Saturday, December 8, 2012

“ഇസ്ലാമിക് ബാങ്കിംഗ്” എന്നൊന്നുണ്ടോ?


ഇസ്ലാമിസ്റ്റുകളുടെയും അവരുടെ പ്രചാരണത്തിന് വശംവദരായവരുടെയും ഒരു മുഖ്യ മുദ്രാവാക്യമാണ് “ഇസ്ലാമിക് ബാങ്കിംഗ്”. ഇന്ന് നിലവിലുള്ള ബാങ്കിംഗ് സംവിധാനം പലിശയിലും ചൂഷണത്തിലും അധിഷ്ഠിതമാണെന്നും ഇസ്ലാം മുമ്പോട്ട് വെക്കുന്ന ബാങ്കിംഗ് സമ്പ്രദായം ലോകത്തിന്റെ സാമ്പത്തികപ്രശ്നങ്ങൾക്കെല്ലാം ഒരു ഒറ്റമൂലിയാണെന്നും അവർ പ്രചരിപ്പിക്കുന്നു. എന്നാൽ ബാങ്കിംഗ് പോലെ തികച്ചും ഭൗതികമായ വിഷയത്തിൽ ഇസ്ലാം എന്തെങ്കിലും വ്യവസ്ഥ മുമ്പോട്ട് വെക്കുന്നുണ്ടോ? “ഇസ്ലാമിക് ബാങ്കിംഗ്” എന്ന സംജ്ഞ തന്നെ സാധുവാണോ? ഈ വിഷയത്തിൽ ഒരു ചർച്ചയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

“പലിശ രഹിത വ്യവസ്ഥ” യാണ്  “ഇസ്ലാമിക് ബാങ്കിംഗി”ന്റെ അടിത്തറയായി വിശേഷിപ്പിക്കുന്നത്. എന്നാൽ പലിശ എന്താണെന്നതിനെ കുറിച്ച് മുസ്ലിം ജനസാമാന്യം ആശയക്കുഴപ്പത്തിലാണെന്നതാണ് സത്യം. ഉദാഹരണത്തിന് interest എന്ന് വിശേഷിപ്പിക്കപ്പെടുന്നതെല്ലാം ഖുർആൻ നിരോധിച്ച പലിശയാണെന്നാണ് പലരുടെയും ധാരണ. എന്നാൽ service charge, fine തുടങ്ങിയ കാര്യങ്ങളും interest തന്നെയാണ് വിശേഷിപ്പിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ഇസ്ലാം പലിശക്ക് സാങ്കേതികമായ ഒരു നിർവ്വചനം പോലും നല്കിയിട്ടില്ല. ആധുനിക കാലഘട്ടത്തിലെ യാഥാർത്ഥ്യങ്ങൾ പഴയ നിർവ്വചനങ്ങളെ അപ്രസക്തമാക്കുന്നു. ഉദാഹരണത്തിന് ഇന്ന് 10000 രൂപ കടം തന്നയാൾക്ക് 10 കൊല്ലം കഴിഞ്ഞ് 10000 തന്നെ തിരിച്ച് കൊടുക്കുന്നത് നീതിയാണോ? അതിനാൽ paper currency, വിലക്കയറ്റം തുടങ്ങിയ വസ്തുതകൾ കണക്കിലെടുക്കേണ്ടതുണ്ട്. അതിനാൽ “ചൂഷണത്തിലധിഷ്ഠിതമായ പണം കടം കൊടുപ്പാണ് പലിശ” എന്ന മൂല്യാധിഷ്ഠിത വിശേഷണം മാത്രമേ നമുക്ക് ഇസ്ലാമിന്റേതായി കാണാൻ കഴിയൂ.

ഉദാഹരണത്തിന് ബ്ലേഡ് പലിശയിലൂന്നിയ ഇടപാടുകൾ ചൂഷണത്തിലധിഷ്ഠിതമാണെന്നതിൽ സംശയമില്ല. അതിൽ പലിശ കൂടുതൽ കിട്ടും എന്നതല്ല അതിനാധാരം. മറിച്ച് അവിടെ നിക്ഷേപിക്കപ്പെടുന്ന മേഖലകൾ പലപ്പോഴും അധാർമ്മികമാണെന്നതാണ് എന്നതാണ്. പിന്നത്തെ ചോദ്യം സാമ്പ്രദായിക ബാങ്കിംഗ് ചൂഷണത്തിലൂന്നിയതാണോ? ഏത് മേഖലയിലുമെന്നത് പോലെ ഒരളവ് വരെ ചൂഷണം അവിടെയുമുണ്ടാകാം. എന്നാൽ വലിയൊരളവോളം ഇന്നത്തെ ബാങ്കിംഗ്, ഇൻഷുറസ്, പെൻഷൻ ഫണ്ട്, ബോണ്ടുകൾ തുടങ്ങിയവ സർക്കാർ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നതും ജനോപകാര പരിപാടികളെ കേന്ദ്രീകരിക്കുന്നതുമാണ്.  അത് കൊണ്ട് തന്നെ അവയിൽ നിന്നുള്ള വരുമാനം തുച്ഛവും വിലക്കയറ്റത്തെ മറികടക്കാൻ പോലും പര്യാപ്തമല്ലാത്തതുമാണെന്ന് കാണാൻ കഴിയും. പിന്നെങ്ങനെയാണ് അത് മുഴുവൻ ചൂഷണമാകുന്നത്?

ബാങ്ക് ഇൻററസ്റ്റിന്റെ അതേ രീതിയിലാണ് സർക്കാറിന്റേത് ഉൾപ്പെടെയുള്ള പെൻഷൻ സ്ക്കീമുകൾ, പ്രോവിഡന്റ് ഫണ്ട്, ഇൻഷുറൻസ് പോളിസികൾ, ഗവൺമെന്റ് ബോണ്ടുകൾ, മൈക്രോഫിനാൻസ് തുടങ്ങിയവയും പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തിന്റെ പുരോഗതിക്കും ഈ സാമൂഹ്യ സ്ഥാപനങ്ങൾ ചെയ്യുന്ന സേവനങ്ങളും സംഭാവനകളും ആർക്ക് നിഷേധിക്കാൻ കഴിയും? ഹദീസുകളുടെ തങ്ങളുടേതായ വ്യാഖ്യാനങ്ങൾക്ക് ചേരുന്നില്ല എന്ന കാരണത്താൽ മാത്രം ഇതിനെയൊക്കെ തള്ളിപ്പറയുന്നത് അൽപ്പത്വവും പ്രായോഗിക ബോധമില്ലായ്മയുമാണ്. ഈ വ്യാഖ്യാനങ്ങളാകട്ടെ ബാങ്കിംഗിനെ കുറിച്ചോ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചോ പറ്റി ഗ്രാഹ്യമൊന്നുമില്ലാത്ത മത പണ്ഡിതന്മാർ ഏതോ കാലത്ത് നടത്തിയതാണ് താനും. സർക്കാർ പെൻഷനും ഇൻഷുറൻസുമൊന്നും വേണ്ടെന്ന് പറയാൻ തയ്യാറുള്ള ഇസ്ലാമിക ബാങ്കിംഗ് വാദികളെയൊന്നും അധികം കണ്ടിട്ടുമില്ല.

