Monday, November 12, 2012

പാലം കടക്കോളമോ “ഇസ്ലാമിക ഭരണം”?

കാരോളി

മതത്തിന്റെ പ്രത്യയശാസ്ത്രവൽക്കരണം പൗരോഹിത്യത്തിന്റെ അധികാര മോഹവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടുന്ന നിരവധി ദൃഷ്ടാന്തങ്ങൾ ചരിത്രത്തിലും വർത്തമാന കാലഘട്ടത്തിലുമുണ്ട്. എന്നാൽ പ്രത്യയശാസ്ത്രമല്ലാത്ത ഒന്നിന്റെ പ്രത്യയശാസ്ത്രവൽക്കരണം മൗലികവാദത്തിലേക്കും, മൗലികവാദം പ്രായോഗിക രംഗങ്ങളിലെ പരാജയത്തിലേക്കുമാണ് നയിക്കുക എന്ന് അനുഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. മൗലികവാദം സമൂഹത്തിൽ സൃഷ്ടിക്കുന്ന ഭിന്നിപ്പുകളും പ്രത്യയശാസ്ത്ര പാർട്ടികൾ കാലാകാലങ്ങളിൽ തങ്ങളുടെ മൗലിക നിലപാടുകൾ മാറ്റി കൂടുതൽ പ്രായോഗിക നിലപാടുകൾ സ്വീകരിക്കാൻ നിർബന്ധിതമാകുന്നതും അതിന് ഉദാഹരണങ്ങളാണ്.

ഈജിപ്തിൽ കഴിഞ്ഞയാഴ്ച്ച തഹ്‍‍രീർ ചതുരത്തിൽ നടന്ന പ്രക്ഷോഭം ഈയവസരത്തിൽ വിശകലനം ചെയ്യുന്നത് സംഗതമാണ്. "ഇസ്ലാമിക ഭരണം" ഉടൻ നടപ്പാക്കണമെന്നും ഭരണഘടന ഇസ്ലാമിക ശരീഅത്തായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ചില മതപാർട്ടികളാണ് ഈ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്.  ഇത്തരം പ്രക്ഷോഭങ്ങൾ ഇസ്ലാമിസ്റ്റുകൾക്ക് ഏറെ സ്വാധീനമുള്ള വിപ്ലവാനന്തര ഈജിപ്തിൽ തീരെ അപ്രതീക്ഷിതമല്ല. എന്നാൽ ഇസ്ലാമിസ്റ്റുകൾ അധികാരത്തിൽ ഇരിക്കുന്ന ഈ സന്ദർഭത്തിലും ഇങ്ങനെ ഒരു പ്രക്ഷോഭം നടന്നത് ശ്രദ്ധേയമാണ്. പ്രക്ഷോഭത്തിൽ പങ്കെടുത്തത് ആരാണെന്ന അന്വേഷണം കൂടുതൽ കൗതുകകരവുമാണ്.


ഈജിപ്തിൽ നിലവിൽ മുസ്ലിം ബ്രദർഹുഡ് എന്ന ഇസ്ലാമിസ്റ്റ് സംഘടനയാണ് അധികാരത്തിൽ. മറ്റൊരു മൗലികവാദ പ്രസ്ഥാനമായ സലഫികളുടെ "അൽ നൂറി"നും പാർലമെന്റിൽ കാര്യമായ സ്വാധീനമുണ്ട്. രണ്ട് ഇസ്ലാമിക പാർട്ടികളും കൂടി പാർലമെന്റിൽ 70% പ്രാതിനിധ്യമുണ്ട്. 

“ഇസ്ലാമിക ഭരണം” എന്ന പൊതു ലക്ഷ്യമാണ് എല്ലാ ഇസ്ലാമിക പാർട്ടികൾക്കുമുള്ളതെങ്കിലും “യഥാർത്ഥ ഇസ്ലാമിക ഭരണം” നടക്കാൻ തങ്ങൾക്ക് മാത്രമേ കഴിയൂ എന്നാണ് ഓരോ പാർട്ടിയുടേയും നിലപാട്. തമ്മിൽത്തല്ലിന് വേറെ കളമൊരുക്കേണ്ടല്ലോ? പൊതുതിരഞ്ഞെടുപ്പിന്റെ സമയത്ത് ഈ പോര് ഏറെ പ്രകടമായിരുന്നു താനും. എന്നാൽ ഇലക്ഷനിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെച്ച മേൽപ്പറഞ്ഞ രണ്ട് പാർട്ടികളുടേയും ഇപ്പോഴത്തെ നിലപാട് മാറ്റങ്ങൾ ശ്രദ്ധേയമാണ്. അധികാര സോപാനമേറിയ ശേഷം രണ്ട് പാർട്ടികൾക്കും “ഇസ്ലാമിക ഭരണ”ത്തിന്റെ കാര്യത്തിൽ പഴയ ആവേശമില്ലെന്നാണ് പൊതുവെയുള്ള പരാതി.

ആദ്യമേ പറയട്ടെ “ഇസ്ലാമിക ഭരണം” എന്ന് പറയുന്നത് ഇസ്ലാമിന്റെ മൗലിക സങ്കൽപ്പമൊന്നുമല്ല, മറിച്ച് ഒരു നവീന നിർമ്മിതിയാണ്. ചില ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ ചുവട് പിടിച്ച് ഇസ്ലാമിനെ പ്രത്യയശാസ്ത്രവൽക്കരിക്കാനുള്ള ഇരുപതാം നൂറ്റാണ്ടിലെ ചില സംഘടനകളുടെ ശ്രമമാണ് “ഇസ്ലാമിക ഭരണം” എന്ന സങ്കൽപ്പത്തിന് ജന്മം നൽകിയത്. “ഇസ്ലാമിക ഭരണം” നടപ്പാക്കാൻ ഏറ്റവും ഉത്തമന്മാർ തങ്ങളാണെന്ന് ഓരോ പാർട്ടിക്കാരും കരുതുക സ്വാഭാവികമാണ്. ഇത് അധികാരത്തിന് വേണ്ടിയുള്ള കിടമൽസരത്തിനും പരസ്പര വൈരത്തിനും വഴി വെക്കുമെന്നത് സാമാന്യ ബുദ്ധി മാത്രം.

