Wednesday, June 20, 2012

ബാലികാവിവാഹത്തെ ഇസ്‌ലാം അനുവദിക്കുന്നുണ്ടോ?


പ്രഫ. എ പി സുബൈർഇക്കഴിഞ്ഞ ജൂൺ അഞ്ചിന് ദല്‍ഹി ഹൈക്കോടതി നടത്തിയ ഒരു വിധിയാണ് ശീര്‍ഷകത്തിലെ ചോദ്യത്തെ ഉയര്‍ത്തിയത്. 15 വയസ്സിൽ വിവാഹിതയായ മുസ്‌ലിം പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീട്ടിൽ താമസിക്കാനുള്ള തന്റെ അവകാശത്തെ സ്ഥാപിച്ചു കിട്ടാനായിരുന്നു കോടതിയെ സമീപിച്ചത്. 18 വയസ്സു തികയാത്ത പെണ്‍കുട്ടിയുടെ വിവാഹം സാധുവല്ല എന്ന് വാദിച്ചത് പെണ്‍കുട്ടിയുടെ മാതാവ് തന്നെയായിരുന്നു. തന്റെ മകളെ തട്ടികൊണ്ടുപോയി അനധികൃതമായി താമസിപ്പിക്കുകയാണെന്നായിരുന്നു ഉമ്മയുടെ വാദം.

ഹൈക്കോടതി മുന്‍പ് ഇക്കാര്യത്തിലുണ്ടായ പല വിധികളും ഉദ്ധരിച്ചുകൊണ്ട് മുഹമ്മദൻ നിയമത്തിനനുസരിച്ച് 15 വയസ്സുള്ള മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം സാധുവാണെന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്. എന്നാൽ 18 വയസ്സ് തികയുമ്പോൾ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് തന്റെ വിവാഹം ദുര്‍ബലപ്പെടുത്താൻ അവകാശമുണ്ടായിരിക്കുമെന്നും പ്രഖ്യാപിച്ചു. തികച്ചും പ്രതിലോമകരമായാണ് ഈ കോടതി വിധിയെന്നു നമുക്ക് തോന്നിപ്പോകാം. സ്ത്രീകളുടെ വിവാഹപ്രായം 18ൽ കുറയരുതെന്ന പൊതുനിയമത്തിന്നപവാദമാണീ വിധി.  ഇതിൽ കോടതികളെ കുററം പറഞ്ഞിട്ട് കാര്യമില്ല. കാലഹരണപ്പെടേണ്ടിയിരുന്ന 1939-ലെ മുസ്‌ലിം വിവാഹ ദുര്‍ബലപ്പെടുത്തൽ നിയമത്തിന്റെ 2-ാം പരിഛേദത്തിൽ 7-ാം ഭാഗത്ത് ഇതിനുള്ള അംഗീകാരമുണ്ട്. 15 വയസ്സായ പെണ്‍കുട്ടിയെ അവളുടെ പിതാവോ രക്ഷിതാവോ വിവാഹം കഴിച്ചുകൊടുക്കുന്നതിനെ അംഗീകരിക്കുന്നുണ്ട്. എന്നാൽ പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞാൽ തന്റെ ഇഷ്ടപ്രകാരമല്ല വിവാഹം നടന്നത് എന്ന കാരണത്താൽ വിവാഹം റദ്ദ് ചെയ്യാനുള്ള അവകാശം നല്‍കുന്നു. മുഹമ്മദിയ നിയമത്തിൽ ഉണ്ടെങ്കിലും ഇത്തരമൊരു അസംബന്ധത്തെ ഇസ്‌ലാം അംഗീകരിക്കേണ്ടതുണ്ടോ?