ഇസ്ലാമിക് ബാങ്കിംഗിലും പണം കടമെടുക്കുന്നവരിൽ നിന്ന് service charge ഈടാക്കാറുണ്ട്. എന്നാൽ അത് “കുറവാ"ണെന്നതാണ് ഇസ്ലാമിക് ബാങ്കിംഗ് വക്താക്കളുടെ അവകാശ വാദം. “service charge” കുറയുന്നതും കൂടുന്നതും ഡിമാന്റ് ഉൾപ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഡിമാന്റിനെ സപ്ലൈയുമായി ബാലൻസ് ചെയ്യാനുള്ള പ്രകൃതിയുടെ സംവിധാനമാണ് ഒരു ഉൽപ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത്. അതിനാൽ service charge സാങ്കേതികമായി bank interest ൽ നിന്ന് വ്യത്യസ്തമല്ല. പലിശരഹിത നിക്ഷേപം, സഹായ പദ്ധതികൾ തുടങ്ങിയവ ആളുകളുടെ ഉദാരമനസ്ക്കതയെ ആശ്രയിച്ചിരിക്കുന്ന കാര്യങ്ങളാണ്. അതിനെ ബാങ്കിംഗായി കണക്കാക്കാൻ കഴിയില്ല. ഒരു അത്യാവശ്യക്കാരന് തന്റെ അടിയന്തിരവും വ്യക്തിപരവുമായ ആവശ്യങ്ങൾക്ക് ഉടനടി ആശ്രയിക്കാവുന്ന കാര്യങ്ങളല്ല അവയൊന്നും. അതിന് മാർക്കറ്റ് വ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള സംവിധാനം തന്നെ വേണം.

അതിനാൽ ബ്ലേഡുകാരുടെ കയ്യിൽ നിന്ന് പൊതുജനങ്ങളെ രക്ഷിക്കുകയും ആരുടെയും മുമ്പിൽ കൈ നീട്ടാതെ credit ന്റെ ലഭ്യത ജനകീയമാക്കുകയും ചെയ്യുകയെന്ന സദ്ക്കർമ്മമാണ് ബാങ്കുകൾ ചെയ്യുന്നതെന്ന് കാണാം. ബാങ്കുകൾ നഷ്ടത്തിൽ പങ്കാളികളാകാറില്ലെന്നതും മുതൽ മുടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ലെന്നതും തെറ്റിദ്ധാരണയാണ്. അമേരിക്കയിൽ പോലും ഈ സാമ്പത്തിക മാന്ദ്യത്തിൽ നിരവധി ബാങ്കുകൾ അടച്ചു പൂട്ടി നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടിരുന്നു. ബാങ്കിൽ നിക്ഷേപിച്ചാലും നഷ്ടം വരാമെന്ന് ഇത് കാണിക്കുന്നു. അതിനാൽ അക്കാര്യത്തിൽ ബാങ്കുകൾ ശ്രദ്ധ ചെലുത്താറുണ്ട്. എന്ത് കൊണ്ട് ഇന്ത്യയിൽ ബാങ്കുകളെ സാമ്പത്തിക മാന്ദ്യം ബാധിച്ചില്ല? അതിനാൽ അവിടെ പ്രസക്തം മികച്ച നടത്തിപ്പാണ്.

ഇന്നത്തെ ബാങ്കിംഗ് സംവിധാനത്തിലെ പോരായ്മകളും ചൂഷണങ്ങളും തിരുത്തണമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ അത്തരം മൂല്യാധിഷ്ഠിത പരിവർത്തനങ്ങൾ കൊണ്ട് മാത്രം ബാങ്കിംഗിന്റെ സാങ്കേതിക സ്വഭാവം മാറുന്നില്ല. സാങ്കേതികമായ ഒരു സംഭാവനയും ഇസ്ലാം ബാങ്കിംഗ് പോലുള്ള ഭൗതിക കാര്യങ്ങളിൽ ഉദ്ദേശിച്ചിട്ടില്ലെന്നിരിക്കെ എന്ത് കൊണ്ട് പലിശ രഹിത ബാങ്കിംഗിനെ “ഇസ്ലാമിക് ബാങ്കിംഗ്” എന്ന് വിളിക്കണം? (ബാങ്കിംഗിന്റെ സാങ്കേതിക കാര്യങ്ങളിൽ ഭൂരിഭാഗവും പാശ്ചാത്യ സംഭാവനയാണെന്നത് വേറെ കാര്യം). മൂല്യങ്ങളുടെ മേലുള്ള ഏതെങ്കിലുമൊരു വിഭാഗത്തിന്റെ മാത്രം അവകാശ വാദം സാധുവല്ല തന്നെ. അതിനാൽ “ഇസ്ലാമിക് ബാങ്കിംഗ്” എന്ന പ്രയോഗം ശരിയായതായി തോന്നുന്നില്ല. 

