Friday, March 7, 2014

ആരാണ് മുസ്ലിം അഭ്യസ്തവിദ്യൻ?


വിവാദ ഇമെയിൽ കേസിലെ പ്രധാന പ്രതിയും ഹൈ-ടെക് എന്‍ക്വയറി സെല്ലിലെ റിസര്‍വ് എസ്.ഐയുമായ ബിജു സലിമിനെ പിരിച്ച് വിടാൻ തീരുമാനം.

സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യാന്വേഷണവിഭാഗം തീവ്രവാദിബന്ധം ആരോപിച്ച് മുസ്‌ലീം സമുദായത്തില്‍പ്പെട്ട പ്രമുഖര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന്റെ വിവരങ്ങൾ ബിജു ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആരോപണം. അന്വേഷണത്തിൽ ഒന്നാം പ്രതിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2012  ജനുവരിയിൽ ബിജു സലിമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിജു സലിമിന് പുറമെ ഡോ.ദസ്തകീർ, അഡ്വ.എസ് ഷാനവാസ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇവരെക്കൂടാതെ നിരവധി മാധ്യമപ്രവര്‍ത്തകരും പ്രതിപ്പട്ടികയിലുണ്ട്.

ഈ കേസിനെ കുറിച്ച് സൂക്ഷ്മമായി പഠിച്ചയാളല്ല ഞാൻ. എങ്കിലും ഇവിടെ എവിടെയായിരിക്കും പാകപ്പിഴ പറ്റിയത്? മുഖ്യ പ്രതികൾ എല്ലാം മുസ്ലിം അഭ്യസ്തവിദ്യരായത് കൊണ്ട് കേരളത്തിലെ ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐഡിയോളജിയാൽ സ്വാധീനിക്കപ്പെട്ടിരുന്നവരായിരുന്നോ അവർ? ഇവിടെ ഒരു ചോദ്യം ഉയരുന്നു. മുസ്ലിം അഭ്യസ്തവിദ്യന്റെ യഥാർത്ഥ ഐഡിയോളജി എന്താണ്? അഥവാ എന്താകണം?

സെക്കുലർ വിദ്യാഭ്യാസമെന്നത് കേവലം ഭൗതികവും നിർമ്മതവുമായ പ്രക്രിയയായി കണക്കാക്കരുത്. അത് പ്രപഞ്ചത്തെയും പ്രപഞ്ച ദൃഷ്ടാന്തങ്ങളെ പറ്റിയുള്ള വസ്തുനിഷ്ഠമായ പഠനമാണ്. ഏത് സെക്കുലർ മേഖലയും – അത് ശാസ്ത്രമാകട്ടെ, സാമ്പത്തിക ശാസ്ത്രമാകട്ടെ, തത്വശാസ്ത്രമാകട്ടെ, ചരിത്രമാകട്ടെ, നിയമമാകട്ടെ, സാങ്കേതികവിദ്യയാകട്ടെ – യാഥാർത്ഥ്യത്തോട് കൂടുതൽ അടുക്കാനും അത് വഴി ദൈവത്തെ കൂടുതൽ അറിയാനും നമ്മെ സഹായിക്കുന്നു.  കേവലം പഠനത്തിലുപരിയായി ആ സിദ്ധാന്തങ്ങളുടെ പ്രയോഗവൽക്കരണത്തിലൂടെ കിട്ടുന്ന ദൃഢജ്ഞാനമാണ് സെക്കുലർ വിദ്യാഭ്യാസത്തിന്റെ പ്രത്യേകത. അത് കൊണ്ട് തന്നെ ദൈവിക ദൃഷ്ടാന്തങ്ങളെ പറ്റി തിയറി മാത്രം പറയുന്ന മതപണ്ഡിതനേക്കാൾ പോലും ജ്ഞാനപരമായി ദൈവത്തോടടുക്കാൻ അഭ്യസ്തവിദ്യന് സാധിക്കും.

അത് കൊണ്ട് തന്നെ പ്രപഞ്ച ദൃഷ്ടാന്തങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഏകത്വത്തിന്റെ പരിപ്രേക്ഷ്യത്തിൽ കാര്യങ്ങളെ വീക്ഷിക്കാനും, തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനും കഴിയുന്നവനാകണം അഭ്യസ്തവിദ്യൻ. ലോകത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും അതിന് പ്രതിവിധികൾ മുമ്പോട്ട് വെക്കാനും കഴിയുന്നവനാകണം അഭ്യസ്തവിദ്യൻ. ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും അതിന്റെ പുറകെ പോകുന്നവനാകരുത് അവൻ. ശാസ്ത്രീയമായതിനേയും അന്ധവിശ്വാസങ്ങളെയും വേർതിരിച്ച് കാണാൻ അവൻ കെൽപ്പുള്ളവനാകണം.