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആയി ഇന്ത്യൻ ഭരണക്കൂടം ഉയര്‍ത്തിയപ്പോൾ മുസ്‌ലിംകളില്‍നിന്ന് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. ശരീഅത്ത് വിരുദ്ധമാണെന്ന മുറവിളിയൊന്നുമുണ്ടായിരുന്നില്ല. പൊതുവെ അത് സ്വീകരിക്കപ്പെടുകയായിരുന്നു. 18 വയസ്സിന് മുമ്പുള്ള വിവാഹം ശിക്ഷാര്‍ഹമാണെന്ന ബോധ്യം ഉണ്ടാവുകയും ചെയ്തിരുന്നു. ഈ പുതിയ നിയമം മുസ്‌ലിം സമൂഹത്തിൽ ഒരു വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ചിരുന്നു, വിശേഷിച്ച് മലബാറിൽ. മുസ്‌ലിം കുടുംബങ്ങളിൽ പെണ്‍കുട്ടികളെ 18 വയസ്സിന് മുമ്പുതന്നെ വിവാഹം കഴിച്ചുകൊടുക്കുക എന്നത് സാധാരണയായിരുന്നു. ഇതുകാരണമുള്ള സ്‌കൂൾ കൊഴിഞ്ഞുപോക്കും ധാരാളമായിരുന്നു. വിവാഹപ്രായം 18 നിര്‍ബന്ധമാക്കിയതോടുകൂടി പെണ്‍കുട്ടികളെ പ്ലസ് ടുവരെ പഠിപ്പിക്കാനവസരമുണ്ടായി. പ്ലസ് ടു തലത്തിൽ മുസ്‌ലിംപെണ്‍കുട്ടികൾ പ്രതിഭ തെളിയിച്ചതോടുകൂടി അവരുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും ഒരുങ്ങി. അപൂര്‍വ്വമായി ഇപ്പോഴും 18 വയസ്സിനു താഴയുള്ള വിവാഹങ്ങൾ നടക്കുന്നുണ്ടെങ്കിലും പൊതുവെ വിവാഹപ്രായം 18 എന്നത് അംഗീകരിക്കപ്പെടുകയും ശരാശരി പ്രായം അതിനുമുകളിൽ ആയിത്തീരുകയും ചെയ്തു. ഏതായാലും മുഹമ്മദൻ നിയമത്തിലുള്ള അനുവാദം ഇപ്പോൾ മുസ്‌ലിം സമൂഹം സ്വീകരിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് ഹൈക്കോടതി വിധിയെ പ്രതിലോമകരം എന്ന് നേരത്തെ വിശേഷിപ്പിക്കേണ്ടി വന്നത്. 