ഉദാഹരണത്തിന് കടകളും വീടുകളും വാടകക്ക് കൊടുക്കുന്ന കാര്യം തന്നെ എടുക്കുക. അവ മദ്യക്കച്ചവടം, ബ്ലേഡ് കച്ചവടം, അനാശ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയവക്ക് വാടകക്ക് കൊടുക്കാൻ പാടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാൽ ആ രീതിയിലുള്ള മൂല്യാധിഷ്ഠിതമായ വാടകക്ക് കൊടുക്കലിനെ അവതരിപ്പിച്ച് കൊണ്ട് അതിനെ “ഇസ്ലാമിക് റെന്റിംഗ്” എന്ന് വിളിക്കാൻ പറ്റുമോ? ഇത്തരം മൂല്യങ്ങൾ മുസ്ലിങ്ങൾക്ക് മാത്രം ബാധകമായതല്ലെന്നിരിക്കെ ഇത്തരം പ്രചാരണങ്ങൾ സങ്കുചിതത്വമായി മാത്രമേ കണക്കാക്കാൻ കഴിയൂ. പലിശക്കെതിരായ നിലപാടും എല്ലാ മതങ്ങളുടെയും പൊതുവായതാണെന്ന് ഇസ്ലാമിക് ബാങ്കിംഗുകാരും അംഗീകരിക്കുന്നു. അതിനാൽ അതിനെ സ്വന്തം മതത്തോട് ബന്ധപ്പെടുത്തി വിശേഷിപ്പിക്കുന്നത് അവരുദ്ദേശിക്കുന്ന മൂല്യാധിഷ്ഠിത ബാങ്കിംഗിന്റെ സ്വീകാര്യത കുറക്കാനാണ് ഉതകുക എന്ന് തിരിച്ചറിയേണ്ടതുണ്ട്. 

ആധുനിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ബാങ്കിംഗ്. സാമ്പത്തിക വ്യവസ്ഥയുടെ ജീവനാഢിയും പൊതുജനങ്ങൾ (മുസ്ലിങ്ങളിലെ ബഹുഭൂരിപക്ഷമുൾപ്പെടെ) ഏറ്റവും അധികം തങ്ങളുടെ ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നതുമാണ് സാമ്പ്രദായിക ബാങ്കിംഗ് സംവിധാനം. അതിനെ സാങ്കേതികമായി മൗലികമായ ഒരു വ്യത്യാസവുമില്ലാതെ സ്വീകരിക്കുകയാണ് ഇസ്ലാമിക് ബാങ്കിംഗുകാർ ചെയ്തിട്ടുള്ളത്. എന്നിട്ട് മുസ്ലിം ഉപഭോക്താക്കളെയും എണ്ണ സമ്പന്ന മുസ്ലിം രാജ്യങ്ങളെയും ആകർഷിക്കാൻ അതിന് മതകീയ പരിവേഷം നൽകുകയും സാമ്പ്രദായിക ബാങ്കിംഗിനെതിരെ കുപ്രചാരണം അഴിച്ച് വിടുകയാണ് അവർ ചെയ്യുന്നത്. ആധുനിക ബാങ്കിംഗ് സംവിധാനത്തിന്റെ സംഭാവനകളും അവിടെ പ്രവർത്തിക്കുന്നവരെല്ലാം കൊള്ളക്കാരും പലിശ വ്യാപാരികളുമല്ലെന്നും ഇസ്ലാമിക് ബാങ്കിംഗുകാർ അംഗീകരിച്ചേ പറ്റൂ.


10 comments:

 1. ഇസ്ലാമിക് ബാങ്കിംഗ് വര്‍ഗ്ഗീയത വളര്‍ത്താനുള്ള വഴിയാണ്. ethical banking എന്ന പേരില്‍ പണത്തിന്റെ തെറ്റായ ഉപയോഗത്തേയും കൊള്ള പലിശയേയും ഒക്കെ എതിര്‍ക്കുന്ന രീതികള്‍ ധാരാളമുണ്ട്. നമ്മുടെ ജാതിയും മതവുമൊക്കെ നമ്മുടെ സ്വകാര്യമാണ്. അത് വര്‍ഗ്ഗീയ ശക്തികള്‍ക്ക് മനുഷ്യനെ തമ്മിലടിപ്പിക്കാനുള്ള ആയുധമാകാന്‍ അനുവദിക്കരുത്.

  ReplyDelete
  Replies
  1. eslamil banking endhaanennu manasilaakkiyittu abhiprayam parayuka.. allaatheyulla vaachakangal verum aprasakthamaanu

   Delete
 2. കേരള സഹകരണ ബാങ്ക്: ഒരു ഇസ്ലാമിക ബദല്‍

  കേരള സഹകരണ ബാങ്ക്: ഒരു ഇസ്ലാമിക ബദല്‍
  പൂര്‍ണ്ണമായും ജീവിതഗന്ധിയായി സഹകരണ മേഖല ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. സഹകരണ പ്രസ്ഥാനവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമില്ലാത്ത ഒരു കുടുംബം പോലും കേരളത്തില്‍ ഇല്ലായെന്നുള്ളതാണ് വാസ്തവം. ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും മാറ്റത്തിന് നേതൃത്വം നല്‍കിക്കൊണ്ട് സഹകരണ മേഖല മുന്നേറുകയാണ്. നിക്ഷേപവായ്പാ രംഗത്തും ഉപഭോക്തൃ മേഖലകളിലും പ്രഫഷണല്‍ വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും സഹകരണ മേഖല കരുത്തുറ്റ സാന്നിധ്യമാണ്.

  കാര്‍ഷിക രംഗത്തും ദുര്‍ബല ജനവിഭാഗത്തിന്റെ ക്ഷേമപ്രവര്‍ത്തന രംഗത്തും സഹകരണ മേഖലയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. പക്ഷെ, ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം സഹകരണ മേഖലയിലും മറ്റു സാമ്പത്തിക സ്ഥാപനങ്ങളിലും നടക്കുന്ന ഇടപാടുകളിലധികവും പ്രത്യക്ഷമായോ പരോക്ഷമായോ അവന്റെ മതനിയമങ്ങള്‍ക്കെതിരാണ്. ഇസ്ലാം സാധാരണ അര്‍ത്ഥത്തിലുള്ള ഒരു കേവല ആരാധന ക്രമം മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളിലും അതിന് അതിന്റേതായ ക്രമങ്ങളുണ്ട്. അതിലൊന്നാണ് അതിന്റെ സാമ്പത്തിക വ്യവസ്ഥിതി എന്നുമാത്രം. ഈയൊരു പ്രശ്നത്തിന്റെ പരിഹാരമായാണ് ഇസ്ലാമിക ബാങ്കിംഗ് തത്വങ്ങളും കേരളത്തില്‍ നിലിവിലുള്ള സഹകരണ ബാങ്കിംഗ് ഘടനാ രീതിയും സമന്വയിപ്പിച്ച് ഒരു പുതിയ ബാങ്കിംഗ് ഘടന വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്.

