Monday, December 28, 2015

മതവിജ്ഞാനത്തിന്റെയും ഭൗതികവിജ്ഞാനത്തിന്റെയും വിഭജനം.


മൗലാനാ വഹീദുദ്ദീൻ ഖാൻ

The legacy of Islam (1931) എന്ന തന്റെ പ്രസിദ്ധമായ ഗ്രന്ഥത്തിൽ ബാറോൺ കാരാ ഡി വോക്സ് അറബികളുടെ വൈജ്ഞാനിക നേട്ടങ്ങളെ അംഗീകരിക്കുന്നുണ്ടെങ്കിലും അവരെ ഗ്രീക്കുകാരുടെ ശിഷ്യന്മാർ മാത്രമായി തരംതാഴ്ത്തുന്നു. History of Western Philosophy   എന്ന തന്റെ ഗ്രന്ഥത്തിൽ ബർട്രാണ്ട് റസ്സലും അറബികളെ ഗ്രീക്ക്ചിന്തയുടെ സംപ്രേക്ഷകരായി മാത്രം മാത്രം കണക്കാക്കുന്നു; അതായത് യൂറോപ്പിലേക്ക് ഗ്രീക്ക് വിജ്ഞാനം തങ്ങളുടെ തർജ്ജമകൾ വഴി കൊണ്ടു വന്നവർ മാത്രമത്രേ അറബികൾ!

എന്നാൽ ഈ വീക്ഷണം അറബികളുടെ വൈജ്ഞാനികനേട്ടങ്ങളോട് നീതി പുലർത്തുന്നതല്ല. അറബികൾ ഗ്രീക്ക് സാഹിത്യങ്ങൾ പഠിച്ച് അവയിൽ നിന്ന് നേട്ടമെടുത്തവരാണെങ്കിലും അവർ യൂറോപ്പിലേക്ക് കൊണ്ട് വന്നത് ഗ്രീസിൽ നിന്ന് എടുത്തതിനേക്കാൾ വളരെയധികമായിരുന്നു. വസ്തുതയെന്തെന്നാൽ യൂറോപ്പിൽ നവോത്ഥാനത്തിന് വിത്ത് പാകിയ ആശയങ്ങൾ ഗ്രീക്ക് ചിന്തയുടെ ഭാഗമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ യൂറോപ്പിന്റെ മാറ്റം വളരെ നേരത്തെയാകുമായിരുന്നു. അതിന് വേണ്ടി ആയിരക്കണക്കിന് വർഷങ്ങൾ യൂറോപ്പിന് വൃഥാ പാഴാക്കേണ്ടി വരുമായിരുന്നില്ല.

ഗ്രീക്കുകാരുടെ പുരോഗമനം മുഖ്യമായി കലാ തത്വചിന്താ മേഖലകളിലായിരുന്നുവെന്നത് സുവിദിതമാണ്. ആർക്കിമിഡീസിന്റെ ദ്രവതത്വശാസ്ത്രമൊഴിച്ച് അവരുടെ ശാസ്ത്രസംഭാവനകൾ തുലോം വിരളമത്രേ.

ശാസ്ത്രീയ പര്യവേഷണത്തിനും ശാസ്ത്രപുരോഗതിക്കും ബൗദ്ധിക സ്വാതന്ത്ര്യം അനിവാര്യമാണെന്നത് തർക്കമറ്റ കാര്യമാണ്. എന്നാൽ അത്തരമൊരു അന്തരീക്ഷം ഗ്രീസിലുൾപ്പെടെയുള്ള പ്രാചീന ദേശങ്ങളിലുണ്ടായിരുന്നില്ല. ഉദാഹരണത്തിന് ഏതൻസിലെ യുവതയിൽ സ്വതന്ത്രചിന്താഗതി പ്രചരിപ്പിച്ചതിന് ശിക്ഷയായി സോക്രട്ടീസിനെ വിഷം കുടിപ്പിച്ച് കൊല്ലുകയായിരുന്നു. മണലിൽ ചിത്രങ്ങൾ വരച്ച് ജ്യാമിതീയ തത്വങ്ങൾ പരിചിന്തനം ചെയ്തു കൊണ്ടിരുന്ന ആർക്കിമിഡീസിനെ ഒരു റോമൻ പടയാളി വെട്ടിവീഴ്ത്തുകയായിരുന്നു. പ്ലൂട്ടാർക്കിന്റെ അഭിപ്രായപ്രകാരം (The Ancient Customs of the Spartans) സ്പാർട്ടക്കാർ എഴുതാനും വായിക്കാനും പഠിച്ചത് കേവലം പ്രായോഗികാവശ്യങ്ങൾക്കായിരുന്നു. മറ്റ് വൈജ്ഞാനികസ്വാധീനങ്ങൾ - പുസ്തകങ്ങൾ, പ്രബന്ധങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ - വിലക്കപ്പെട്ടിരുന്നു. ജനാധിപത്യ ഏതൻസിൽ കലയും തത്വ ചിന്തയും പുഷ്പിച്ചെങ്കിലും നിരവധി കലാകാരന്മാരും തത്വ ചിന്തകരും – ഈസ്ചിലസ്, യൂറിപിഡസ്, ഫീഡിയസ്, സോക്രട്ടീസ്, അരിസ്റ്റോട്ടിൽ ഉൾപ്പെടെയുള്ളവർ - നാടുകടത്തപ്പെടുകയോ, ജയിലിലടക്കപ്പെടുകയോ വധിക്കപ്പെടുകയോ, പാലായനം ചെയ്യുകയോ ആണ് ഉണ്ടായത്.