ഇവിടെ പ്രസക്തമായ ചോദ്യം ബാലികാവിവാഹത്തെ ഇസ്‌ലാം അനുവദിക്കുന്നുണ്ടോ എന്നതാണ്. ഇക്കാര്യത്തിൽ ഇന്ത്യയിൽ നാം പ്രമാണീകരിക്കാറുള്ള ഗ്രന്ഥങ്ങൾ സി എഫ് മുല്ലയുടെ പ്രിന്‍സിപ്പിൾസ് ഓഫ് മുഹമ്മദൻ ലോയും ബദറുദ്ദീൻ തയബ്ജിയുടെ മുസ്‌ലിം ലോയുമാണ് ദല്‍ഹി ഹൈക്കോടതി വിധിയിലും ഇവരെ ഉദ്ധരിക്കുന്നു. പൊതുവെയുള്ള സുന്നിവിഭാഗങ്ങൾ (സുന്നി-ശിയ) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അവളുടെ പിതാവോ അല്ലെങ്കിൽ പിതാമഹനോ വലിയ്യ് (രക്ഷാധികാരി) ആയി വിവാഹം കഴിച്ചുകൊടുക്കാമെന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ അങ്ങനെയുള്ള വിവാഹം പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ സ്വ-ഇച്ഛ പ്രകാരമല്ലാത്ത വിവാഹമായിരുന്നെന്നാരോപിച്ച് ദുര്‍ബലപ്പെടുത്താവുന്നതാണ്. എന്നാലിത്തരത്തിലുള്ള ഒരു രീതിക്ക് ഇസ്‌ലാമിൽ പ്രമാണങ്ങളൊന്നുമില്ലെന്നാണ് കരുതേണ്ടത്. ഇതുമായി ബന്ധപ്പെട്ട് അബൂദാവൂദിന്റെ ഒരു ഹദീസാണ് ഉദ്ധരിക്കപ്പെടാറുള്ളത്. തന്റെ ഇഷ്ടമില്ലാതെ നടത്തിയ ഒരു വിവാഹം ദുര്‍ബ്ബലപ്പെടുത്താൻ പ്രവാചകനോട് അപേക്ഷിച്ച യുവതിക്ക് അതിനുള്ള സമ്മതം പ്രവാചകൻ നല്‍കി എന്നതായിരുന്നു പ്രസ്തുത ഹദീസിന്റെ പ്രതിപാദ്യം. ഇതിൽ കന്യക എന്നര്‍ഥമുള്ള പദത്തിന് (ബിക്ര്‍) പ്രായപൂര്‍ത്തിയാകാത്തവൾ  എന്നര്‍ഥം നല്‍കിയതുകൊണ്ടുള്ള തെറ്റിദ്ധാരണയിൽ നിന്നാണ് ബാലികാ വിവാഹ പ്രകരണമായിരുന്നത് എന്ന് ധരിച്ചുവശാകുന്നത്. ഋതുവാകുന്നതും പ്രായപൂര്‍ത്തിയാകുന്നതും രണ്ടു വ്യത്യസ്ത സന്ദര്‍ഭങ്ങളാണ്. ഋതുവാകുന്നത് തെരഞ്ഞെടുത്താൽ (ഖിയാറുൽ ബുലൂഗ്) ഒരു പക്ഷെ പെണ്‍കുട്ടിയെ 9 വയസ്സിലും 10 വയസ്സിവലും വിവാഹം കഴിപ്പിക്കാമെന്ന് വരുന്നു. വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതം ആവശ്യമാണെന്നത് പ്രവാചക വചനത്തിൽ വ്യക്തമാകുന്നത് കാണാം. ഒരു വിധവ അല്ലെങ്കിൽ വിവാഹമോചിത അവളുടെ സമ്മതം നല്‍കിയതിനു ശേഷമെ വിവാഹം ചെയ്യാൻ പാടുള്ളൂ. ഒരു കന്യക(ബിക്ര്‍)യുടെ സമ്മതം ലഭിക്കാതെ വിവാഹം ചെയ്യപ്പെടരുത്- സന്നീഹ് ബുഖാരി, സഹീഹ് മുസ്‌ലിം)

മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹപ്രായം വിശുദ്ധഖുര്‍ആൻ വ്യക്തമാക്കുന്നുണ്ട്. സൂറത്തുൽ നിസയിൽ അനാഥകളുടെ സ്വത്തിന്റെ സംരക്ഷണത്തെപറ്റി സൂചിപ്പിക്കുന്നേടത്താണ് ഈ പരാമര്‍ശമുള്ളത്. അനാഥരായ പെണ്‍കുട്ടികളുടെ സ്വത്ത് സംരക്ഷിക്കേണ്ടത് അവര്‍ക്ക് വിവാഹപ്രായമെത്തുന്നതുവരെയാണ്. തൊട്ടടുത്തു തന്നെ അവര്‍ക്ക് വിവേക(റുഷ്ദ) മുണ്ടാകുന്ന അവസരമെന്നും വിശദീകരണം നല്‍കുന്നുണ്ട്. പ്രായപൂര്‍ത്തിയെത്തുകയെന്നതാണ് വിവാഹത്തിന് ഋതുവാകുക എന്നതല്ല. ഋതുവാകുന്ന പ്രായത്തിൽ പെണ്‍കുട്ടിക്ക് വിവേകമുണ്ടായെന്നുവരില്ല. പെണ്‍കുട്ടികള്‍ക്ക് ഏത് വയസ്സിലും ഋതുവാകാം. 18 വയസ്സ് കഴിഞ്ഞും ഋതുവാകാത്തവരുണ്ട്. അതുകൊണ്ട് മുഹമ്മദൻ നിയമവും അതിനെ പിന്തുടരുന്ന കോടതികളും ഋതുവാകുന്നതിനെ അടിസ്ഥാനപ്പെടുത്തുന്നത് ഇസ്‌ലാമികമായി ശരിയായിരിക്കയില്ല. അതുകൊണ്ടുതന്നെയാണത് അസംബന്ധമായനുഭവപ്പെടുന്നതും. ബാലികയായിരിക്കുമ്പോൾ പിതാവ് വിവാഹത്തിന് നിര്‍ബന്ധിച്ച ഖന്‍സ ബിന്‍ത് കിസാമിയുടെ കാര്യത്തിൽ പ്രവാചകൻ ഇടപെട്ട് വിവാഹം ദുര്‍ബലപ്പെടുത്തിയത് തെളിയിക്കുന്നതും, പ്രായപൂര്‍ത്തി വിവാഹത്തെ മാത്രമേ ഇസ്‌ലാം അംഗീകരിക്കുന്നു എന്നതാണ്. 

