്രതികൂലിക്കണോ അതോ നിഷ്പക്ഷത പാലിക്കണോ? മുടിവിഷയത്തെ ഒരു അന്ധവിശ്വാസമായി പ്രഖ്യാപിക്കണോ? മുടി കൊണ്ട് വന്ന ഭിന്നതകൾ ഒരു അനിവാര്യതയാണോ? തുടങ്ങിയ ചോദ്യങ്ങൾ പ്രസക്തമാണ്.

ഇവിടെ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത് ഇത് തീർത്തും വിശ്വാസപരമായ ഒരു കാര്യമാണെന്നാണ്. അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ ഏതെങ്കിലും ഒരു പക്ഷം പിടിക്കാൻ സെക്കുലർ നേതൃത്വത്തിന് സാധ്യമല്ല. അത് പോലെ തന്നെ മതപണ്ഡിതന്മാരല്ലാത്തവർ ഇക്കാര്യത്തിൽ ഇടപെടുകയോ അഭിപ്രായ പ്രകടനങ്ങൾ നടത്തുകയോ ആവശ്യമില്ല എന്നുള്ളതാണ് വസ്തുത.

കാന്തപുരം അവർകൾ ആരെയെങ്കിലും നിർബന്ധമായി മുടി കെട്ടിയേൽപ്പിക്കാത്ത കാലത്തോളവും മുടിയെ അംഗീകരിക്കാത്തവർക്ക് വോട്ടില്ല എന്ന് പ്രഖ്യാപിക്കാത്ത കാലത്തോളവും അദ്ദേഹത്തെയും അനുയായികളെയും എതിർക്കാൻ ആർക്കും അർഹതയില്ല. എന്നാൽ ഇക്കാര്യങ്ങളിൽ സംവാദങ്ങൾ അനിവാര്യവും ഇസ്ലാം പ്രോൽസാഹിപ്പിക്കുന്നതുമാണ്. അതേ സമയം മുടിവിഷയത്തെ ഒരു അന്ധവിശ്വാസമായി പ്രഖ്യാപിച്ച് മുടിയനുകൂലികളെ കാഫിറാക്കുന്നവർ സംയമനം പാലിക്കേണ്ടതുണ്ട്. മുടിപ്പള്ളി നിർമ്മിക്കാൻ അനുവദിക്കരുതെന്ന തലത്തിലേക്ക് അവർ പോകുന്നത് വിശ്വാസ സ്വാതന്ത്ര്യത്തിനെതിരാണ്.

വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പ് ആപേക്ഷികമാണെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്. എന്റെ വിശ്വാസം നിങ്ങൾക്ക് അന്ധവിശ്വാസമായിരിക്കാം. അത് പോലെ തിരിച്ചും. ഞാനും നിങ്ങളും പൊതുവായി അംഗീകരിച്ച മാനദണ്ഡങ്ങൾ വെച്ച് മാത്രമേ വിശ്വാസവും അന്ധവിശ്വാസവും നിർണ്ണയിക്കാനാകൂ. വിശ്വാസത്തിന്റെ ഒരു പ്രത്യേകതയാണ് അത്. എന്റെ വിശ്വാസം പ്രബോധനം ചെയ്യാൻ എനിക്ക് അവകാശമുണ്ട്. എന്നാൽ നിങ്ങളുടെ വിശ്വാസം തെറ്റാണെന്ന് വാദിക്കാൻ ഒരു നിർവ്വാഹവുമില്ല.

