Tuesday, March 13, 2012

ശരി-തെറ്റുകളെക്കുറിച്ചുള്ള ബിഹേവിയറല്‍ വാദം തിരസ്കരിക്കപ്പെടുന്നു

എൻ.എം.ഹുസൈൻ.

മനുഷ്യനിൽ പൊതുവായ ധാര്‍മികബോധമുണ്ടെന്ന് വിശുദ്ധ ക്വുര്‍ആനും നബിചര്യയും പഠിപ്പിക്കുന്നു. ഇസ്ലാമികാധ്യാപനങ്ങളുടെ അടിസ്ഥാനങ്ങളിലൊന്ന് മനുഷ്യരുടെ ധാര്‍മികബോധത്തെക്കുറിച്ചുള്ള സവിശേഷമായ വീക്ഷണമാണ്. ലോകത്ത് ആഗതരായ പ്രവാചകന്മാരും പരിഷ്കര്‍ത്താക്കളും മഹത് വ്യക്തിത്വങ്ങളും ഇക്കാര്യം അംഗീകരിക്കുന്നു. എന്നാൽ പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകളിൽ മതനിരാസവും ഭൗതികവാദ ചിന്തകളും സജീവമായതോടെ ഈ യാഥാര്‍ഥ്യം നിഷേധിക്കാനുള്ള ശ്രമങ്ങൾ ആംഭിച്ചു. മനുഷ്യര്‍ക്ക് സ്ഥായിയായ ധാര്‍മികബോധമില്ലെന്നും ഓരോകാലത്തും ഓരോ ധര്‍മബോധമാണുണ്ടാവുകയെന്നും ഭൗതികവാദികളായ സാമൂഹികചിന്തകർ വാദിച്ചു. ഈ വീക്ഷണം സമര്‍ഥിക്കാനുള്ള ശാസ്ത്ര-സാമൂഹികശാസ്ത്ര ദര്‍ശനങ്ങളാണ് കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലായി ഉല്‍പാദിപ്പിക്കപ്പെട്ടത്. ആധുനിക വിദ്യാഭ്യാസശാസ്ത്രം ആധാരമാക്കുന്ന സ്കിന്നറുടെ ബിഹേവിയറൽ സങ്കല്‍പങ്ങൾ ഇവയുടെ ഏറ്റവും പരിഷ്കൃത രൂപമാണെന്ന് പറയാം. മതവിരുദ്ധമായ ഇത്തരം ആധുനിക സങ്കല്‍പങ്ങൾ വിദ്യാഭ്യാസരംഗത്ത് എന്തെല്ലാം വിപത്തുകളുണ്ടാക്കിയെന്ന് ഇന്നത്തെ സാമൂഹിക ശാസ്ത്രജ്ഞർ അന്വേഷിക്കുന്നുണ്ട്. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്നും ശരി-തെറ്റ് സങ്കല്‍പങ്ങൾ ഇല്ലാതാക്കാൻ പാഠ്യപദ്ധതിയിൽ വൻ പരിഷ്കാരങ്ങള്‍തന്നെ വരുത്തുകയുണ്ടായി. ശരി-തെറ്റ് എന്നിങ്ങനെയുള്ള ധാരണകൾ അടിസ്ഥാനരഹിതവും അശാസ്ത്രീയവുമാണെന്നും ഓരോ സന്ദര്‍ഭത്തിലും ലാഭകരമായതാണ് ശരിയെന്നും പഠിപ്പിക്കാനാണ് ഒരുകാലത്ത് വിദ്യാഭ്യാസ വിചക്ഷണർ രംഗത്തിറങ്ങിയത്. ഇതേ ധാരണകൾ വെച്ചുപുലര്‍ത്തുന്നവരാണ് നമ്മുടെ നാട്ടിലും വിദ്യാഭ്യാസ-മനഃശാസ്ത്ര വിദഗ്ദ്ധരായി ഇന്ന് വിലസുന്നത്. എന്നാൽ പാശ്ചാത്യനാടുകളിലെ സ്ഥിതി മാറിവരികയാണ്. ധാര്‍മികബോധം മിഥ്യയാണെന്ന ആധുനിക ധാരണ അബദ്ധമാണെന്ന തിരിച്ചറിവ് അവിടെ കൂടുതൽ പ്രബലമാവുകയാണ്.


ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ കൃതികളാണ് റീഡിംഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഓഡെര്‍ബെര്‍ഗ് എഡിറ്റ് ചെയ്ത 'ഹ്യൂമൻ വാല്യൂസും’ അടുത്തകാലത്ത് ഇറങ്ങിയ 'മോറൽ മൈന്റ്സും (Moral Minds: How Nature Designed our Universal Sense of Right and Wrong). ഹാവാഡ് യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്ര പ്രൊഫസറായ മാര്‍ക്ക് ഹൌസറാണ് രണ്ടാമത്തെ ഗ്രന്ഥകാരൻ. എല്ലാ മനുഷ്യരിലും ശരി-തെറ്റിനെക്കുറിച്ചുള്ള പൊതുവായ ധാര്‍മികബോധമുണ്ടെന്നാണ് ഹൌസർ നിരവധി ശാസ്ത്ര നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി സമര്‍ഥിക്കുന്നത്. മനുഷ്യന് ധാര്‍മികമായ ജന്മവാസനയുണ്ടെന്നാണ് കൃതിയുടെ മുഖ്യവാദം. ഇത്രയുംകാലം മനുഷ്യരിൽ പൊതുവായ ധാര്‍മികബോധം ഇല്ലെന്ന് വരുത്തിത്തീര്‍ക്കാൻ ഭൗതികവാദവീക്ഷണക്കാരായ ശാസ്ത്രജ്ഞർ ഉല്‍പാദിപ്പിച്ച സിദ്ധാന്തങ്ങളെല്ലാം അശാസ്ത്രീയവും അബദ്ധവുമായിരുന്നു എന്നാണ് ഇതിൽ  നിന്നും തെളിയുന്നത്.

മനുഷ്യരിൽ ശരി-തെറ്റുകളെക്കുറിച്ചുള്ള സ്ഥായിയായ ബോധമുണ്ടെന്ന വീക്ഷണത്തെ തിരസ്കരിച്ച ബിഹേവിയറിസം 1950കൾ മുതല്‍തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. അക്കാലത്താണ് ബിഹേവിയറൽ ചിന്താഗതിയുടെ ആചാര്യന്മാരിൽ ഒരാളായ ബി.എഫ്. സ്കിന്നറെ പ്രമുഖ ഭാഷാ ശാസ്ത്രജ്ഞനായ പ്രൊഫ. ചോംസ്കി തിരുത്തുന്നത്. ശാസ്ത്രത്തിന്റെയും തെളിവിന്റെയും പരിഷ്കാരത്തിന്റെയും ലേബലൊട്ടിച്ച് അക്കാലത്ത് ഏറെ വിറ്റഴിക്കപ്പെടുകയും വിദ്യാസമ്പന്നർ വാരിവിഴുങ്ങുകയും ചെയ്ത സ്കിന്നറുടെ വ്യാഖ്യാനങ്ങള്‍ക്ക് ശാസ്ത്രവുമായോ തെളിവുമായോ യാതൊരു ബന്ധവുമില്ലെന്ന് പ്രൊഫ. ചോംസ്കി ചൂണ്ടിക്കാട്ടി. ബിഹേവിയറിസത്തിന്റെ ഭാഷാസങ്കല്‍പങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ കൊഗ്നിറ്റീവ് സയന്റിസ്റായ സ്റ്റീവൻ പിങ്കറും പില്‍ക്കാലത്ത് സമര്‍ഥിച്ചു. ഇപ്പോഴിതാ ബിഹേവിയറിസത്തിന്റെ ധാര്‍മികബോധനിഷേധം അശാസ്ത്രീയമായിരുന്നുവെന്ന് ഹാവാഡ് ശാസ്ത്രജ്ഞനായ ഹൌസറും സമര്‍ഥിക്കുന്നു. രണ്ട് ദശകങ്ങള്‍ക്ക് മുമ്പെങ്കിലും പാശ്ചാത്യലോകത്ത് കാലഹരണപ്പെട്ട ആധുനിക സങ്കല്‍പങ്ങൾ മഹാശാസ്ത്രചിന്തകളെന്ന മട്ടില്‍ ഇപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ മുഖ്യധാരാ ബുദ്ധിജീവികളുടെ കണ്ണ് തുറക്കുമോ എന്ന് കണ്ടറിയേണ്ടതാണ്!