സർക്കാർ ജോലി ഹറാമാണെന്ന് ഏതെങ്കിലും മൗലവി പറയുമ്പോൾ ജോലി രാജി വെക്കുന്നവനല്ല അഭ്യസ്തവിദ്യൻ. കാരണം സമൂഹത്തിന്റെ ഒരു അതിന്യൂനപക്ഷത്തിൽ മാത്രം പൊടുന്നനെ പൊട്ടിമുളക്കുന്ന ആശയങ്ങൾ ശരിയാകാൻ സാധ്യതയില്ലെന്ന് തിരിച്ചറിയാൻ അവന് കഴിയേണ്ടതുണ്ട്. പിന്നീട് അതിലെ അബദ്ധം മനസ്സിലാകുമ്പോൾ തെറ്റ് തിരുത്തുന്നതിന് പകരം ആത്മഹത്യ ചെയ്യുന്നവനുമല്ല അഭ്യസ്തവിദ്യൻ. കാരണം ആത്മഹത്യ വൻപാപമാണെന്നത് തർക്കമറ്റ കാര്യമാണ്.

അമ്മ ദൈവത്തെയും ബാബ ദൈവത്തെയും വിമർശിക്കാൻ ആവേശം കാണിക്കുന്നതിന് മുമ്പ് ആദ്യം സ്വന്തം വീട് നന്നാക്കാൻ നോക്കുന്നവനാകണം അഭ്യസ്തവിദ്യൻ. ഇറാക്കിലേയും ഫലസ്തീനിലേയും ദുരന്ത ചിത്രങ്ങൾ കാണിച്ച് മതവികാരം ഇളക്കി മുതലെടുക്കുന്നവന്റെ പുറകെ വോട്ടുമായി പോകുന്നവനാകരുത് അവൻ. മുസ്ലിം ലീഗ് അധികാരത്തിലിരിക്കുമ്പോൾ മാത്രം ഇമെയിൽ ലിസ്റ്റ് സംഘടിപ്പിച്ചെടുക്കുന്നവന്റെ മനോഗതം തിരിച്ചറിയാനെങ്കിലും അവന് കഴിയേണ്ടതുണ്ട്. ആ ലിസ്റ്റിൽ കൃത്രിമം നടത്തി “മുസ്ലിം ലിസ്റ്റാ”ക്കുന്ന മൗലവിയും അന്തരീക്ഷത്തിൽ നിന്ന് ഭസ്മം സൃഷ്ടിക്കുന്ന സ്വാമിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തിരിച്ചറിയുന്നവനാകണം അഭ്യസ്തവിദ്യൻ.

ജോലി നൽകിയ സർക്കാരിനോടും പൊതുസമൂഹത്തോടും വിശ്വാസവഞ്ചന കാണിക്കുന്നവനാകരുത് അഭ്യസ്തവിദ്യൻ. പിന്നീട് പൊതുജനങ്ങളുടെ മുമ്പിൽ വെച്ച് മുഖം മറച്ച് കൊണ്ട് അതിനെ ന്യായീകരിക്കേണ്ടി വരുന്നവനുമാകരുത്. മറിച്ച് അമുസ്ലിമായ ഈജിപ്ഷ്യൻ രാജാവിന്റെ മന്ത്രി പദം അലങ്കരിക്കുകയും മാത്രമല്ല ആ ദൗത്യം ഏറ്റവും വിശ്വസ്തതയോടെ നിർവ്വഹിച്ച ഖുർആനിലെ യൂസുഫ് നബിയാകണം അവന്റെ മാതൃക. പോലീസ് വകുപ്പിലെ ഇടനാഴികകളിൽ മുസ്ലിം പ്രാതിനിധ്യം ഇപ്പോൾത്തന്നെ എത്രത്തോളം ഉണ്ടാകുമെന്നും ഇത്തരം സംഭവങ്ങൾ അതിനെ എങ്ങനെ ബാധിക്കുമെന്നും ആർക്കും ഊഹിക്കാവുന്നതാണ്. അതൊന്നും തെല്ലും പരിഗണിക്കാതെ ഇത്തരം സ്കൂപ്പുമായി ഇറങ്ങിയവനിൽ ഈമാനും സാമുദായിക പ്രതിബദ്ധതയും ആരോപിക്കുന്നവനുമാകരുത് അഭ്യസ്തവിദ്യൻ. അതല്ലാത്തവൻ അഭ്യസ്തവിദ്യനല്ല, മറിച്ച് മഹാനായ അച്ചുമാമൻ പറഞ്ഞത് പോലെ കോപ്പിയടിച്ച് പാസ്സായവൻ മാത്രം.

No comments:

Post a Comment