  ലോകത്തിലെ ആദ്യത്തെ വിജയകരമായ സഹകരണ സംഘം 1844ല്‍ സ്ഥാപിക്കപ്പെട്ട റോക്ക്ഡയല്‍ ഇക്കിറ്റബ്ള്‍ സംഘമമാണ്. തുണി മില്ലുകളുടെ കേന്ദ്രമായ മാഞ്ചസ്റര്‍ പട്ടണത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ സ്ഥലമാണ് റോക്ക് ഡയല്‍. ജനങ്ങളില്‍ ഭൂരിഭാഗവും കൈത്തറി തൊഴിലാളികളാണ്. എന്നാല്‍ വ്യാവസായിക വിപ്ളവത്തിന്റെ ഫലമായി സാമൂഹ്യ സാമ്പത്തിക ഘടനയില്‍ കാതലായ പല വ്യതിയാനങ്ങളുമുണ്ടായി. മനുഷ്യശക്തിയും യന്ത്രങ്ങളും തമ്മിലുള്ള ഒരു വന്‍ പോരാട്ടമായിരുന്നല്ലോ വ്യാവസായിക വിപ്ളവം. അവസാനം യന്ത്രങ്ങള്‍ തന്നെ ജയിക്കുകയും മനുഷ്യന്റെ അധ്വാന ശക്തി പിന്‍തള്ളപ്പെടുകയും ചെയ്തതോടെ പലര്‍ക്കും തങ്ങളുടെ ജോലിയും നഷ്ടപ്പെട്ടു. മറ്റുള്ളവര്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പട്ടു. ഇതിനൊരു പോംവഴിയെന്നോണമാണ് 1843 ല്‍ റോക്ക് ഡയലിലെ ഇരുപത്തിയെട്ട് നെയ്ത്ത് തൊഴിലാളികള്‍ ഓരോ പവന്‍ വീതമെടുത്ത് ഒരു സഹകരണ സംഘം രൂപീകരിച്ചത്.

  ReplyDelete
 3. സഹകരണ ബാങ്ക്
  സമാന താല്‍പര്യക്കാരോ ജോലിക്കാരോ അല്ലെങ്കില്‍ ഒരു ദേശത്തെ ആളുകളോ കൂടിച്ചേര്‍ന്ന് ഞങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കും അഭിവൃദ്ധിക്കും വേണ്ടി രൂപീകരിക്കുന്ന ബാങ്കിംഗ് സംവിധാനം, ഇതാണ് സഹകരണ ബാങ്ക്. ഇവിടെ അംഗങ്ങളും ഉടമസ്ഥരും ഉപഭോക്താക്കളും എല്ലാം ഒന്നു തന്നെ. കാലദേശങ്ങള്‍ക്കനുസരിച്ച് സഹകരണ സംഘടന രൂപത്തില്‍ മാറ്റങ്ങളുണ്ടാവാമെങ്കിലും പൊതുവായ ചില സ്വഭാവങ്ങള്‍ ഇവ സൂക്ഷിക്കുന്നുണ്ട്. മുമ്പ് സൂചിപ്പിച്ചതു പോലെ ഉടമസ്ഥരും ഉപഭോക്താക്കളും ഒരു കൂട്ടര്‍ തന്നെ ആയിരിക്കും. രണ്ടാമതായി സ്ഥാപന നടത്തിപ്പു ചുമതല ജനാധിപത്യ രീതിയിലായിരിക്കും കൈമാറുക. സാധാരണ വാണിജ്യ ബാങ്കുകളില്‍ ശാഖാ സംവിധാനമാണ് പിന്തുടരുന്നതെങ്കില്‍ സഹകരണ ബാങ്കുകള്‍ ഫെഡറല്‍ രീതിയാണ് പിന്തുടരുന്നത്. കേരളത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ പ്രധാനമായും മൂന്ന് തലത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. താഴെ തട്ടില്‍ (ഗ്രാമം) പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവയുടെ കൂട്ടായ്മയായി ജില്ലാ തലത്തില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ നിലകൊള്ളുന്നു. ഒപ്പം സംസ്ഥാന തലത്തില്‍ എല്ലാം നിയന്ത്രിച്ചു കൊണ്ട് സംസ്ഥാന സഹകരണ ബാങ്കും നേതൃത്വം നല്‍കുന്നു.

  ReplyDelete
 4. ഇസ്ലാമും സഹകരണവും
  പരസ്പര സഹായ സഹകരണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയ മതമാണ് ഇസ്ലാം. സഹകരണത്തിന് അറബി ഭാഷയില്‍ തആവുന്‍ എന്ന പദമാണ് ഉപയോഗിക്കുന്നത്. ഈ പദം ഉപയോഗിച്ച് കൊണ്ടു തന്നെ വിശുദ്ധ ഖുര്‍ആന്‍ സഹകരണത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നത് നോക്കുക. "പുണ്യമുള്ള കാര്യങ്ങളിലും തഖ്വയിലും നിങ്ങള്‍ പരസ്പരം സഹകരിക്കുക. പാപത്തിലും അതിക്രമത്തിലും പരസ്പരം സഹകരിക്കരുത്'' (5:2). മതേതര സഹകരണ സിദ്ധാന്തത്തിനപ്പുറം സഹകരണങ്ങളെല്ലാം മൂല്യാധിഷ്ഠിതമായിരിക്കണമെന്നാണ് ഇസ്ലാമിന്റെ ആജ്ഞ. ഈയൊരു അന്വേഷണത്തിനുള്ള ചെറിയൊരു ശ്രമമാണിവിടെ നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ മനുഷ്യനെന്നല്ല, ഒരു ജീവിക്കും മറ്റൊന്നിന്റെ സഹകരണം കൂടാതെ നിലനില്‍ക്കാനാവില്ല നമുക്കു ചുറ്റുമുള്ള പ്രകൃതിയെ കുറിച്ച് ചിന്തിച്ചാല്‍ തന്നെ ഈ സത്യം വളരെ വ്യക്തമാവും. ഒരു ദിവസം സൂര്യ ചന്ദ്ര നക്ഷത്രാതി സെലസ്റിയല്‍ ബോഡീസ് പരസ്പരം സഹകരിക്കുന്നില്ലെന്ന് സങ്കല്‍പ്പിക്കുക , ലോകത്തിനെന്തു സംഭവിക്കും?

