Friday, May 4, 2012

മുസ്‌ലിം സ്‌ത്രീ മുഖം മറയ്‌ക്കേണ്ടതുണ്ടോ?

ടി കെ യൂസുഫ്‌
മുസ്‌ലിം സ്‌ത്രീകള്‍ മുഖവും മുന്‍കൈയ്യും ഒഴികെയുളള ശരീരഭാഗങ്ങള്‍ നിര്‍ബന്ധമായും മറച്ചിരിക്കണമെന്നാണ്‌ ഇസ്‌ലാം അനുശാസിക്കുന്നത്‌. പല സ്‌ത്രീകളും ഈ മതവിധി കൃത്യമായി പാലിക്കാറില്ലെങ്കിലും ചിലര്‍ അല്‍പം അതിരുകടന്ന്‌ അവരുടെ മുഖം കൂടി മറയ്‌ക്കാറുണ്ട്‌. വ്യക്തികളെ തിരിച്ചറിയുന്ന രംഗത്ത്‌ പ്രതിബന്ധം സൃഷ്‌ടിക്കുകയും ചിലപ്പോള്‍ ആള്‍മാറാട്ടത്തിന്‌ പോലും വഴിയൊരുക്കുകയും ചെയ്യുന്ന രൂപത്തില്‍ മുസ്‌ലിംസ്‌ത്രീകള്‍ മുഖം മറയ്‌ക്കേണ്ടതുണ്ടോ? ഇസ്‌ലാമിക പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും വിശ്വാസിനികളോട്‌ മുഖം മറയ്‌ക്കാന്‍ ആജ്ഞാപിക്കുന്നുണ്ടോ? സച്ചരിതരായ സഹാബി വനിതകള്‍ ഈ രൂപത്തില്‍ വസ്‌ത്രധാരണം നടത്തിയിട്ടുണ്ടോ? മതപരമായി ഇത്‌ ഒരു പുണ്യകര്‍മമാണോ?

സ്‌ത്രീകള്‍ നിര്‍ബന്ധമായും മറച്ചിരിക്കേണ്ട ശരീര ഭാഗങ്ങളുടെ കൂട്ടത്തില്‍ മുഖം കൂടി ഉള്‍പ്പെട്ടിരുന്നുവെങ്കില്‍ സുപ്രധാന ആരാധനാകര്‍മമായ ഹജ്ജ്‌ വേളയില്‍ അത്‌ മറയ്‌ക്കാന്‍ പ്രവാചകന്‍ കല്‍പിക്കുമായിരുന്നു. അന്യപുരുഷന്മാരുമായി വളരെക്കൂടുതല്‍ ഇടപഴകാന്‍ ഇടവരുന്ന ഹജ്ജ്‌ വേളയില്‍ പോലും സ്‌ത്രീ മുഖം തുറന്നിടണമെന്നാണ്‌ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്‌. ഹജ്ജ്‌ വേളയില്‍ സ്‌ത്രീകളെ നോക്കിയ അനുചരനോട്‌ മുഖം തിരിക്കാനാണ്‌ പ്രവാചകന്‍ ആവശ്യപ്പെട്ടത്‌. അല്ലാതെ സത്രീകളോട്‌ മുഖം മറയ്‌ക്കാന്‍ ആവശ്യപ്പെടുകയായിരുന്നില്ല. ഇബ്‌നുഅബ്ബാസ്‌ പറയുന്നു: ഒരു അറഫാ ദിവസം വൈകുന്നേരം ഫദ്‌ലുബ്‌നു അബ്ബാസ്‌ നബി(സ)യുടെ സഹയാത്രികനായിരുന്നു. ഈ ചെറുപ്പക്കാരന്‍ ഒട്ടകപ്പുറത്തിരുന്ന്‌ സ്‌ത്രീകളെ നിരീക്ഷിക്കുകയായിരുന്നു. ഇതുകണ്ട പ്രവാചകന്‍ അദ്ദേഹത്തിന്റെ ദൃഷ്‌ടി തിരിച്ചു. എന്നിട്ട്‌ പറഞ്ഞു: സഹോദരപുത്രാ, ഈ ദിവസം ആരെങ്കിലും അനര്‍ഹമായതില്‍ നിന്ന്‌ തന്റെ കണ്ണുകളും അനര്‍ഹമായതില്‍ നിന്ന്‌ തന്റെ കാതുകളും, അനര്‍ഹമായതില്‍ നിന്ന്‌ തന്റെ നാവും നിയന്ത്രിച്ചാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും.''