ബാലികാ വിവാഹത്തെ അംഗീകരിക്കുന്നവർ പ്രമാണമായി നല്‍കുന്നത് പ്രവാചകന്റെ ആയിശയുമായുള്ള വിവാഹമാണ്. ആയിശയുമായുള്ള വിവാഹം ആറാം വയസ്സിൽ നിശ്ചയിക്കുകയും 9-ാം വയസ്സിൽ ദാമ്പത്യം ആരംഭിക്കുകയും ചെയ്തു എന്നതാണ് പൊതുവെ ധരിച്ചുവെച്ചിരിക്കുന്നത്. ഇതൊരു അബദ്ധ ധാരണയാണെന്നത് പരിശോധിച്ചാലറിയാവുന്നതാണ്. ചില തെറ്റുകൾ കാലാകാലം തിരുത്തപ്പെടാതെ സ്വീകരിക്കുന്നതു കൊണ്ടുണ്ടാകുന്ന അബദ്ധമാണിത്. മിഅ്‌റാജ് രാവിൽ പ്രവാചകൻ തന്റെ വിരിപ്പിൽ ഉണ്ടായിരുന്നെന്ന് ആയിശ(റ) പ്രസ്താവിച്ചത് ഇപ്പോഴും പലരും ഉദ്ധരിക്കാറുണ്ട്. ഈ ലേഖകനും അത്തരമൊരബന്ധം സംഭവിച്ചിരുന്നു. മുന്‍പ് വായിച്ച ഓര്‍മയിൽ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മിഅ്‌റാജിനെ കുറിച്ച് എഴുതിയ ലേഖനത്തിൽ ഇത് ഉദ്ധരിച്ചിരുന്നു. പണ്ഡിതനായ മുഹമ്മദ് നിസാമി ചൂണ്ടികാണിച്ചപ്പോഴായിരുന്നു അബദ്ധം മനസ്സിലായത്. മിഅ്‌റാജ് പ്രവാചകത്വത്തിന്റെ 10-ാം വര്‍ഷത്തിലായിരുന്നു നടന്നത്. ആയിശയുമായുള്ള വിവാഹം ഹിജ്‌റ 2-ാം വര്‍ഷവും  കാലഗണന ശ്രദ്ധിക്കാത്തതിനാൽ പിണഞ്ഞ പിശകായിരുന്നത്. അങ്ങനെ കാലഗണന ശ്രദ്ധിക്കാത്തതുകൊണ്ടാണ് ആയിശയുടെ വിവാഹപ്രായത്തെ കുറിച്ച് അബദ്ധധാരണകൾ ഉണ്ടായത്. വിശുദ്ധ ഖുര്‍ആൻ വിവാഹപ്രായത്തെ കുറിച്ച് നിര്‍ദ്ദേശിച്ചതിനു വിപരീതമായി പ്രവാചകൻ ഒരു ബാലികയെ വിവാഹം ചെയ്യുമായിരുന്നോ എന്ന സംശയം തന്നെ ആയിശയുടെ വയസ്സിനെ കുറിച്ചുള്ള ഗവേഷണം പ്രസക്തമാക്കുന്നു. പ്രവാചകന്മാരുടെ ഭാര്യമാരിൽ ഏററവും പ്രായം കുറഞ്ഞവർ ആയിശ തന്നെയായിരുന്നു. അതിനര്‍ഥം അവർ വിവാഹ സമയത്ത് ഒമ്പത്  വയസ്സുള്ള ബാലികയായിരുന്നു എന്ന് ധരിക്കരുത്. ആയിശയുടെ പ്രായമറിയാൻ അവരുടെ  ജ്യേഷ്ഠ സഹോദരിയുടെ പ്രായമറിഞ്ഞാൽ മതി. ആയിശയേക്കാൽ പത്ത് വയസ്സ് അധികമുണ്ടായിരുന്നു ജ്യോഷ്ട സഹോദരി അസ്മക്ക്.  