  നിരവധി ഹദീസുകളിലും സഹകരണത്തെ കുറിച്ച് പ്രവാചകര്‍ ഉല്‍ബോധിപ്പിക്കുന്നത് കാണാനാകും. "ഓരോ മുസ്ലിമും മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. ആരോടും അക്രമമോ അന്യായമോ ചെയ്തു പോകരുത്. ആരെങ്കിലും അവന്റെ സുഹൃത്തിന്റെ പ്രയാസങ്ങളകറ്റി ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുകയാണെങ്കില്‍ നാളെ പുനര്‍ജന്മ നാളില്‍ അല്ലാഹു അവന്റെ പ്രയാസങ്ങളും നീക്കുന്നതാണ്.'' ഇങ്ങനെ നിരവധി ഹദീസുകളില്‍ സഹകരണത്തിന്റെ പ്രാധാന്യം കാണാനാവും. മറ്റൊരു ഹദീസില്‍ ഇങ്ങനെ വായിക്കാനാവും"വിശ്വാസീ സമൂഹം കെട്ടിടത്തെ പോലെയാണ്, അതിലെ ഓരോ ഭാഗവും മറ്റൊരു ഭാഗത്തിന്റെ പിന്‍ബലമാണ്''

  ReplyDelete
 5. എന്തു കൊണ്ട് ഇസ്ലാമിക സഹകരണ ബാങ്ക്?
  പ്രധാനമായും ഇന്ന് ലോകത്ത് നിലവിലുള്ളത് രണ്ട് ബാങ്കിംഗ് രീതികളാണ്. പലിശയിലധിഷ്ഠിതമായ പരമ്പരാഗത ബാങ്കുകളും ഇസ്ലാമിക ഇടപാടു നിയമങ്ങളനുസരിച്ചുള്ള ഇസ്ലാമിക് ബാങ്കുകളും. ഇസ്ലാം ഒരിക്കലും ബാങ്കുകളെ നിരുത്സാഹപ്പെടുത്തുന്ന മതമല്ല. കാരണം കടം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു സ്ഥാപനം മാത്രമാണല്ലോ ബാങ്ക് എന്നത്. കടം കൊടുക്കലും വാങ്ങലും അനിസ്ലാമികമല്ല താനും. പക്ഷെ, പരമ്പരാഗത ബാങ്കുകളില്‍ നടന്നു വരുന്ന ഇടപാടുകളെല്ലാം ഇസ്ലാമിക ഇടപാടു നിയമങ്ങള്‍ക്കെതിരായതു കൊണ്ടാണ് മുസ്ലിം പണ്ഡിതന്മാര്‍ അതിനെ എതിര്‍ത്തു പോന്നത്. അങ്ങനെയെങ്കില്‍ ഇസ്ലാമിക ഇടപാടു നിയമങ്ങള്‍ക്കുനുസൃതമായ ബാങ്കിംഗ് സ്ഥാപനങ്ങള്‍ അനുവദനീയമാണെന്ന് സുതരാം വ്യക്തമാണ്.

  രണ്ടാമതായി, സ്ഥാപന സംഘടനാ രീതികളില്‍ ഏറ്റവും അനുയോജ്യവും അനുഗുണവും സഹകരണ രീതിയാണെന്ന് മുമ്പ് വിശദീകരിച്ചതില്‍ നിന്ന് മനസ്സിലായി. തദടിസ്ഥാനത്തില്‍ സഹകരണ സംഘടനാ രീതിയും ഇസ്ലാമിക ഇടപാടു ശാസ്ത്രവും സമന്വയിപ്പിച്ചുള്ള ഒരു പുതിയ ബാങ്കിംഗ് ന ചെറുകിട സാമ്പത്തിക മേഖലയിലെ ഒരുപാടു പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ ശാശ്വത പരിഹാരമാവുമെന്ന് പ്രത്യാശിക്കാം.

  ReplyDelete
 6. ഇസ്ലാമിക് ക്രെഡിറ്റ്
  കോപറേറ്റീവ് സൊസൈറ്റീസ്
  പരമ്പരാഗത ക്രെഡിറ്റ് കോപറേറ്റീവ് സൊസൈറ്റികളില്‍ സാധാരണയായി നാം കണ്ടു വരാറുള്ളത് ഇവയാണ്; അഗ്രികള്‍ച്ചറല്‍ സൊസൈറ്റി, ഹൌസിംഗ് സൊസൈറ്റി, വെഹികിള്‍ സൌസൈററി, എജുക്കേഷണല്‍ സൊസൈറ്റി. ഇവയില്‍ നിന്ന് ചിലതിന്റെ ഇസ്ലാമിക രൂപങ്ങള്‍ നമുക്കിവിടെ ചര്‍ച്ച ചെയ്യാം.