ഖുര്‍ആന്‍ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താന്‍ ആവശ്യപ്പെടുന്നുണ്ട്‌. ``നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മമായി അറിയുന്നവനാകുന്നു''?(നൂര്‍ 30). വിശ്വാസികളിലെ സ്‌ത്രീകളെല്ലാം മുഖം മറച്ചാണ്‌ നടക്കുന്നതെങ്കില്‍ ദൃഷ്‌ടി താഴ്‌ത്താന്‍ ആവശ്യപ്പെടുന്നതില്‍ വലിയ അര്‍ഥമുണ്ടെന്ന്‌ തോന്നുന്നില്ല. ഈ കല്‍പനക്ക്‌ വിപരീതമായി ബോധപൂര്‍വമല്ലാതെ, യാദൃച്ഛികമായോ അവിചാരിതമായോ സ്‌ത്രീകളെ കാണേണ്ടിവന്നാല്‍ തെറ്റില്ലെന്നാണ്‌ ഹദീസുകള്‍ വ്യക്തമാക്കുന്നത്‌. പക്ഷേ മനപ്പൂര്‍വ്വം തുടര്‍ച്ചയായി നോക്കരുതെന്ന്‌ മാത്രം. അലിയ്യുബിനി അബീത്വാലിബ്‌ പറയുന്നു: ``നബി (സ) എന്നോട്‌ പറഞ്ഞു: നീ ഒരു നോട്ടത്തെ മറ്റൊരു നോട്ടം കൊണ്ട്‌ തുടര്‍ത്തരുത്‌. ഒന്നാമത്തേത്‌ നിനക്ക്‌ അനുവദനീയമാണ്‌. രണ്ടാമത്തേത്‌ നിനക്ക്‌ നിഷിദ്ധമാണ്‌.''

ദൃഷ്‌ടി താഴ്‌ത്തുക എന്ന കല്‍പന വിശ്വാസികളായ പുരുഷന്മാര്‍ക്കെന്ന പോലെ സ്‌ത്രീകള്‍ക്കും ബാധകമാണ്‌. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായ മാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്‌ത്തിയിട്ടുകൊള്ളട്ടെ'' (നൂര്‍ 31). നബി(സ) ഉമ്മുസലമയോടും മൈമൂനയോടും അബ്‌ദുല്ലാഹിബ്‌നു ഉമ്മിമക്തൂം എന്ന അന്ധന്റെ സാന്നിധ്യത്തില്‍, നിങ്ങള്‍ രണ്ടുപേരും അന്ധന്മാരാണോ എന്ന്‌ ചോദിച്ചതില്‍ നിന്ന്‌ ദൃഷ്‌ടി താഴ്‌ത്തുക എന്ന നിയമം സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ബാധകമാണെന്ന്‌ വ്യക്തമാണ്‌.

വിശ്വാസികള്‍ പ്രവാചക പത്‌നിമാരോട്‌ വല്ലതും സംസാരിക്കുകയും ചോദിക്കുകയും ചെയ്യുമ്പോള്‍ അത്‌ ഒരു മറയ്‌ക്ക്‌ പിന്നില്‍ നിന്നാവണമെന്നാണ്‌ ഖുര്‍ആന്‍ പറയുന്നത്‌. ``നിങ്ങള്‍ അവരോട്‌ (നബിയുടെ ഭാര്യമാരോട്‌) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌'' (അഹ്‌സാബ്‌ 53). പ്രവാചകന്റെ പത്‌നിമാര്‍ മുഖം മറക്കുന്നവരായിരുന്നുവെങ്കില്‍ അവരോട്‌ സംസാരിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു മറയ്‌ക്ക്‌ പിന്നില്‍ നിന്നാവണം എന്ന നിബന്ധന വെക്കേണ്ടതുണ്ടോ?