ഇത്തരം മത രാഷ്ട്ര സങ്കൽപ്പം മതത്തിന്റെ അട്സ്ഥാന വിഭാവനകൾക്ക് വിരുദ്ധമാണെന്ന് സുവ്യക്തമാണ്. ഉദാഹരണത്തിന് “മതത്തിൽ ബലാൽക്കാരമില്ല”  (2:256)  എന്ന് ഖുർആൻ ഉദ്ഘോഷിക്കുന്നു. ഇത് “ഇസ്ലാമിക ഭരണം” എന്ന സങ്കൽപ്പത്തിന്റെ നിഷ്ക്കാസനമാണ്. കാരണം മനുഷ്യന് ഉപേക്ഷിക്കാനും ഉപേക്ഷിക്കാതിരിക്കാനും അവകാശമുള്ളതാണ് മത ശാസനകൾ. എന്നിരിക്കെ അവ നിയമമാക്കിയാൽ അത് വ്യക്തികൾ അനുസരിക്കാൻ നിർബന്ധിതമാകുമല്ലോ. അത് മതം മുമ്പോട്ട് വെക്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന് വിഘാതമാണ്. അതിനാൽ നിയമമുണ്ടാക്കേണ്ടത് മതാടിസ്ഥാനത്തിലല്ല മറിച്ച് സെക്കുലർ അട്സ്ഥാനത്തിലാണ് എന്ന് ഇതിൽ നിന്ന് തിരിച്ചറിയേണ്ടതുണ്ട്.

ഇനി നേരത്തേ സൂചിപ്പിച്ച ഈജിപ്തിലുണ്ടായ പ്രക്ഷോഭത്തിലേക്ക് തന്നെ തിരിച്ച് വരാം. “ഇസ്ലാമിക ഭരണ”ത്തിന്റെ കാര്യം അധികാരത്തിൽ കയറിയ പാർട്ടിക്കാർ മറന്നെങ്കിലും മറ്റ് ഈർക്കിൽ പാർട്ടികൾ മറക്കാഞ്ഞത് സ്വാഭാവികം മാത്രം. “ഇസ്ലാമിക ഭരണം” നടപ്പാക്കാൻ വൈകരുതെന്നാവശ്യപ്പെട്ട് സലഫിസ്റ്റ് ഫ്രണ്ട്, ഗമാ ഇസ്ലാമിയ തുടങ്ങിയ അത്തരം പാർട്ടികൾ നേതൃത്വം നൽകിയ പ്രസ്തുത പ്രക്ഷോഭത്തിൽ അധികാരത്തിലിരിക്കുന്ന ബ്രദർഹുഡും അൽ നൂറും പങ്കെടുത്തില്ലെന്നത് ശ്രദ്ധേയമാണ്.

“ഇസ്ലാമിക ഭരണം” നടപ്പാക്കുന്നതിന്റെ അപ്രായോഗികത ഇരു പാർട്ടിക്കാർക്കും നന്നായറിയാമെന്നതാണ് കാരണം. ബ്രദർഹുഡാകട്ടെ “ഇസ്ലാമിക ഭരണം” എന്ന വാക്ക് അബദ്ധത്തിൽ പോലും പറയുന്നില്ല താനും. പ്രസിഡന്റ് മുർസിയാകട്ടെ തന്നെ ജയിപ്പിച്ച് വിട്ട് ഇസ്ലാമിസ്റ്റുകൾക്കും പ്രായോഗിക യാഥാർത്ഥ്യങ്ങൾക്കും ഇടയിൽ ചെകുത്താനും കടലിനുമിടയിലെന്ന പോലെ പെട്ടിരിക്കുകയാണ്. “ഇസ്ലാമിക ഭരണം” പ്രഖ്യാപിച്ചാലുള്ള ഭവിഷ്യത്ത് നന്നായറിയാവുന്ന പ്രസ്തുത പാർട്ടിക്കാർ തങ്ങളെ വോട്ട് ചെയ്ത് ജയിപ്പിച്ച് വിട്ട കുഞ്ഞാടുകളെ പതുക്കെ തഴയുന്ന കാഴ്ച്ചയാണ് ഇവിടെ ദൃശ്യമാകുന്നത്.

ഇവിടെ മൗലികവാദവും പ്രായോഗിക യാഥാർത്ഥ്യങ്ങളും തമ്മിലുള്ള ചേർച്ചയില്ലായ്മയും ഒപ്പം മതത്തിന്റെ പ്രത്യയശാസ്ത്രവൽക്കരണവും അധികാര പ്രമത്തതയും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധവും ഒരു പോലെ അനാവരണം ചെയ്യപ്പെടുകയാണ്. പാമര ജനങ്ങളെ അവരുടെ ചപല വികാരങ്ങൾ ചൂഷണം ചെയ്ത് കൈയിലെടുക്കാനുള്ള ഒരു താൽക്കാലിക ഉപകരണം മാത്രമാണ്  മൗലികവാദമെന്നും എന്നാൽ പ്രായോഗിക രംഗത്ത് അത് ഉപകരിക്കില്ലെന്നുമുള്ളതിന് ഒരു ദൃഷ്ടാന്തമാണ് ഇത്.

No comments:

Post a Comment