  1.ഇസ്ലാമിക് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി
  നേരത്തെ ചര്‍ച്ച ചെയ്തത് പോലെ കാര്‍ഷിക മേഖലയിലും നാല് തലങ്ങളിലായുള്ള ഫെഡറല്‍ സംവിധാനമായിരിക്കും ഗുണകരം. മഹല്ല് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രാഥമിക ഇസ്ലാമിക കാര്‍ഷിക സംഘത്തെയാണ് നാമിവിടെ ചര്‍ച്ച ചെയ്യുന്നത്. പ്രധാനമായും ഈ സ്ഥാപനം കൊണ്ട് ലക്ഷീകരിക്കുന്നത് പലിശരഹിത കാര്‍ഷിക ലോണുകളും കാര്‍ഷിക പുരോഗതിക്കാവശ്യമായ സലം, മുസാറഅ, ഇജാറ തുടങ്ങിയ മറ്റു ഇടപാടുകളുമാണ്. സലം എന്നത് കച്ചവടത്തിന്റെ മറ്റൊരു രൂപമാണ്. ഇവിടെ ഉപഭോക്താവ് വസ്തുവിന്റെ വില ആദ്യം തന്നെ നല്‍കുന്നു. കച്ചവട വസ്തു മറ്റൊരു നിശ്ചിത സമയത്തും. പക്ഷെ, ഈ ഇടപാടു സാധുവാകണമെങ്കില്‍ കച്ചവട വസ്തു ആദ്യമേ നിര്‍ണയിക്കപ്പെടുകയും കൃത്യമായി വിശേഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ഈ ഇടപാട് ഒരിസ്ലാമിക കാര്‍ഷിക ബാങ്കില്‍ എങ്ങനെ പ്രയോഗിക്കാമെന്ന് നോക്കാം. ഒരു കര്‍ഷകന്ന് തന്റെ കൈയില്‍ കൃഷിക്കാവശ്യമായ വിത്ത്, വളം, ഉപകരണങ്ങള്‍ എന്നിവയുണ്ട്. പക്ഷെ, അധിക ചെലവിനുള്ള പണം ഇല്ല. ഈ സന്ദര്‍ഭത്തില്‍ കര്‍ഷകന്‍ ബാങ്കിനെ സമീപിച്ച് സലം ഇടപാടിലൂടെ ആവശ്യമായ പണം കണ്ടെത്തും. ഉദാഹരണമായി കൊയ്ത്തു നടക്കല്‍ ഒക്ടോബര്‍ മാസത്തിലാണെന്ന് സങ്കല്‍പ്പിക്കുക, കര്‍ഷകന് അയ്യായിരം രൂപയുടെ ആവശ്യമുണ്ട്. എങ്കില്‍ ബാങ്ക് ഇപ്പോള്‍ തന്നെ കര്‍ഷകന് വേണ്ട പണം നല്‍കിക്കൊണ്ട് ഒക്ടോബര്‍ മാസത്തില്‍ ഒരു നിശ്ചിത സമയത്ത് ഇത്ര കിലോ നെല്ല് വില്‍ക്കണമെന്ന് കരാറിലേര്‍പ്പെടുന്നു. ഇവിടെ കര്‍ഷകന് തന്റെ ആവശ്യം ഇവിടെ പൂര്‍ത്തീകരിക്കപ്പെടുന്നു. ബാങ്കിന് എന്താണ് ലാഭമെന്ന ചോദ്യമുയരാന്‍ സാധ്യതയുണ്ട്. ഒന്നുകില്‍ ആ സമയത്തു തന്നെ അതിലേറെ വിലക്ക് മറ്റു കച്ചവടക്കാരുമായി സലം ഇടപാടിലേര്‍പ്പെടുകയോ അല്ലെങ്കില്‍ വസ്തു കിട്ടുന്ന സമയത്ത് വാങ്ങിയ വിലയേക്കാളധികം വിലക്ക് വില്‍ക്കുകയോ ചെയ്യാം.

  ഇനി കര്‍ഷകന്റെ പക്കല്‍ കൃഷിക്കാവശ്യമായി വിത്ത്, വളം , ഉപകരണം തുടങ്ങിയ വസ്തുക്കളൊന്നുമില്ലെങ്കില്‍ ബാങ്കിനെ സമീപിച്ച് മുസാറഅ കോണ്‍ട്രാക്റ്റിലേര്‍പ്പെടാം. മുസാറഅ എന്നാല്‍ മുദാറബ യുടെ കാര്‍ഷിക പതിപ്പാണ്. ഇവിടെ സംരഭത്തിനാവശ്യമായ മുഴുവന്‍ മൂലധനവും ബാങ്ക് വഹിക്കുകയും കര്‍ഷകന്‍ കൃഷിക്കാവശ്യമായ ശാരീരിക മാനസിക വൃത്തികളിലേര്‍പ്പെടുകയും ചെയ്യുന്നു. കരാറിലേര്‍പ്പെടുന്നതിന് മുമ്പു തന്നെ കാര്‍ഷികോല്‍പ്പന്നത്തില്‍ കര്‍ഷകന്റെയും ബാങ്കിന്റെയും വിഹിതം നിജപ്പെടുത്തിയിരിക്കണം. നിര്‍ണിതമായ വിഹിതമൊന്നും ഇസ്ലാം നിശ്ചയിച്ചിട്ടില്ല. ശാഫിഈ മദ്ഹബനുസരിച്ച് മുസാറഅ അനുവദനീയമല്ലെങ്കിലും ശാഫിഈ മദ്ഹബിലെ തന്നെ സുബുകി ഇമാമിനെ പോലെ ചില പണ്ഡിതന്മാരും ഹനഫീ മദ്ഹബുമൊക്കെ ഇതിനനുകൂലമാണ്. അതിനാല്‍ ഈ ഇടപാടിന്റെ സാധൂകരണത്തില്‍ ശാഫിഈ മദ്ഹബുകാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

  മേല്‍ വിവരിച്ച സലം, മുസാറഅ ഇടപാടുകള്‍ക്കു പുറമെ വാടക രൂപേണയും കര്‍ഷകനെ സഹായിക്കാന്‍ ബാങ്കിന് സാധിക്കും. വിലപിടിപ്പുള്ളതും വര്‍ഷത്തിലുടനീളം ആവശ്യമില്ലാത്തതുമായ ട്രാക്ടര്‍, കൊയ്ത്തു യന്ത്രം തുടങ്ങിയ വലിയ യന്ത്ര സാമഗ്രികള്‍ വാടകക്ക് ലഭിക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്കുള്ള വലിയൊരുപകാരമായിരിക്കും.
  2. ഇസ്ലാമിക് ഹൌസിംഗ് കോപറേറ്റീവ് സൊസൈറ്റി
  വീട്് മനുഷ്യ വര്‍ഗത്തിന്റെ മൂന്ന് അടിസ്ഥാന ആവശ്യങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ്. ഭക്ഷണം പാകം ചെയ്യാനും, അത് കഴിക്കാനും കുടുംബത്തോടൊപ്പം സുഖമായി കിടന്നുറങ്ങാനുമുള്ള സ്വന്തമായൊരു കിടപ്പാടം ഏതൊരു മനുഷ്യന്റെയും ആഗ്രഹമാണ്. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതലൊന്നും ചര്‍ച്ച ചെയ്യേണ്ടി വരില്ല, 2008ലെ രണ്ടാം മഹാ സാമ്പത്തിക ദുരന്തത്തിന്റെ മൂല കാരണം തന്നെ ഇതായിരുന്നല്ലോ.
  സാധാരണ സഹകരണ ഹൌസിംഗ് സൊസൈറ്റികളില്‍ വീടിനാവശ്യമായ തുക പലിശാധിഷ്ഠിത ലോണ്‍ മുഖേന നല്‍കലാണെങ്കില്‍ ഇസ്ലാമിക് ഹൌസിംഗ് സൊസൈറ്റിയില്‍ ഇത് പലരൂപത്തില്‍ ചെയ്യാനാകും.