മറയ്‌ക്ക്‌ പിന്നില്‍ നിന്ന്‌ മാത്രമേ സംസാരിക്കാവൂ എന്ന നിയമം പ്രവാചക പത്‌നിമാര്‍ക്ക്‌ മാത്രം ബാധകമായതാണ.്‌ സ്വഹാബി വനിതകള്‍ക്ക്‌ ഈ നിയമം ബാധകമായിരുന്നില്ല. അവരെ മറ്റുളളവര്‍ കാണുകയും വേഷവിധാനങ്ങള്‍ മനസിലാക്കുകയും ചെയ്‌തിരുന്നു. ഒരിക്കല്‍ പ്രസിദ്ധ സഹാബിയായിരുന്ന സല്‍മാന്‍ മറ്റൊരു സ്വഹാബിയായിരുന്ന അബുദ്ദര്‍ദാഇനെ സന്ദര്‍ശിച്ചു. അപ്പോള്‍ അബുദ്ദര്‍ദാഇന്റെ പത്‌നി ഉമ്മുദര്‍ദാഇനെ വളരെ മുഷിഞ്ഞ ഒരു വേഷവിധാനത്തിലാണ്‌ കണ്ടത്‌. സല്‍മാന്‍ ചോദിച്ചു: എന്താണ്‌ നിന്റെ കാര്യം? അവര്‍ പറഞ്ഞു: താങ്കളുടെ സഹോദരന്‌ സ്‌ത്രീകളിലും ദുന്‍യാവിലും വലിയ കാര്യമില്ല. സ്വഹാബി വനിതകള്‍ മുഖം മറയുന്ന രൂപത്തിലുളള ഒരു മൂടുപടമാണ്‌ ധരിച്ചിരുന്നതെങ്കില്‍ വസ്‌ത്രധാരണത്തെയും സൗന്ദര്യത്തെയും വിലയിരുത്തുന്ന ഇത്തരം പ്രസ്‌താവനകള്‍ക്ക്‌ വലിയ സാംഗത്യമൊന്നുമില്ല. ജരീര്‍ ബിന്‍ അബ്‌ദുല്ല നബി(സ)യോട്‌ അവിചാരിതമായി സ്‌ത്രീകളെ നോക്കിപ്പോകുന്നതിനെക്കുറിച്ച്‌ ചോദിച്ചു. അപ്പോള്‍ അദ്ദേഹത്തോട്‌ ദൃഷ്‌ടി തിരിക്കാനാണ്‌ തിരുമേനി ഉപദേശിച്ചത്‌. ഈ ഹദീസും സ്‌ത്രീകള്‍ മുഖം മറയ്‌ക്കേണ്ടതില്ലന്നാണ്‌ സൂചിപ്പിക്കുന്നത്‌.

സ്വഹാബി സ്‌ത്രീകള്‍ നമസ്‌കാരത്തിന്‌ വേണ്ടി പള്ളിയില്‍ പോയിരുന്ന സമയത്തും മുഖം മറച്ചിരുന്നില്ല. സുബ്‌ഹ്‌ നമസ്‌കാരം കഴിഞ്ഞ്‌ പോകുന്ന സ്‌ത്രീകളെക്കുറിച്ച്‌ സ്വഹാബികള്‍ പറയുന്നത്‌ ഇരുട്ട്‌ കാരണം ഞങ്ങള്‍ അവരെ തിരിച്ചറിഞ്ഞിരുന്നില്ല എന്നാണ.്‌ അല്ലാതെ മുഖം മറച്ചത്‌ കൊണ്ട്‌ അവരെ തിരിച്ചറിഞ്ഞിരുന്നില്ല എന്നല്ല. സുബ്‌ഹ്‌ നമസ്‌ക്കാരം കഴിഞ്ഞാലും വെളിച്ചം പരന്നിരുന്നില്ല എന്ന്‌ വ്യക്തമാക്കാനാണ്‌ ഇത്‌ പറഞ്ഞതെങ്കിലും, അവര്‍ മുഖം മറച്ചിരുന്നില്ല എന്ന വസ്‌തുതയും ഈ ഹദീസ്‌ വെളിപ്പെടുത്തുന്നുണ്ട്‌.