പത്തൊമ്പതാം നൂറ്റാണ്ടിലെ കാലഹരണപ്പെട്ട ആശയങ്ങൾ ഇന്നും ആവര്‍ത്തിക്കുന്ന ചില യാഥാസ്ഥിതിക ശാസ്ത്രജ്ഞരുടെ വിവരക്കേടുകളാണ് യുക്തി-നിരീശ്വരവാദികൾ ഇന്നും ശാസ്ത്രമായി ധരിച്ചിട്ടുള്ളത്. ഇതേ അബദ്ധവീക്ഷണങ്ങൾ താലോലിക്കുന്ന മുഖ്യധാരാ പത്രാധിപന്മാര്‍ പ്രചരിപ്പിക്കുന്ന 'ധൈഷണികാന്ധവിശ്വാസങ്ങളാ'ണ് കേരളീയ ബുദ്ധിജീവികളിൽ ഒരു വിഭാഗത്തിന്റെ വൈജ്ഞാനിക സ്രോതസ്!

ഇക്കാലമത്രയും കാലാതീതമായ ധാര്‍മികതയെയും മൂല്യങ്ങളെയും കുറിച്ച് സംസാരിച്ചത് മതമായിരുന്നു. മനുഷ്യനെ അധാര്‍മികതയില്‍നിന്നും സംസ്കരിച്ച് ഉല്‍കൃഷ്ടമായ നിലവാരത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു പ്രവാചകന്മാരുടെ ദൗത്യം. എന്നാൽ സാഹചര്യങ്ങളാണ് മൂല്യങ്ങളെ സൃഷ്ടിച്ചതെന്നും സാമൂഹികസാഹചര്യങ്ങള്‍ക്കതീതമായ ധാര്‍മികതയില്ലെന്നും ആധുനിക നിരീശ്വര-മതേതര ചിന്തകന്മാർ വാദിച്ചു. പക്ഷെ, ആധുനികശാസ്ത്രം ദശകങ്ങൾ പിന്നെയും മുന്നോട്ട് നീങ്ങി. വികസിത നാടുകളിൾ ഇപ്പോഴുള്ളത് ആധുനികശാസ്ത്രമല്ല, ഉത്തരാധുനികശാസ്ത്രമാണ്. ഉത്തരാധുനിക ശാസ്ത്രജ്ഞന്മാർ മനുഷ്യനെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ തുടങ്ങുകയാണിപ്പോൾ. ഇത്രയും കാലം മഹാശാസ്ത്രീയ സത്യങ്ങളെന്ന മട്ടിൽ കണ്ടെത്തിയ കാര്യങ്ങൾ അടിസ്ഥാനരഹിതമായ മിഥ്യാധാരണകളായിരുന്നുവെന്ന് ശാസ്ത്രജ്ഞന്മാരിൽ ഒരു വിഭാഗം ഗ്രഹിക്കാൻ തുടങ്ങിയിട്ടുണ്ട്. എങ്കിലും പഴയ ഭൗതികവാദ ചിന്തകളിൽ അന്ധമായ വിശ്വാസം അവരില്‍നിന്നും വേണ്ടവിധം ഒഴിഞ്ഞുപോയിട്ടുമില്ല. അതിനാൽ മതത്തിന്റെ പല സിദ്ധാന്തങ്ങളും പരോക്ഷമായി അവർ അംഗീകരിക്കുന്നുണ്ടെങ്കിലും മതം ശരിയാണെന്ന് തുറന്നുപറയാനുള്ള ചങ്കൂറ്റമോ സത്യസന്ധതയോ അവരിനിയും ആര്‍ജിച്ചിട്ടില്ല.

മനുഷ്യരിൽ പൊതുവായ ധാര്‍മികബോധമുണ്ടെന്ന് സമര്‍ഥിക്കുന്ന പ്രൊഫസർ മാര്‍ക്ക് ഹൌസറിന്റെ നിലപാട് ഉദാഹരണം. ഇങ്ങനെയുള്ള ധാര്‍മികതക്ക് ദൈവിക സന്ദേശങ്ങളുമായോ സൃഷ്ടിയുമായോ എന്തെങ്കിലും ബന്ധമുണ്ടെന്ന് അംഗീകരിക്കാൻ ഹൌസർ തയ്യാറായിട്ടില്ല. പകരം ധാര്‍മികത പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞതാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇരുപത് ലക്ഷത്തോളം ജീവജാതികളിൽ മനുഷ്യരിൽ മാത്രമെന്തേ ധാര്‍മികത രൂപീകൃതമായി എന്നൊന്നും അദ്ദേഹത്തോട് ചോദിക്കരുത്. പരിണാമം എന്ന ആധുനികതയിൽ അത്തരം സംശയങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. ഏതായാലും ഇക്കാലമത്രയും സാഹചര്യങ്ങള്‍ക്കതീതമായ ധാര്‍മികതയില്ല എന്ന് പെരുമ്പറയടിച്ച നിരീശ്വര-ഭൗതിക വാദികള്‍ തന്നെ "ക്ഷമിക്കണം, മനുഷ്യര്‍ക്ക് പൊതുവായ ധാര്‍മികബോധമുണ്ട്'' എന്ന് സമ്മതിച്ചത് തന്നെ വലിയ കാര്യമാണ്. ഇനിയും കുറെ നാളുകള്‍കൂടി അന്വേഷണങ്ങൾ തുടര്‍ന്നാൽ അതൊക്കെയും പരിണാമത്തിന്റെ ഫലമല്ലെന്നു അവർക്ക് മനസ്സിലാകും.

