Monday, January 18, 2016

ഇറാൻ - പവനായിയും ശവമായി


അങ്ങനെ പവനായിയും ശവമായി!

ഇറാന്റെ സമുദ്രാതിർത്തി ലംഘിച്ച് പിടിയിലായ അമേരിക്കൻ നാവികർക്ക് ചോറും കറിയും വിളമ്പുന്ന ഇറാന്റെ റവല്യൂഷണറി ഗാർഡുകളായിരുന്നു അടുത്തിടെ ലോകമാധ്യമങ്ങളിലെ താരങ്ങൾ. അമേരിക്കയെ വെല്ലുവിളിച്ചും ഇസ്രായേലിനെ “തുടച്ച് നീക്കാൻ” കോപ്പു കൂട്ടിയും നടന്നിരുന്ന അഹ്മദി നിജാദിന്റെ ഇറാൻ ഇന്ന് ഏറെ മാറിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ചിത്രങ്ങൾ. നാവികരെ തിരിച്ച് വിട്ടു കൊടുക്കാൻ ഇറാൻ കാണിച്ച വ്യഗ്രത തന്നെ മതത്തെ ഏറ്റുമുട്ടലിന്റെ പാതയാക്കുന്നതിന്റെ അനഭിലഷണീയതയെപ്പറ്റി ഇറാൻ പഠിച്ച ചില നല്ല പാഠങ്ങളുടെ സാക്ഷ്യപത്രമാണ്.

ജനാധിപത്യ രാഷ്ട്രമാണെങ്കിലും ശീഈ പൗരോഹിത്യത്തിന് സമ്പൂർണ്ണ ആധിപത്യമുള്ള ഭരണസംവിധാനമാണ് ഇറാന്റേത്. ഇറാന്റെ ഈ മതരാഷ്ട്ര സംവിധാനം ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും വിനാശം മാത്രമേ വരുത്തിയിട്ടുള്ളൂ. ഷിയാ താല്പര്യങ്ങൾ  സംരക്ഷിക്കാനെന്ന പേരിൽ  സുന്നി മുസ്ലിം രാഷ്ട്രങ്ങളായ സിറിയയിലെയും, യമനിലെയും, സൗദി അറേബ്യയിലെയും, സുന്നി ഭരണം നിലനൽക്കുന്ന ബഹ്റൈനിലെയുമെല്ലാം ആഭ്യന്തരകാര്യങ്ങളിൽ യാതൊരു ഉളുപ്പുമില്ലാതെ ഇടപെടാനും സിറിയയിലെ സുന്നികളെ വംശീയ ഉന്മൂലനം നടത്താൻ പോലും “ഇസ്ലാമിക് റിപ്പബ്ലിക്കിന്” തെല്ലും മടിയുണ്ടായിട്ടില്ലെന്നതാണ് വാസ്തവം. സൗദി പൗരനായ ശീഈ പണ്ഡിതൻ അൽനിംറിനെ സൗദി കോടതി വധശിക്ഷക്ക് വിധിച്ചപ്പോൾ ഇറാനിലെ സൗദി എംബസ്സി അഗ്നിക്കിരയാക്കപ്പെട്ട സംഭവം ഒരു ഉദാഹരണം മാത്രം.

ഇറാന്റെ "ഇസ്രായേൽ വിരോധം" ആണവ ലക്ഷ്യത്തിന് മേഖലയിൽ പിന്തുണ ലഭിക്കാനുള്ള ട്രോജൻ ആയി മാത്രം വേണം കണക്കാക്കാൻ. എന്നാൽ അതിന് ലോകരാജ്യങ്ങളിൽ നിന്ന് കിട്ടിയ തിരിച്ചടി ഇറാന് താങ്ങാവുന്നതിനപ്പുറമായിരുന്നു.  ആണവ പദ്ധതിയുടെ പേരിൽ ഇറാന്റെ മേൽ ചുമത്തപ്പെട്ടിരുന്ന ഉപരോധങ്ങൾ രാജ്യത്തിന് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. 2012 ന് ശേഷം മാത്രം എണ്ണവ്യാപാരത്തിനുള്ള വിലക്ക് കൊണ്ട് 160 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. 100 ബില്യൺ ഡോളറിന്റെ വിദേശ ആസ്തികൾ മരവിപ്പിക്കപ്പെട്ടു. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര നിയന്ത്രണങ്ങൾ മൂലം വിമാനങ്ങളുടെ സ്പെയർ പാർട്സുകൾ പോലും ലഭ്യമല്ലാതിരുന്നതിനാൽ വിമാന ദുരന്തങ്ങൾ തുടർക്കഥയായി. കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു.