പെരുന്നാള്‍ നമസ്‌കാരത്തിന്‌ ഈദ്‌ഗാഹുകളില്‍ പങ്കെടുത്ത സമയത്തും സ്‌ത്രീകള്‍ മുഖം മറച്ചിരുന്നില്ല. ഒരു പെരുന്നാള്‍ ദിവസം നബി(സ) ബാങ്കും ഇഖാമത്തും കൂടാതെ നമസ്‌കരിച്ചു. പിന്നീട്‌ അദ്ദേഹം ബിലാലിന്റെ മേല്‍ ചാരി നിന്ന്‌ കൊണ്ട്‌ ജനങ്ങളോട്‌ അല്ലാഹുവിനെ അനുസരിക്കാനും ഭയപ്പെടാനും ഉപദേശിക്കുകയും ഉത്‌ബോധിപ്പിക്കുകയും ചെയ്‌തു. പിന്നീട്‌ സ്‌ത്രീകളുടെ അടുക്കലേക്ക്‌ ചെന്ന്‌ അവരെ ഉപദേശിക്കുകയും ഉത്‌ബോധിപ്പിക്കുകയും ചെയ്‌തു. നബി(സ) പറഞ്ഞു: സ്‌ത്രീകളേ നിങ്ങള്‍ ദാനധര്‍മങ്ങള്‍ അധികരിപ്പിക്കണം. കാരണം നരകത്തിലെ വിറകില്‍ അധികവും നിങ്ങളാണ്‌. അപ്പോള്‍ സ്‌ത്രീകളുടെ കൂട്ടത്തില്‍ അല്‌പം ചങ്കൂറ്റമുളളവളും കവിളുകള്‍ കരിവാളിച്ചവളുമായ ഒരു സ്‌ത്രീ എഴുന്നേറ്റ്‌ നിന്ന്‌ കൊണ്ട്‌ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്തുകൊണ്ടാണത്‌? നബി(സ) പറഞ്ഞു: നിങ്ങള്‍ ആവലാതി വര്‍ധിപ്പിക്കുകയും ഭര്‍ത്താവിനോട്‌ നന്ദികേട്‌ കാണിക്കുകയും ചെയ്യുന്നു.'' (മുസ്‌ലിം, അബൂദാവൂദ്‌, നസാഈ). സ്വഹാബി വനിതകള്‍ മുഖം മറച്ചിരുന്നുവെങ്കില്‍ ഈ ഹദീസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ജാബിര്‍ ബിന്‍ അബ്‌ദുല്ലക്ക്‌ പ്രസ്‌തുത സ്‌ത്രീയെക്കുറിച്ച്‌ ഇത്തരത്തിലൊരു വര്‍ണ്ണന നടത്താന്‍ സാധിക്കുമായിരുന്നില്ല.