  ReplyDelete
 7. മുറാബഹ ഹൌസ് ഫൈനാന്‍സിംഗ്
  ഒരു വ്യക്തി ഒരു വസ്തു വാങ്ങുകയും മറ്റൊരു വ്യക്തിക്ക് വാങ്ങിയ വിലയേക്കാള്‍ കൂടുതല്‍ വിലക്ക് വില്‍ക്കുകയും ചെയ്യുന്ന ഇടപാടാണ് മുറാബഹ. പക്ഷെ, ഉപഭോക്താവിന് മുമ്പില്‍ വാങ്ങിയ വില വ്യക്തമാക്കിയിരിക്കണമെന്ന് മാത്രം. ഇതാണ് സാധാരണ കച്ചവടവും മുറാബഹയും തമ്മിലുള്ള വിത്യാസം.

  മുറാബഹ ഇടപാട് ഇസ്ലാമിക് ഹൌസിംഗ് സൊസൈറ്റിയില്‍ എങ്ങനെ പ്രയോഗിക്കാമെന്ന് നോക്കാം. ഉപഭോക്താവിന് ആവശ്യമായ വീട് കണ്ടെത്തി, ബാങ്ക് അത് വാങ്ങി, അതിനേക്കാള്‍ വലിയ വിലക്ക് കടമായി വില്‍ക്കുന്നു. ഇസ്ലാമിക നിയമപ്രകാരം സ്വര്‍ണ്ണം, വെള്ളി, ഭക്ഷണം തുടങ്ങിയവയല്ലാത്ത ഏതൊരു വസ്തുവും കടമായും റൊക്കമായും വില്‍പ്പന നടത്താം. ഉപഭോക്താവിന് ആ സമയത്ത് വീട് വാങ്ങാന്‍ പണമില്ലാത്തത് കൊണ്ടാണല്ലോ ബാങ്കിനെ സമീപിക്കുന്നത്. അത്കൊണ്ട് റൊക്കമല്ലാത്ത മുറാബഹ ഇടപാടായിരിക്കും ബാങ്കില്‍ സാധാരണ നടക്കുക.

  മുശാറക്ക മുതനഖിസ ഹൌസ് ഫൈനാന്‍സിംഗ്
  മുശാറക്ക മുതനഖിസയെ ചുരുങ്ങിയ ഭാഷയില്‍ വിശദീകരിച്ചാല്‍ 'കുറയുന്ന പങ്കാളിത്തം' എന്നു പറയാം. ഇവിടെ ഒരു വസ്തുവിനെയോ അല്ലെങ്കില്‍ ഒരു സംരഭത്തെയോ ഒന്നിലധികം പേര്‍ ചേര്‍ന്ന് പങ്കാളികളായി ഉടമപ്പെടുത്തുന്നു. കാലക്രമേണ, ഇതില്‍ പെട്ട ഒരു വ്യക്തി മറ്റുള്ളവരുടെയെല്ലാം വിഹിതം വിലക്ക് വാങ്ങി ഈ വസ്തുവിനെ/ സംരഭത്തെ സ്വന്തമാക്കുന്നു.
  ഈ ഇടപാടു രീതി ഒരു ഇസ്ലാമിക ഹൌസിംഗ് സൊസൈറ്റിയില്‍ എങ്ങനെ പ്രയോഗിക്കാമെന്ന് നോക്കാം. ഉദാഹരണത്തിന്, ഉപഭോക്താവിന്റെ പക്കല്‍ വീടിനാവശ്യമായ തുകയുടെ 30% മാത്രമേ ഉള്ളുവെന്ന് സങ്കല്‍പിക്കുക. അങ്ങനെ അദ്ദേഹം ബാങ്കിനെ സമീപിക്കുന്നു. വീടിനാവശ്യമായ ബാക്കി വരുന്ന 70% തുക വഹിച്ച് കൊണ്ട് ബാങ്കും ഉപഭോക്താവും പങ്കാളികളായി ഒരു വീട് വാങ്ങുന്നു. മൊത്തം വീടിനെ പത്ത് ഓഹരികളാക്കി തിരിക്കാം. മൂന്ന് ഓഹരി ഉപഭോക്താവിന്റേതും ഏഴ് ഓഹരി ബാങ്കിന്റേതും. ഉപഭോക്താവ് വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയതിന്ന് ശേഷം ബാങ്കിന്റെ വിഹിതം വാങ്ങാത്ത കാലത്തോളം വീടിന് നല്‍കേണ്ട വാടകയുടെ പത്തില്‍ ഏഴ് ഭാഗം ബാങ്കിന് നല്‍കേണ്ടി വരും. കാരണം രണ്ടു വ്യക്തികള്‍ പങ്കായ വസ്തുവിന്റെ ഉപകാരം ഒരാള്‍ മാത്രം ഉപയോഗിക്കുമ്പോള്‍ മറ്റേ വ്യക്തിയുടെ വിഹിതത്തിനനുസരിച്ച് വാടക നല്‍കേണ്ടി വരുമെന്നര്‍ത്ഥം. ഇനി ഒരു മാസം കഴിഞ്ഞപ്പോഴേക്ക് ബാങ്കിന്റെ ഒരു വിഹിതം ഉപഭോക്താവ് വാങ്ങിയെങ്കില്‍ അടുത്ത മാസം മുതല്‍ വാടകയുടെ പത്തില്‍ ആറ് ഭാഗം മാത്രം ബാങ്കിന് നല്‍കിയാല്‍ മതി. ഇങ്ങനെ വീട് പൂര്‍ണ്ണമായും സ്വന്തമാക്കുന്നത് വരെ ബാങ്കിന് വാടക നല്‍കേണ്ടി വരും.

  മേല്‍ വിവരിച്ച മുറാബഹ, മുശാറകാ മുതനഖിസ എന്നതിനു പുറമെ ഇസ്തിസ്നാഅ്, ഇജാറ സുമ്മല്‍ ബൈഅ് തുടങ്ങി പല രൂപത്തിലും ഹൌസിംഗ് ഫൈനാന്‍സിംഗ് നടത്താവുന്നതാണ്.