ഇതിനെല്ലാം പുറമെ അന്താരാഷ്ട്ര വിപണിയിൽ എണ്ണക്ക് ഇറാൻ ബ്ലാക്കിൽ വിറ്റിരുന്നതിനേക്കാൾ വിലയിടിഞ്ഞതാണ് ഇറാന്റെ നടുവൊടിച്ചത്. ഇനിയും നോക്കിയിരുന്നാൽ ബാരലിന് 10 ഡോളറിന് വിൽക്കേണ്ടി വരുമെന്ന സ്ഥിതി വിശേഷമാണ് ഇറാനെ മര്യാദക്കാരനാക്കിയത്. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) വരച്ച വരയിൽ നിന്ന് ഗുഡ് സർട്ടിഫിക്കറ്റ് നേടിയെടുത്താണ് ഇറാൻ ഉപരോധത്തിൽ നിന്ന് തലയൂരിയത്.  അതും പോരാഞ്ഞ് ഉപരോധം നീക്കുന്നതിന്റെ തലേന്ന് ചാരവൃത്തിക്ക് തടവിലായിരുന്ന നാല് അമേരിക്കൻ പൗരന്മാരെ കൂടി സ്വതന്ത്രരാക്കി ഇറാൻ പഠിച്ച പാഠങ്ങൾ ഏത്തമിട്ടു പറഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ മതരാഷ്ട്രീയത്തിന്റെ പിടിവാശിക്ക് വഴങ്ങാത്ത പ്രായോഗികയാഥാർത്ഥ്യങ്ങളാണ് ആണവവിഷയത്തിൽ ഇറാനെ അടിയറവ് പറയിച്ചത്. 

ഇതിന്റെയൊക്കെ വല്ല ആവശ്യമുണ്ടായിരുന്നോയെന്ന് ആയത്തൊല്ലയോട് ചോദിച്ചിട്ട് കാര്യമില്ലല്ലോ. ഇറാൻ സാമ്പത്തികമായി മെച്ചപ്പെടുന്നത് മേഖലയിലെ ശീഈ വിധ്വംസകപ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്ന് ശക്തിപ്പെടുത്തുമെന്ന ആശങ്ക ഉയരുന്നുണ്ടെങ്കിലും ആണവവിഷയത്തിൽ  ഇറാൻ  ഒതുങ്ങിയത് ലോകസമാധാനത്തിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. ഇറാന് ആണവായുധം ലഭിക്കുന്നത് യഥാർത്ഥത്തിൽ സൗദി അറേബ്യയടക്കമുള്ള സുന്നി രാജ്യങ്ങൾക്ക് വൻ ഭീഷണിയാണെന്ന് സമകാലീന സംഭവങ്ങൾ വ്യക്തമാക്കുന്നു. ആണവ നിലയങ്ങൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ദുരന്തസാധ്യതകളും മറ്റൊരു വശത്ത്. ഇറാനെ മെരുക്കാൻ നിലവിലെ സാഹചര്യത്തിൽ മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് കെല്പില്ലെന്നിരിക്കെ ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ലോക രാജ്യങ്ങൾക്ക് ഒരു താങ്ക്സ് പറയുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് എന്റെ പക്ഷം. പോരാത്തതിന് ഇറാനിലെ പാവങ്ങളും കഞ്ഞി കുടിച്ച് പോകട്ടെ.

No comments:

Post a Comment