ഇല്യൂസിനിയൻ ആചാരങ്ങളെ ലംഘിച്ചെന്നാരോപിച്ചാണ് ഈസ്ചിലസിനെ വധിച്ചത്. അദ്ദേഹത്തിന്റെ അനുഭവം പുരാതന ഗ്രീസിൽ ശാസ്ത്ര പുരോഗതിക്കുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നതിന് ഏറ്റവും വലിയ തെളിവാണ്.

ആധുനികകാലത്തിന് മുമ്പുള്ള ശാസ്ത്രത്തിന്റെ അവസ്ഥ തിരിച്ചറിയാൻ സിൽവസ്റ്റർ രണ്ടാമൻ (ഗിൽബർട്) മാർപാപ്പയുടെ ദുരനുഭവം നോക്കിയാൽ മതി. 945 ൽ ജനിച്ച് 1003 ൽ മരിച്ച അദ്ദേഹം മഹാ വിജ്ഞാനിയും ഗ്രീക്ക്, ലാറ്റിൻ ഭാഷകളിൽ നിപുണനും വിവിധ മേഖലകളിൽ വൈജ്ഞാനികപ്രാവീണ്യം തെളിയിച്ചയാളുമായിരുന്നു.

967 ൽ മുസ്ലിം സ്പെയിനിലെ ബാർസലോണയിൽ എത്തിയ ഗിൽബർട് അവിടെ മൂന്ന് കൊല്ലം തങ്ങി അറബികളുടെ ശാസ്ത്രങ്ങൾ പഠിച്ച് അതിൽ അതീവ ആകൃഷ്ടനായി. റോമിൽ തിരിച്ച് വന്ന അദ്ദേഹം നിരവധി തർജ്ജമകളും ഒരു ആസ്ട്രോലാബും കൊണ്ടുവന്നു. എന്നാൽ അറബ് ശാസ്ത്രവും മീമാംസയും ഗണിതവും ഗോളശാസ്ത്രവും പഠിപ്പിക്കാൻ തുടങ്ങിയ അദ്ദേഹത്തിന് കടുത്ത എതിർപ്പുകൾ നേരിടേണ്ടതായി വന്നു. അദ്ദേഹത്തിന്റെ വിജ്ഞാനത്തെ സ്പെയിനിൽ നിന്ന് കിട്ടിയ ദുർമന്ത്രവാദമായും പൈശാചിക ദുർബോധനമായും മുദ്ര കുത്തപ്പെട്ടു. അത്തരം പ്രതികൂലാവസ്ഥയിൽ അദ്ദേഹം റോമിൽ വെച്ച് മെയ് 12, 1003 ൽ മരണപ്പെടുകയാണുണ്ടായത്.

രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ ഇസ്ലാമിന്റെ കാലം വരെ ബൗദ്ധികസ്വാതന്ത്ര്യമെന്ന ഒന്ന് ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. അതു കൊണ്ടാണ് പുരാതന കാലങ്ങളിൽ ശാസ്ത്രചിന്ത പ്രകടിപ്പിച്ച ഒറ്റപ്പെട്ട വ്യക്തികളുടെ ചരിത്രങ്ങൾ മാത്രം നാം കേൾക്കുന്നത്. ആ ചിന്തകൾ അത്തരം വ്യക്തികളിൽ നിന്ന് ഒരു പ്രസ്ഥാനമായി വികസിച്ചതുമില്ല. ബൗദ്ധികസ്വാതന്ത്ര്യത്തിന്റെ അഭാവത്തിൽ ആ ചീന്തുകൾ മുളയിലേ നുള്ളപ്പെടുകയാണുണ്ടായത്.