ഈ വിഷയം തന്നെയെടുക്കുക. ഇവിടെ അത്തരം പൊതുവായ ഒരു മാനദണ്ഡമുണ്ടോ? ഇല്ല. രണ്ട് വിഭാഗത്തിന്റെ പക്കലും തങ്ങളുടെ വാദങ്ങളെ അനുകൂലിക്കുന്ന സഹീഹായ ഹദീസുകൾ തന്നെയുണ്ട്. മാത്രമല്ല, മുടിയെ എതിർക്കുന്ന ആധികാരിക ഇസ്ലാമിന്റെ വക്താക്കളുടെ പ്രമുഖ പണ്ഡിതന്മാർ തന്നെയും നബിയുടെ തിരുശേഷിപ്പുകൾ കൊണ്ടുള്ള തവസ്സുലിനെ അംഗീകരിച്ചിട്ടുണ്ടെന്നതാണ് വസ്തുത. സഹീഹായ ഹദീസുകൾ പോലും ഇവിടെ പൊതുവായ മാനദണ്ഡമല്ലെങ്കിൽ കൂടുതൽ സങ്കീർണ്ണവും ആപേക്ഷികവുമായ "തെളിവുക"ളിൽ കടിച്ച് തൂങ്ങുന്നത് കൊണ്ട് അന്തരീക്ഷം ബഹളമയമാക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.

അതേ സമയം മുടിയെ എതിർത്ത് കൊണ്ട് പുരോഗമന പട്ടം ചമയുന്ന വിഭാഗം നേരിടുന്ന ആശയപരമായ പ്രതിസന്ധി ഇവിടെ പ്രകടമാണ്. ഹദീസുകളുടെ ചരിത്രപരതയെയും അവയുടെ വ്യാഖ്യാനത്തിൽ കൈക്കൊള്ളേണ്ട യുക്തിയേയും നിഷേധിച്ച് മൗലികവാദത്തിൽ ഊന്നുന്നവർ സ്വയം സൃഷ്ടിച്ച പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇതിനർത്ഥം ഹദീസുകൾ ഇക്കാര്യത്തിൽ മാർഗ്ഗനിർദ്ദേശം തരുന്നില്ലെന്നല്ല. എന്നാൽ ഹദീസുകൾ യാഥാർത്ഥ്യത്തെ നിർണ്ണയിക്കുകയല്ല മറിച്ച് യാഥാർത്ഥ്യത്തെ വിവരിക്കുകയാണ് ചെയ്യുന്നതെന്നും അവയെ സംശോധന ചെയ്യാൻ യുക്തി പ്രയോഗിക്കണമെന്നുമുള്ള സത്യം അംഗീകരിക്കേണ്ടതുണ്ട്. അതല്ലാതെ തങ്ങളുടെ വാദഗതി സമർത്ഥിച്ചെടുക്കാൻ മാത്രം എതിരാളികൾ അവലംബിക്കുന്ന ഹദീസുകളുടെ ദുർബല കണ്ണിയും മിസ്സിംഗ് ലിങ്കുമെല്ലാം കണ്ടെത്താൻ മിടുക്ക് കാണിച്ചത് കൊണ്ട് അധികം മുമ്പോട്ട് പോകാനാവില്ല എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.

ഇക്കാര്യത്തിൽ രണ്ടു വീക്ഷണങ്ങളും ഒരേ പോലെ സത്യമാണെന്നോ രണ്ടിലും സത്യമില്ലെന്നോ ഇതിനർത്ഥമില്ല. അത് മനസ്സിലാക്കാൻ ലളിതമായ ഒരു സംഗതി പരിഗണിച്ചാൽ മതി. ഈ വിഷയത്തിൽ സമുദായത്തിന്റെ അവസ്ഥയെ  നമ്മുടെ നാട്ടിലെ ഉദ്ബുദ്ധരായ ഹൈന്ദവ-ക്രൈസ്തവ വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുക. യാതൊരു ഹദീസിന്റെയും പിൻബലമില്ലാതെ തന്നെ അവർക്ക് യാഥാർത്ഥ്യത്തിനോട് കൂടുതൽ അടുത്ത് നിൽക്കാൻ കഴിയുന്നതെങ്ങനെയെന്ന് ചിന്തിക്കുക.

