Monday, October 17, 2016

സാകിർ നായിക്ക് - മിത്തും യാഥാർത്ഥ്യവും


സാകിർ നായിക്ക് എ‍ന്നും ഒരു വിവാദനായകനായിരുന്നു. ബംഗ്ലാദേശിൽ ഈയിടെ നട‍ന്ന ഭീകരാക്രമണത്തിന്റെ ആശയ സ്രോതസ്സ് സാകിർ നായിക്കായിരുന്നു എ‍ന്ന ആരോപണമാണ് സാകിറിനെ വീണ്ടും മാധ്യമങ്ങളിൽ ഉയർത്തിക്കൊണ്ടു വ‍ന്നത്. സാകിർ നായിക്കിന്റെ വീഡിയോകൾ അധികം കണ്ടിട്ടില്ലെങ്കിലും സ്വന്തം മതത്തിന്റെ അപ്രമാദിത്വം സ്ഥാപിക്കാൻ ഒരു ടെലിവാഞ്ചലിസ്റ്റ് നടത്തുന്ന പാഴ്ശ്രമങ്ങൾക്കപ്പുറമായി തീവ്രവാദപ്രവർത്തനങ്ങൾക്കുള്ള ഒരു തുറന്ന ആഹ്വാനം സാക്കിർ നായിക്ക് നടത്തിയിട്ടുണ്ടോ എ‍ന്നറിയില്ല. എ‍ന്നാൽ സാക്കിർ നായിക്ക് വിമർശിക്കപ്പെടു‍ത് അത് കൊണ്ടൊന്നുമല്ല. 

 സാക്കിർ നായിക്കിനെ കുറിച്ച് ചിന്തിക്കുമ്പോൾ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്ത് കൊണ്ട് സാകിർ നായിക് ഒരു വിവാദപുരുഷനായി? സാമ്പ്രദായിക മുസ്ലിം പണ്ഡിതന്മാരിൽ നിന്ന് എന്ത് പ്രത്യേകതയാണ് സാകിറിനുള്ളത്? മറ്റ് പ്രമുഖ പണ്ഡിതന്മാരിൽ നിന്ന് വിഭി‍ന്നമായി വിവാദങ്ങൾ സൃഷ്ട്ക്കുക എന്നത് സാകിറിന്റെ മഹത്വമായിട്ടാണോ കണക്കാക്കേണ്ടത്? അത്തരം വിവാദപരമായ പ്രവർത്തനങ്ങൾ നടത്തേണ്ടത് ഇസ്ലാമിന്റെ തേട്ടമാണോ? ആണെങ്കിൽ ത‍ന്നെ അതിനുള്ള നിയോഗം ഒരു ഔപചാരിക മതപണ്ഡിതനല്ലാത്ത സാകിറിൽ എങ്ങനെ വന്നു ചേർന്നു?

സാകിറിനെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണയാണ് സാകിർ ഒരു ഇസ്ലാം മത പ്രചാരകനാണ്എന്നും ഇസ്ലാം മതത്തിന്റെ കക്ഷിഭേദങ്ങളില്ലാത്ത പൊതു തത്വങ്ങളെയാണ് സാകിർ പ്രതിനിധീകരിക്കു‍തെന്നും. സാകിർ ഒരു അഭ്യസ്തവിദ്യനായത് കൊണ്ടും ഇസ്ലാമിന്റെ ഔന്നത്യത്തെക്കുറിച്ചു ശാസ്ത്രീയമായിസമർത്ഥിക്കു‍ത് കൊണ്ടും ഈ ധാരണ ശക്തിപ്പെടാൻ കാരണമായിട്ടുണ്ട്. എന്നാൽ വസ്തുത ഇന്ത്യയിലെ വഹാബി (സലഫി) പ്രസ്ഥാനത്തിന്റെ ഒരു മുഖ്യ പ്രായോജകനത്രെ സാകിർ നായിക്.  സാകിർ നായിക് വ്യാപകമായ തോതിൽ മതപരിവർത്തനം നടത്തി എന്ന ഗുരുതരമായ ആരോപണം അദ്ധേഹത്തിന്റെ പ്രതിയോഗികൾ ആരും തന്നെ ഉന്നയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സാകിർ പ്രചരിപ്പിക്കുന്ന ഇസ്ലാമിന്റെ "ഔന്നത്യ വാദം" (supremacism) യഥാർത്ഥത്തിൽ ഇതരമതസ്ഥരുടെയിടയിൽ മതപ്രചാരണത്തിന് ഫലപ്രദമല്ലെന്നും മറിച്ച് മുസ്ലീങ്ങളെ തന്നെ ആകർഷിക്കാൻ മാത്രം പര്യാപ്തമാണെന്നുമുള്ളതാണ് ഒരു മനശാസ്ത്രവശം. സാകിർ സംഘടിപ്പിക്കുന്ന "ഡിവൈൻ കൺവെൻഷനുകളിൽ" പങ്കെടുക്കുന്ന ഏതാണ്ടെല്ലാവരും മുസ്ലീങ്ങൾ തന്നെയായിരിക്കുന്നതിന്റെ ഗുട്ടൻസ് അതാണ്. അമുസ്ലിംകൾക്കിടയിൽ ഇസ്ലാം പ്രചരിപ്പിക്കുകയെ‍തിനേക്കാൾ ഇന്ത്യയിലെ മുസ്ലിംകൾക്കിടയിൽ വഹാബിസം പ്രചരിപ്പിക്കുകയാണ് സാകിറിന്റെ ദൗത്യമെന്ന് മനസ്സിലാക്കാവുന്നതാണ്.

സാകിറിന്റെ വിവാദപരമായ നിരവധി പ്രസ്താവനകളുണ്ട്. ബിൻലാദനെ അനുകൂലിച്ച് കൊണ്ടുള്ള പ്രസ്താവനയാണ് അതിൽ ഏറ്റവും കുപ്രസിദ്ധം. വിശ്വാസ സ്വാതന്ത്ര്യത്തിന്റെ പേരിൽ സ്വന്തം മതത്തിന്റെ (യഥാർത്ഥത്തിൽ വഹാബിസത്തിന്റെ) പ്രചാരണം നടത്തുമ്പോൾ തന്നെ മുസ്ലിം രാജ്യങ്ങളിൽ ഇസ്ലാം മതം ഉപേക്ഷിക്കുകയും മറ്റ് മതങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന മുസ്ലീങ്ങൾ വധിക്കപ്പെടണമെന്ന അഭിപ്രായമാണ് ഈ വിദ്വാനുള്ളത്. മുസ്ലിം രാജ്യങ്ങളിൽ അമുസ്ലിം ആരാധനാലയങ്ങൾ അനുവദിക്കു‍ന്നതിനെതിരെയും ഇദ്ദേഹം വാദിക്കുന്നു. സാകിറിന്റെ ഈ തത്വങ്ങൾ വഹാബിസത്തിന്റെ ഈറ്റില്ലമായ സൗദി അറേബ്യയുടെ നയങ്ങളുമായി ഒത്തു പോകുന്നു എന്നത് യാദൃശ്ച്കമല്ല.

എ‍ന്നാൽ തീവ്രവാദത്തിനുള്ള ഒരു ആഹ്വാനമെന്നതിനേക്കാൾ ഈ വ്യക്തിയുടെ ബൗദ്ധിക നിലവാരം വെളിപ്പെടുത്തു‍താണ് സാകിറിന്റെ പ്രസ്താവനകളെന്നാണ് എന്റെ അഭിപ്രായം. അതിന് പറ്റിയ അനുയായികളെയാണ് സാകിറിന് കിട്ടിയിരിക്കുന്നതും. ലോകത്ത് ഓരോ സെക്കന്റിലും ഒരാൾ വീതം ഇസ്ലാം മതം സ്വീകരിച്ചു കൊണ്ടിരിക്കുന്നു എ‍ന്ന് ആവേശം കൊള്ളുന്ന ഈ അനുയായിവൃന്ദമാണ് സാകിറിന്റെ മുഖ്യ പിൻബലം. ഇസ്ലാം മതം സ്വീകരിച്ച ഒരു വ്യക്തിയെ പോലും സ്വന്തം ജീവിതത്തിൽ നേരിൽ കണ്ടിട്ടുണ്ടാവില്ലെങ്കിലും ഇത് വിശ്വസിക്കാൻ സാകിർ ഭക്തന് മടിയില്ല!  ഇസ്ലാം മതാശ്ലേഷങ്ങൾ മുഴുവൻ അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയ തുടങ്ങിയ വൻകിടരാജ്യങ്ങളിലാണ് നടക്കു‍തെന്ന പ്രചാരണവും ഈ വിഭാഗത്തെ നയിക്കുന്ന കാല്പനികതക്ക് തെളിവാണ്.

പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ മൗലാനാ വഹീദുദ്ദീൻഖാൻ അഭിപ്രായപ്പെട്ടത് പോലെ ആധുനിക ലോകത്ത് നിരവധി അപകർഷതകൾ പേറുന്ന ഒരു വിഭാഗം മുസ്ലിം ജനതയെ സാകിർ നായികിന്റെ ഔന്നത്യവാദ (supremacist) ജൽപനങ്ങൾ ആകർഷിച്ചതിൽ അതിശയോക്തിയില്ല. ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ സങ്കൽപങ്ങളെ പ്രത്യക്ഷത്തിൽ ന്യായീകരിക്കുന്നില്ലെങ്കിൽ പോലും സ്വന്തം ജാതിയുടെ സാർവ്വജനീനതയെക്കുറിച്ചും സ്വന്തം ആദർശത്തിന്റെ അപ്രമാദിത്വത്തെക്കുറിച്ചുമുള്ള സ്വപ്നാടനങ്ങളിൽ ഒരു വിഭാഗത്തെ കുരുക്കിയിടാൻ സാകിർ നായിക്കിന് കഴിയുന്നുണ്ട്.  ഇസ്ലാമിലേക്ക് നടക്കുന്ന വിരലിലെണ്ണാവുന്ന മതപരിവർത്തനങ്ങളെ പർവ്വതീകരിച്ചും മുസ്ലീങ്ങളെ പരിഹസിക്കാനും പ്രതിരോധത്തിലാക്കാനും തൽപരകക്ഷികൾ തന്നെ പടച്ചു വിടുന്ന പ്രചാരണങ്ങളിൽ അഭിരമിച്ചും കഴിയുന്ന ഈ വിഭാഗത്തിന്റെ ക്രിയാശേഷിയെ വൃഥാ പാഴാക്കുകയാണ് സാകിർ നായികിനെ പോലുള്ളവർ യഥാർത്ഥത്തിൽ ചെയ്യു‍‍ന്നത്. ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് നിലവിൽ ഉള്ള അടിസ്ഥാനപരമായ പ്രബോധന സ്വാതന്ത്ര്യത്തെ പോലും പ്രതിസന്ധിയിലാക്കാൻ മാത്രമേ സാകിർ സൃഷ്ടിക്കുന്ന ഹിസ്റ്റീരിയ സഹായകമാകൂ എ‍ന്ന് ഇവർ തിരിച്ചറിഞ്ഞെങ്കിൽ നന്നായിരുന്നു.