മുഖം മറച്ച്‌ നടക്കുന്ന ആത്മീയ തീവ്രവാദികളോട്‌ ഏത്‌ മതവിധിയുടെ അടിസ്ഥാനത്തിലാണ്‌ നിങ്ങള്‍ ഇത്‌ ചെയ്യുന്നത്‌ എന്ന്‌ ചോദിച്ചാല്‍ ഖുര്‍ആനിലെ, ``നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളായ സ്‌ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്‌ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌'' (അഹ്‌സാബ്‌ 59) എന്ന വാക്യത്തിന്‌ ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കിയ വിശദീകരണമാണ്‌ അവര്‍ തെളിവായി ഉദ്ധരിക്കാറുളളത്‌. പ്രസ്‌തുത വചനത്തിന്‌ മൂടുപടം ഒരു മുഖത്ത്‌ കൂടി (കണ്ണ്‌ ഒഴിവാക്കി) താഴ്‌ത്തിയിടണമെന്ന്‌ ചില ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുളളതാണ്‌. മൂടുപടം മുഖത്ത്‌ കൂടി താഴ്‌ത്തിയിടണമെന്ന്‌ ഖുര്‍ആന്‍ ആവശ്യപ്പെടുന്നില്ല, തന്നെയുമല്ല ഖുര്‍ആനിന്റെ ആധികാരിക വ്യാഖ്യാതാവായ മുഹമ്മദ്‌ നബിയും അത്തരത്തിലാണ്‌ താഴ്‌ത്തിയിടേണ്ടതെന്ന്‌ ഹദീസുകളിലൂടെ വ്യക്തമാക്കിയിട്ടില്ല.

ഈ വ്യാഖ്യാനത്തെ അക്ഷരം പ്രതി പിന്‍പറ്റി കൊണ്ടാണ്‌ ചില സ്‌ത്രീകള്‍ മുഖം മറയ്‌ക്കുന്നെതെങ്കില്‍ അവര്‍ തഫ്‌സീറുകളില്‍ കാണുന്നതു പോലെ ഒരു കണ്ണ്‌ വെളിവാക്കി കൊണ്ട്‌ തലയില്‍ ധരിക്കുന്ന ആവരണം കൊണ്ട്‌ തന്നെ മുഖം മറക്കുകയും ചെയ്യേണ്ടതുണ്ട്‌. ഈ രൂപത്തില്‍ മുഖം മറക്കുന്നവരെ മുസ്‌ലിം സമൂഹത്തില്‍ കാണാന്‍ പ്രയാസമാണ്‌. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായങ്ങള്‍ ഇസ്‌ലാമിലെ ഏതെങ്കിലും മതവിധിക്ക്‌ മാനദണ്ഡമാക്കാന്‍ പറ്റുന്നതല്ല. തഫ്‌സീറുകള്‍ മതവിധിക്ക്‌ പരിഗണിക്കുകയാണെങ്കില്‍ അത്‌ പ്രായോഗികമാക്കാന്‍ പ്രയാസമാണ്‌. കാരണം വ്യാഖ്യാതാക്കളില്‍ ചിലര്‍ മുഖം മറയ്‌ക്കണമെന്നു പറയുമ്പോള്‍ മറ്റു പലരും അതിനോട്‌ വിയോജിക്കുകയാണ്‌ ചെയ്യുന്നത്‌.