ചരിത്രത്തിലാദ്യമായി ഇസ്ലാം മതവിജ്ഞാനത്തെ ഭൗതികവിജ്ഞാനത്തിൽ നിന്ന് വേർതിരിച്ചു. മതവിജ്ഞാനത്തിന്റെ ഉറവിടം ദിവ്യവെളിപാടായി അംഗീകരിക്കപ്പെട്ടപ്പോൾ ഭൗതികപ്രതിഭാസങ്ങളുടെ മനനത്തിനും അഭിപ്രായരൂപീകരണത്തിനും പൂർണ്ണവ്യക്തിസ്വാതന്ത്ര്യം നൽകപ്പെട്ടു.

ഹദീസ് ഗ്രന്ഥങ്ങളിൽ രണ്ടാം സ്ഥാനം കൽപ്പിക്കപ്പെടുന്ന ഇമാം മുസ്ലിമിന്റെ “സഹീഹി”ൽ ഇങ്ങനെ തലക്കെട്ടുള്ള ഒരു അദ്ധ്യായം കാണാവുന്നതാണ്: മതപരമായ കാര്യങ്ങളിൽ മാത്രമേ നബിയെ പിന്തുടരേണ്ടതുള്ളു, ലൗകിക കാര്യങ്ങളിലല്ല

ഈ അദ്ധ്യായത്തിൽ മൂസാ ഇബ്ന് തൽഹ അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസ് ഇപ്രകാരമാണ്:

ഒരിക്കൽ നബി ഈത്തപ്പനകളിൽ കൃത്രിമപരാഗണം നടത്തുന്ന ചിലരെ കണ്ടു. ഇത് കൊണ്ട് അവർക്ക് എന്തെങ്കിലും ഗുണം കിട്ടുമെന്ന് കരുതുന്നില്ലഎന്ന് അവിടുന്ന് പറയുകയുണ്ടായി. ഇത് കേട്ട അവർ പ്രസ്തുത സമ്പ്രദായം നിറുത്തി വെച്ചു. എന്നാൽ അടുത്ത വർഷം വിളവ് മോശമായിരുന്നു. ഇതറിഞ്ഞപ്പോൾ നബി പറഞ്ഞു: കൃത്രിമപരാഗണം കൊണ്ട് ഗുണമുണ്ടെങ്കിൽ അവരത് തുടരേണ്ടതാണ്. ഞാൻ ഒരു നിഗമനം നടത്തിയെന്ന് മാത്രമേയുള്ളു. അത് ഒരു അഭിപ്രായം മാത്രമായിരുന്നു. അത്തരം കാര്യങ്ങളിൽ എന്റെ അഭിപ്രായം പിന്തുടരേണ്ട കാര്യമില്ല. എന്നാൽ ഞാൻ ദൈവത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് പിന്തുടരേണ്ടതുണ്ട്. കാരണം ദൈവത്തെക്കുറിച്ച് പറയുമ്പോൾ ഞാൻ ഒരിക്കലും തെറ്റു പറയുകയില്ല.

ഈ സംഭവം നബി (സ)യുടെ പത്നി ആഇശയും നബി (സ)യുടെ സന്തതസഹചാരികളായിരുന്ന അനസ്, സാബിത് എന്നിവരും ഉദ്ധരിക്കുന്നു.

ഈ ഹദീസനുസരിച്ച് ഇസ്ലാം മതകാര്യങ്ങളെ ശാസ്ത്രഗവേഷണത്തിൽ നിന്ന് വേർതിരിച്ചിരിക്കുന്നു. മതകാര്യങ്ങളിൽ ദൈവിക നിർദ്ദേശമനുസരിച്ച് മാത്രം പ്രവർത്തിക്കണം. എന്നാൽ ശാസ്ത്ര ഗവേഷണങ്ങളിൽ പ്രായോഗിക പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ മുമ്പോട്ട് പോകണം. ഈ വീക്ഷണമാണ് ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവത്തിന് വഴിയൊരുക്കിയത്


No comments:

Post a Comment