കാരണം വളരെ വ്യക്തമാണ്. യാഥാർത്ഥ്യമെന്നത് മനുഷ്യപ്രകൃതിയിലും പ്രപഞ്ചസത്യങ്ങളിലും അന്തർലീനമാണ്. അത് കൊണ്ട് തന്നെ വിദ്യാഭ്യാസപരമായി മുന്നേറിയ സമൂഹങ്ങൾക്ക് യാഥാർത്ഥ്യത്തിലേക്ക് കൂടുതൽ അടുക്കാൻ കഴിയുന്നു. മക്കാനിവാസികളെ ബഹുദൈവവിശ്വാസത്തിന്റെ നിരർത്ഥകത ബോധ്യപ്പെടുത്താൻ ഖുർആൻ അവലംബിക്കുന്ന രീതി ശ്രദ്ധിക്കുക.

"നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ വേറെ ദൈവമില്ല. അവന്‍ കൃപാനിധിയും ദയാപരനുമാകുന്നു. (ഈ യാഥാര്‍ഥ്യം ബോധിക്കുന്നതിന്ന് വല്ല ദൃഷ്ടാന്തവും വേണമെന്നുണ്ടെങ്കിൽ) വാനലോകത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയിലും രാപ്പകലുകള്‍ ഒന്നിനു പിറകെ ഒന്നായി നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നതിലും മനുഷ്യോപയോഗത്തിനുള്ള വസ്തുക്കളുമായി നദികളിലും സമുദ്രങ്ങളിലും സഞ്ചരിക്കുന്ന കപ്പലുകളിലും അല്ലാഹു മുകളില്‍നിന്നു വര്‍ഷിക്കുന്ന ജലത്തിലും-അതുവഴി നിര്‍ജീവമായ ഭൂമിയെ സജീവമാക്കുകയും (അങ്ങനെ) ഭൂമിയില്‍ സകലവിധ ജീവജാലങ്ങളെയും പരത്തുകയും ചെയ്യുന്നു-കാറ്റുകളെ പായിക്കുന്നതിലും ആകാശഭൂമികള്‍ക്കിടയില്‍ ആജ്ഞാനുവര്‍ത്തിയാക്കി നിര്‍ത്തിയിട്ടുള്ള മേഘങ്ങളിലുമെല്ലാം ഗ്രഹിക്കുന്ന ജനത്തിന് എണ്ണമറ്റ ദൃഷ്ടാന്തങ്ങളുണ്ട്. (പക്ഷേ ദൈവം ഏകനാണെന്ന് സുവ്യക്തമായി വിളിച്ചോതുന്ന ഇത്തരം ദൃഷ്ടാന്തങ്ങളുണ്ടായിട്ടും) ചില ജനം അല്ലാഹുവല്ലാത്ത ചിലരെ അവന്റെ സമന്മാരായി സങ്കല്‍പിക്കുന്നു. അല്ലാഹുവിനെ സ്നേഹിക്കേണ്ടതുപോലെ അവരെ സ്നേഹിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികളാവട്ടെ സര്‍വോപരി അല്ലാഹുവിനെയാണ് സ്നേഹിക്കുന്നത്.”(2:163-164)

നമുക്കും ആ രീതി തന്നെയാണ് ഇക്കാര്യത്തിൽ അവലംബനീയം. മൗലികവാദപരമായ തർക്ക വിതർക്കങ്ങൾ ഒഴിവാക്കി ആധുനിക വിദ്യാഭ്യാസത്തിലൂടെ ജനങ്ങളുടെ ധൈഷണിക നിലവാരം ഉയർത്താൻ പരിശ്രമിക്കുകയാണ് വേണ്ടത്. എങ്കിൽ യാഥാർത്ഥ്യത്തിലേക്ക് അവർ താനേ എത്തിച്ചേർന്നു കൊള്ളും.

2 comments:

  1. ഇപ്പോഴാ‍ണ് ഈ ലേഖനം കണ്ടത്. നിശ്‌പക്ഷമായ വിലയിരുത്തൽ

    ReplyDelete