ജില്‍ബാബ്‌ എന്ന പദത്തിന്‌ അറബി ഭാഷയില്‍ മൂടുന്നത്‌ എന്ന അര്‍ഥമാണുളളത്‌. സ്‌ത്രീകളുടെ മേല്‍ വസ്‌ത്രത്തിനും, ശിരോവസ്‌ത്രത്തിന്‌ മുകളില്‍ അവര്‍ ധരിക്കുന്ന ആവരണത്തിനും തലയും മാറും മറയ്‌ക്കുന്ന വലിയ ശിരോവസ്‌ത്രത്തിനും ജില്‍ബാബ്‌ എന്ന്‌ തന്നെയാണ്‌ ഇസ്‌ലാമിക സാങ്കേതിക ശബ്‌ദങ്ങള്‍ വ്യക്തമാക്കുന്ന നിഘണ്ടുക്കളില്‍ അര്‍ഥം നല്‍കിയിട്ടുള്ളത്‌. മേല്‍പറഞ്ഞ ഏത്‌ അര്‍ഥത്തിലാണെങ്കിലും ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്ത്‌ സ്വതന്ത്ര സ്‌ത്രീകള്‍ മാത്രമാണ്‌ ഇത്‌ ധരിച്ചിരുന്നത്‌. തന്നെയുമല്ല, അവര്‍ ചില പ്രത്യേക അവസരങ്ങളില്‍ മാത്രമാണ്‌ ഇത്‌ ധരിച്ചിരുന്നത്‌, രാത്രികാലങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ധരിച്ചിരുന്നില്ല. എന്നാല്‍ എല്ലാ അവസരങ്ങളിലും അവര്‍ ഇത്‌ ധരിച്ച്‌ മാത്രമേ പുറത്ത്‌ പോകാവൂ എന്നാണ്‌ മൂടുപടം താഴ്‌ത്തിയിടണമെന്ന വചനത്തിന്റെ താല്‍പര്യമെന്നാണ്‌ ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നത്‌. അടിമ സ്‌ത്രീകളില്‍ നിന്നും സ്വതന്ത്ര സ്‌ത്രീകളെ വ്യതിരിക്തമാക്കുന്ന ജില്‍ബാബ്‌ ധരിക്കാന്‍ പ്രവാചക പത്‌നിമാരോടും മക്കളോടും വിശ്വാസിനികളായ സ്‌ത്രീകളോടും ആജ്ഞാപിക്കണമെന്നാണ്‌ പ്രസ്‌തുത വചനത്തിന്റെ താത്‌പര്യമെന്നാണ്‌ പ്രസിദ്ധ ഖുര്‍ആന്‍ വ്യഖ്യാനങ്ങളായ ത്വബരി, ഇബ്‌നു കസീര്‍, ബഗ്‌വി, ആലൂസി, ഫത്‌ഹുല്‍ ഖദീര്‍, സാദുല്‍ മസീര്‍, റാസി, ബൈദ്വാവി, സമഖ്‌ശരി തുടങ്ങിയവയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌.

ഇതിന്‌ പുറമെ മൂടുപടം താഴ്‌ത്തിയിടണമെന്ന ഖുര്‍ആന്‍ വചനത്തിന്‌ ഒരു പ്രത്യേക അവതരണ പശ്ചാത്തലമുണ്ടെന്നും തഫ്‌സീറുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. മദീനയിലെ ചില തെമ്മാടികള്‍, രാത്രി സമയങ്ങളില്‍ വല്ല ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങുന്ന സ്‌ത്രീകളെ പിന്തുടര്‍ന്ന്‌ ശല്യം ചെയ്‌തിരുന്നു. അടിമസ്‌ത്രീകളെയാണ്‌ അവര്‍ ലക്ഷ്യം വെച്ചിരുന്നത്‌. പക്ഷെ രാത്രി സമയത്ത്‌ അടിമകളെയും അല്ലാത്തവരെയും തിരിച്ചറിയാന്‍ പ്രത്യേകിച്ച്‌ അടയാളങ്ങളൊന്നുമില്ലാതിരുന്നത്‌ കൊണ്ട്‌ വിശ്വാസിനികളും ഈ ശല്യത്തിന്‌ വിധേയരായിരുന്നു. അവര്‍ ഇതിനെക്കുറിച്ച്‌ തങ്ങളുടെ ഭര്‍ത്താക്കന്മാരോട്‌ പരാതിപ്പെടുകയും അവര്‍ ഇക്കാര്യം നബി(സ)യുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്‌തു. അപ്പോഴാണ്‌ പ്രസ്‌തുത വചനം അവതരിച്ചത്‌.