അസ്മയുടെ ദേഹവിയോഗം ഹിജ്‌റ 73 ലായിരുന്നു. അവരുടെ മകൻ അബ്ദുല്ല ബിൻ സുബൈർ രക്തസാക്ഷിയായി പത്തോ പന്ത്രണ്ടോ ദിവസം കഴിഞ്ഞായിരുന്നു ദേഹവിയോഗം. അന്നവരുടെ പ്രായം 100 ആയിരുന്നു. മിഷ്‌ക്കാത്ത് ഹദീസ് ഗ്രന്ഥത്തിന്റെ സമാഹാര്‍ത്താവ് ഹദീസ് നിവേദകരുടെ ജീവചരിത്രം (അസ്മാ ഉര്‍റിജാൽ) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലാണ് അസ്മയുടെ പ്രായം മരണപ്പെടുമ്പോൾ 100 ആണെന്ന്  പ്രസ്താവിക്കുന്നത്. അപ്പോൾ ഹിജ്‌റ നടന്ന വര്‍ഷം അസ്മയുടെ വയസ്സ് 27 ആണെന്ന് മനസ്സിലാക്കാം. ആയിശയുടെ വയസ്സ് അസ്മയേക്കാൾ 10 വയസ്സ് കുറയുമ്പോൾ അവരുടെ വയസ്സ് 17 ആണെന്നും  മനസ്സിലാക്കാം. ഹിജ്‌റ രണ്ടിൽ പ്രവാചകനുമായുള്ള ദാമ്പത്യം ആരംഭിക്കുമ്പോൾ ആയിശയുടെ വയസ്സ് 19 ആയിരുന്നു. നേരത്തെ വിവാഹമുറപ്പിച്ചിട്ടും ദാമ്പത്യം വൈകിയത് ആയിശക്ക് പ്രായപൂര്‍ത്തി ആവാത്തതുകൊണ്ടായിരുന്നെന്ന് അനുമാനിക്കാവുന്നതാണ്. വസ്തുതകളെ വികലമായും അങ്ങനെയുള്ളവയെ ശരിയാണെന്ന് കൊണ്ടുനടക്കുകയും നിമിത്തം ഇസ്‌ലാമിന്റെ പല രൂപങ്ങളും പരിഹാസ്യമാക്കപ്പെടാറുണ്ട്. അതിലൊന്ന് മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെകുറിച്ചുള്ള തെററിദ്ധാരണ. വിവാഹമോചനത്തിന്റേയും ബഹുഭാര്യത്വത്തിന്റെയും കാര്യത്തിലുമൊക്കെ പല തെറ്റിദ്ധാരണകളാണ് നിലവിലുള്ളത്.

(ആയിശയുടെ പ്രായത്തെ കുറിച്ച് എ ഫയിസുര്‍റഹ്മാന്റെ ലേഖനത്തോട് കടപ്പാട്. ഇസ്‌ലാമിൽ ഫോറം ഫോർ ദ പ്രമോഷൻ ഓഫ് മോഡറേറ്റ് തോട്ടിന്റെ സെക്രട്ടറി ജനറലാണ് ഫയിസുറഹ്മാൻ. അദ്ദേഹത്തിന്റെ ലേഖനത്തിലെ വസ്തുതകൾ ഉപയോഗിക്കാൻ ലേഖകന് നേരിട്ട് അനുമതി നല്‍കിയതിനുളള നന്ദിപ്രകാശനവും നടത്തുന്നു)


varthamanam.com

1 comment:

  1. എന്ത് പൊട്ടത്തരമാടോ താന്‍ പുലന്പുന്നത്.....
    ???????????????????????????

    ReplyDelete