'ഹ്യൂമൻ വാല്യൂസ്' എന്ന കൃതി മൂല്യങ്ങളെയും ധാര്‍മികതയെയും ദാര്‍ശനികമായി വിശകലനം ചെയ്യുന്നു. ഡ്യുന്‍ഡീ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസറായ തിമോത്തി, റീഡിംഗ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസറായ കോട്ടിങ്ഹാം തുടങ്ങിയ ഇക്കാലത്തെ പ്രമുഖ ദാര്‍ശനിക വിശാരദന്മാർ സനാതനമായ ധാര്‍മികതയുടെ സാമൂഹികവും വ്യക്തിപരവുമായ പ്രാധാന്യം അന്വേഷിക്കുകയാണ് ഈ കൃതിയിൽ. ബിഹേവിയറൽ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ പ്രചരിച്ച പ്രയോജന വാദങ്ങളേക്കാൾ മനുഷ്യരാശിക്ക് ആവശ്യം നൈതികമായ ധാര്‍മിക സങ്കല്‍പങ്ങളാണെന്ന് ഇവർ കണ്ടെത്തുന്നു. ധാര്‍മികതയെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും പാശ്ചാത്യ ശാസ്ത്ര-ദാര്‍ശനികരുടെ വീണ്ടുവിചാരങ്ങൾ ഗ്രഹിക്കാൻ ഈ കൃതികൾ ഉപകരിക്കും.

ഉറവിടം: സ്നേഹസംവാദം മാസിക മാർച്ച് 2012

വിയോജിപ്പ്: ഈ ലേഖനത്തെ പൊതുവായി അംഗീകരിക്കുന്നതോടൊപ്പം ചില പരാമർശങ്ങളോടുള്ള വിയോജിപ്പ് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. എൻ.എം.ഹുസൈൻ എഴുതുന്നു “മനുഷ്യരിൽ പൊതുവായ ധാര്‍മികബോധമുണ്ടെന്ന് സമര്‍ഥിക്കുന്ന പ്രൊഫസർ മാര്‍ക്ക് ഹൌസറിന്റെ നിലപാട് ഉദാഹരണം. ഇങ്ങനെയുള്ള ധാര്‍മികതക്ക് ദൈവിക സന്ദേശങ്ങളുമായോ സൃഷ്ടിയുമായോ എന്തെങ്കിലും ബന്ധമുണ്ടെന്ന് അംഗീകരിക്കാൻ ഹൌസർ തയ്യാറായിട്ടില്ല.പകരം ധാര്‍മികത പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞതാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു....ഇനിയും കുറെ നാളുകൾ  കൂടി അന്വേഷണങ്ങൾ തുടര്‍ന്നാൽ അതൊക്കെയും പരിണാമത്തിന്റെ ഫലമല്ലെന്നു അവർക്ക് മനസ്സിലാകും.

മനുഷ്യനിലെ ധാർമ്മികത മതങ്ങളുടെ സംഭാവനയല്ലെന്നും അത് നൈസർഗ്ഗികമാണെന്നും അംഗീകരിച്ചാൽ ഈ വാദത്തിന് പ്രസക്തിയില്ല. (ധാർമ്മികമൂല്യങ്ങളെ പരിപോഷിപ്പിക്കുക എന്നതാണ് മതങ്ങളുടെ ദൗത്യം). എന്നാൽ ആ ധാർമ്മികതക്ക് മതമായിട്ടാണോ അതോ പരിണാമമായിട്ടാണോ ബന്ധമെന്നത് വിശ്വാസത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. അതാർക്കും തെളിയിക്കാൻ പറ്റില്ല.  

No comments:

Post a Comment