``ശിരോവസ്‌ത്രം മാറിലൂടെ താഴ്‌ത്തിയിടട്ടെ'' (നൂര്‍ 31) എന്ന വചനം അവതരിക്കുന്നതിന്‌ മുമ്പ്‌ മുസ്‌ലിം സ്‌ത്രീകളില്‍ പലരും തലമറച്ചിരുന്നില്ല. മറച്ചിരുന്നവര്‍ തന്നെ അത്‌ മാറിലൂടെ താഴ്‌ത്തിയിടുകയും ചെയ്‌തിരുന്നില്ല. ഈ വചനം അവതരിച്ചതോടു കൂടി അവര്‍ വസ്‌ത്രത്തിന്റെ അറ്റം മുറിച്ചും മറ്റും തല മറയ്‌ക്കാന്‍ തുടങ്ങി. ഈ വചനം കേട്ട എല്ലാ വിശ്വാസിനികളും തല മറയ്‌ക്കുകയും സുബ്‌ഹ്‌ നമസ്‌കാര സമയത്ത്‌ പ്രവാചകന്‌ പിന്നില്‍ അവര്‍ ശിരസ്സുകളില്‍ കാക്കകളുള്ളത്‌ പോലെ ആയിത്തീരുകയും ചെയ്‌തു. (തഫ്‌സീര്‍ ഇബ്‌നുകസീര്‍). ഈ വചനം അവതരിച്ചതിന്‌ ശേഷം ഒരു സ്‌ത്രീയുടെ വസ്‌ത്രധാരണം ഏത്‌ രൂപത്തിലാവണമെന്ന്‌ ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്‌. ആഇശ(റ) പറയുന്നു: അബൂബക്കറിന്റെ മകള്‍ അസ്‌മാഅ്‌ നബി(സ)യുടെ അടുക്കല്‍ വന്നു. ഒരു നേരിയ വസ്‌ത്രമാണ്‌ അവളുടെ മേലുണ്ടായിരുന്നത്‌. അപ്പോള്‍ നബി(സ) അവളില്‍ നിന്ന്‌ തിരിഞ്ഞു കളഞ്ഞു. എന്നിട്ട്‌ പറഞ്ഞു: അല്ലയോ അസ്‌മാഅ്‌, ഒരു സ്‌ത്രീ പ്രായപൂര്‍ത്തിയെത്തിക്കഴിഞ്ഞാല്‍ അവളില്‍ നിന്ന്‌ ഇതല്ലാതെ കാണാന്‍ പാടില്ല. എന്നിട്ട്‌ നബി(സ) തന്റെ മുഖത്തേക്കും കൈപ്പത്തികളിലേക്കും ചൂണ്ടിക്കാണിച്ചു. (അബൂദാവൂദ്‌)

``അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക'' (നൂര്‍: 31) എന്ന വചനത്തിലെ പ്രത്യക്ഷമായ സൗന്ദര്യം എന്ന വാക്യത്തിന്‌ സ്‌ത്രീയുടെ മുഖം, കൈപ്പടം, മോതിരം, വളകള്‍, പാദസരം, ആഭരണം, സൂറുമ, വസ്‌ത്രം എന്നിങ്ങനെയുളള വ്യാഖ്യാനങ്ങളാണ്‌ വ്യാഖ്യാതാക്കള്‍ നല്‍കിയിട്ടുളളത്‌. സ്‌ത്രീ മുഖം ഉള്‍െപ്പടെ ശരീരം മുഴുവന്‍ മറയുന്ന വസ്‌ത്രമാണ്‌ ധരിക്കുന്നതെങ്കില്‍ `പ്രത്യക്ഷമായത്‌ ഒഴികെ' എന്ന ഖുര്‍ആന്‍ വാക്യത്തിനും അതിന്‌ മുഫസ്സിറുകള്‍ നല്‍കിയ വിശദീകരണങ്ങള്‍ക്കും യാതൊരു പ്രസക്തിയുമില്ല.