  ReplyDelete
 8. ഇസ്ലാമിക് നോണ്‍ ക്രെഡിറ്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റീസ്
  ഇതുവരെ വിവരിച്ചത് ക്രെഡിറ്റ് സൊസൈറ്റികളെ കുറിച്ചാണ്. അതായത് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സഹകരണ സംഘങ്ങള്‍. ഇനി നോണ്‍ ക്രെഡിറ്റ് സ്ഥാപനങ്ങളെക്കുറിച്ച് അല്‍പം പരിചയപ്പെടാം. ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിങ് പോലെ ഒരു പ്രത്യേക ലക്ഷ്യം മുന്നില്‍ കണ്ടാണ് നോണ്‍ ക്രെഡിറ്റ് സഹകരണ സംഘങ്ങള്‍ സ്ഥാപിക്കപ്പെടുന്നത്. ഉദാഹരണമായി 'മില്‍ക് സൊസൈറ്റി'യെ എടുക്കാം. ക്ഷീര കര്‍ഷകനില്‍ നിന്നും പാല്‍ ശേഖരിച്ച് ഫാക്ടറിയില്‍ കൊണ്ടു പോയി പാക്കറ്റുകളിലാക്കി ജനങ്ങളിലെത്തിക്കുക എന്നതാണ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം. ഇവിടെ ക്ഷീര കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നതോടൊപ്പം സമൂഹത്തിന്റെ പാല്‍ ഡിമാന്‍ഡ് ഒരു പരിധി വരെ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നു.

  പാലുല്‍പ്പാദനം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി കാലി, കാലിത്തീറ്റകള്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായങ്ങളും പരമ്പരാഗത സൊസൈറ്റിയില്‍ നിന്ന് ലഭിക്കുന്നു. പക്ഷെ, അവിടെ നടക്കുന്ന പല ഇടപാടുകളും പ്രത്യേകമായോ പരോക്ഷമായോ പലിശയുമായി ബന്ധപ്പെടുന്നുണ്ടെന്നതാണു പ്രശ്നം. ഇസ്ലാമിക നിയമ പ്രകാരം നേരത്തെ വിശദീകരിച്ചതു പോലെ ഈ ഇടപാടുകളെല്ലാം പലിശ മുക്തമാക്കി മുറാബഹ, മുശാറക്ക മുതനഖിസ തുടങ്ങി പല രൂപത്തിലും ചെയ്യാന്‍ സാധിക്കും.

  നമ്മള്‍ ഇതുവരെ ചര്‍ച്ച ചെയ്തത് 'കേരള സഹകരണ ബാങ്ക്: ഒരു ഇസ്ലാമിക ബദലി'ന്റെ രൂപത്തെ കുറിച്ചായിരുന്നു. ഇന്ത്യ പോലോത്ത നൂറ് നൂറായിരം മതങ്ങളുള്ള ഒരു മതേതര രാജ്യത്ത് ഇത് സാധ്യമാണോയെന്ന് സ്വാഭാവികമായും സംശയിച്ചേക്കാം. ഒരു ഇസ്ലാമിക രാജ്യമാണെങ്കില്‍ ഇസ്ലാമിക കോടതികളും നിയമ വ്യവസ്ഥകളുമുണ്ടായിരിക്കും, അവിടെ ഇതു പോലൊത്തൊരു ഇസ്ലാമിക് ബാങ്കിംഗ് നടത്തിപ്പിന് കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വരില്ല. പക്ഷെ, ഒരു മതേതര മുസ്ലിമേതര രാജ്യമാണെങ്കില്‍ മേല്‍ പറഞ്ഞ രൂപത്തില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കില്ലെങ്കിലും ഒരു പരിധി വരെ നല്ല നിലയില്‍ സംഘടിപ്പിക്കാന്‍ സാധിക്കുമെന്നാണ് സാഹചര്യങ്ങള്‍ തെളിയിക്കുന്നത്.

  സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ഭൌതിക വിദ്യാഭ്യാസത്തിന് സമാന്തരമായി പ്രൈമറി തലം മുതല്‍ പിജി തലം വരെ സര്‍ക്കാറിന്റെ പ്രത്യക്ഷമായ ഒരു സഹായവുമില്ലാതെ ഇസ്ലാമിക വിദ്യാഭ്യാസത്തിന് വളരെ മനോഹരമായി നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ ബോര്‍ഡിന് അമ്പതാണ്ട് കഴിഞ്ഞ നാടാണ് കേരളം. ഈയൊരു പ്രവര്‍ത്തനാനുഭവം വെച്ച് നോക്കുമ്പോള്‍ ഇസ്ലാമിക് ബാങ്കിംഗ് സ്ഥാപനങ്ങളും നടത്താന്‍ സാധിക്കുമെന്നതാണ് വസ്തുത.

  ഇന്ത്യന്‍ ഭരണഘടനാ തടസ്സമാണ് മറ്റൊരു പ്രശ്നം. ഇന്ത്യന്‍ ബാങ്ക് ആക്ട് പ്രകാരം ഇന്ത്യയില്‍ ഒരു ഇസ്ലാമിക് ബാങ്കിംഗ് തുടങ്ങാന്‍ സാധ്യമല്ല. പക്ഷെ, ഇന്ത്യ അതിന്റെ ബാങ്കിംഗ് നിയമനിര്‍മ്മാണം കടം കൊണ്ടത് ബ്രിട്ടന്റെ ബാങ്കിംഗ് ആക്ടില്‍ നിന്നാണ്. ബ്രിട്ടനെന്ന ആ അമുസ്ലിം രാഷ്ട്രം ഇസ്ലാമിക സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കി തങ്ങളുടെ ബാങ്കിംഗ് ആക്ട് ഭേദഗതി ചെയ്യാന്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് കടം കൊണ്ട ഇന്ത്യന്‍ ബാങ്കിംഗ് നിയമങ്ങളും സമീപ ഭാവിയില്‍ മാറ്റത്തിന് വിധേയമാകാവുന്നതേയുള്ളൂ.

  സമുദായം ഒന്നു കൂടി ഉറക്കെ ചിന്തിക്കേണ്ട വിഷയമാണിത്. ഇപ്പോള്‍ ബാങ്കിലൂടെ നടക്കുന്ന എല്ലാ ഇടപാടുകളും ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് പലിശയുമായി ബന്ധപ്പെടുന്നുണ്ടെന്നതാണ് വസ്തുത. പലിശക്കെതിരില്‍ ശക്തമായി പ്രതികരിച്ച മതത്തിന്റെ അനുയായികളെന്ന നിലക്ക് തങ്ങളുടെ എല്ലാ ഇടപാടുകളും പലിശ മുക്തമാക്കിയിരിക്കണം. ഇത്തരം ഇസ്ലാമിക സംരഭങ്ങള്‍ തുടങ്ങുകയാണെങ്കില്‍ ഒരു പരിധി വരെ തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ ഇസ്ലാമീകരിക്കാനാവും.

  ReplyDelete