സ്‌ത്രീയുടെ സൗന്ദര്യത്തില്‍ ഏറ്റവും വശ്യമായത്‌ അവളുടെ വദനമാണ്‌ എന്ന ഒരു വാദവും മുഖം മറയ്‌ക്കുന്നവര്‍ ഉന്നയിക്കാറുണ്ട്‌. ആകര്‍ഷണീയതയാണ്‌ മുഖം മറയ്‌ക്കുന്നതിന്റെ മാനദണ്ഡമെങ്കില്‍ അഴകില്ലാത്തവര്‍ക്ക്‌ അത്‌ നിര്‍ബന്ധമില്ലെന്ന്‌ പറയേണ്ടിവരും. നമ്മുടെ നാട്ടില്‍ മുഖം മറയ്‌ക്കുന്ന സ്‌ത്രീകളെല്ലാം അവരുടെ കണ്ണുകള്‍ വെളിപ്പെടുത്തി കൊണ്ടാണ്‌ ബുര്‍ഖ ധരിക്കാറുളളത്‌. കണ്ണുകള്‍ സൗന്ദര്യത്തിന്റെ ചിഹ്നമാണെന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവാത്തതാണ്‌. ഖുര്‍ആനും ഇക്കാര്യം വ്യക്തമാക്കുന്നതായി കാണാം. സ്വര്‍ഗീയ സുന്ദരികളെക്കുറിച്ച്‌ ഖുര്‍ആന്‍ പരാമര്‍ശിച്ച ഹൂര്‍ എന്ന പദം അറബി കവിതകളില്‍ മാന്‍പേടകളുടെയും കാട്ടുപശുവിന്റെയും കണ്ണിന്‌ സമാനമായ അക്ഷിയുള്ളവള്‍ എന്ന അര്‍ഥത്തിലാണ്‌ പ്രയോഗിച്ചിട്ടുളളത്‌. ഹൂര്‍ അല്‍ ഐന്‍ എന്ന പദത്തിന്‌ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ കണ്ണിന്റെ കറുത്തഭാഗം കൂടുതല്‍ കറുത്തതും വെളുത്തഭാഗം കൂടുതല്‍ വെളുത്തതുമായ വിശാല മിഴിയുള്ളവള്‍ എന്നാണ്‌ പറയാറുള്ളത്‌. അപ്പോള്‍ സൗന്ദര്യം മറയ്‌ക്കാനാണ്‌ മുഖം മറക്കുന്നതെങ്കില്‍ കണ്ണുകള്‍ കൂടി മറയ്‌ക്കേണ്ടിവരും.

ഒരു സ്‌ത്രീയെ സംബന്ധിച്ചേടത്തോളം അവളുടെ ശരീരം വശ്യമാണെങ്കിലും വിരൂപമാണെങ്കിലും ഇസ്‌ലാമിക ശരീഅത്ത്‌ പ്രകാരം അവള്‍ മുഖവും കൈപ്പടങ്ങളുമൊഴികെയുള്ള ഭാഗങ്ങള്‍ മറച്ചിരിക്കേണ്ടതാണ്‌. വിശ്വാസിനികളായ സ്‌ത്രീകള്‍ മുഖം മറയ്‌ക്കണമെന്ന്‌ ഖുര്‍ആനും സുന്നത്തും വ്യക്തമായി കല്‍പിക്കാത്ത സ്ഥിതിക്ക്‌, മുസ്‌ലിം സ്‌ത്രീകള്‍ മുഖം മറയ്‌ക്കുന്നത്‌ ഒരു പുണ്യകര്‍മമോ മറയ്‌ക്കാതിരിക്കുന്നത്‌ ഒരു അപരാധമോ ആകുന്നില്ല. ദൈവഭക്തിക്കും സൂക്ഷ്‌മതക്കും മാനസിക വിശുദ്ധിക്കും മുഖം മറയ്‌ക്കുന്നത്‌ അനിവാര്യമാണെന്ന്‌ തോന്നുന്ന സ്‌ത്രീകള്‍ക്ക്‌ അങ്ങനെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്ന്‌ മാത്രം.

ഉറവിടം: shababweekly.net

2 comments:

  1. "ദൈവഭക്തിക്കും സൂക്ഷ്‌മതക്കും മാനസിക വിശുദ്ധിക്കും മുഖം മറയ്‌ക്കുന്നത്‌ അനിവാര്യമാണെന്ന്‌ തോന്നുന്ന സ്‌ത്രീകള്‍ക്ക്‌ അങ്ങനെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്ന്‌ മാത്രം."

    മുഖം മറക്കുന്നത് അതിര് കവിച്ചിലാണെന്ന് വാദിക്കാൻ ലേഖനമെഴുതിയ ലേഖകൻ അവസാനം അതിന് ലൈസൻസ് കൊടുത്തതിൽ വൈരുധ്യമുണ്ട്.

    ReplyDelete
  2. അള്ളാഹു കാക്കട്ടെ

    ReplyDelete