സാകിർ നായിക് മുഖ്യ ധാരാ മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. സലഫിസം കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രം ഉണ്ടായ ഒരു പ്രസ്ഥാനമാണ്- അത് ഒരു മുഖ്യ ധാരാ പ്രസ്ഥാനമല്ല. മുസ്ലിം രാജ്യമായ മലേഷ്യയിലും ഈയിടെ ബംഗ്ലാദേശിലും ഇദ്ധേഹത്തിന്റെ പ്രസംഗങ്ങൾ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലും മുസ്ലീങ്ങൾക്കിടയിൽ ഇദ്ദേഹത്തിന് പ്രതിയോഗികൾക്ക് കുറവൊന്നുമില്ല. പ്രമുഖ ഇസ്ലാമിക സെമിനാരിയായ ദിയോബന്ദും ആൾ ഇന്ത്യാ പേഴ്സനൽ ലോ ബോർഡിലെ ചില അംഗങ്ങളും സാകിറിനെതിരെ പ്രസ്താവനകളിറക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ സാക്കിറിന്റെ ഏറ്റവും മികച്ച ക്രിട്ടിക്ക് ഒരു മുഖ്യ ധാരാ മുസ്ലിം തന്നെയായിരിക്കും. കേവലം ലോജിക്കിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല മതത്തിന്റെ മൗലികമായ അടിസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് തന്നെ ഒരു മുഖ്യധാരാ മുസ്ലിമിന് സാകിർ നായികിനോടുള്ള മൗലികമായ എതിർപ്പ് പ്രകടമാണ്.

സാകിറിന്റെ രീതികൾക്ക് നബിചര്യയിൽ മാതൃകയില്ല.

സാകിർ നായികിനെക്കുറിച്ചുള്ള ഏറ്റവും കടുത്ത വിമർശനം അദ്ദേഹം ഇതര മതസ്ഥരുടെ വേദഗ്രന്ഥങ്ങൾ കൈകാര്യം ചെയ്യുന്നതും തന്നിഷ്ട പ്രകാരം വ്യാഖ്യാനിക്കുന്നതുമാണ്. ഖുറാനിലെ "നിങ്ങൾക്ക് നിങ്ങളുടെ മതംഎനിക്ക് എന്റെ മതം (109:6)", "ഇതര മതസ്ഥരുടെ ആരാധനാ മൂർത്തികളെ ആക്ഷേപിച്ച് കൂടാത്തതാകുന്നു (6:108)", തുടങ്ങിയ ഇസ്ലാമിലെ മൗലിക തത്വങ്ങൾ ഇതിനെതിരെ ഉന്നയിക്കാവുന്നതാണ്. എന്നാൽ സാകിറിനെതിരായ യഥാർത്ഥ ഖണ്ഡനങ്ങൾ ഇതിലും മൗലികമാണ്. മുസ്ലീങ്ങൾ ഇതര മതസ്ഥരുടെ വേദഗ്രന്ഥങ്ങൾ കൈകാര്യം ചെയ്യുന്നത് സ്പഷ്ടമായി വിലക്കുന്ന തെളിവുകൾ വേറെയുമുണ്ട്. നബി ഒരിക്കൽ തന്റെ അനുചരനായ ഉമറിനെ (ഖലീഫാ ഉമർ) മറ്റ് ചില മതക്കാരുടെ വേദഗ്രന്ഥങ്ങൾ വായിക്കുന്നത് കണ്ണിൽ പെട്ടപ്പോൾ അതിൽ നിന്ന് വിലക്കിയ സംഭവം പ്രസിദ്ധമാണ്.

ഏതൊരു മതാചാര്യനേയും പോലെ മുഹ‌മ്മദ് നബിയും മതപ്രചാരണം നടത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നബി അനുവർത്തിച്ചിരുന്ന ചില നിലപാടുകൾ ശ്രദ്ധേയമാണ്. പൂർവ്വ വേദങ്ങളിൽ തന്റെ ആഗമനത്തെക്കുറിച്ചുള്ള സദ്വാർത്തയുണ്ടെന്ന് നബി അവകാശപ്പെട്ടിരുന്നു. എന്നാൽ ഒരിക്കൽ പോലും പൂർവ്വ വേദഗ്രന്ഥങ്ങൾ പരിശോധിച്ച് തന്റെ അവകാശവാദം തെളിയിക്കാൻ ശ്രമിക്കുകയോ അതിന് അനുയായികളെ പ്രേരിപ്പിക്കുകയോ നബി ചെയ്തില്ലെന്ന് ശ്രദ്ധേയമാണ്. എന്ന് തന്നെയുമല്ല അതിന് അനുവദിച്ചത് പോലുമില്ല എന്നാണ് ഉമറിന്റെ സംഭവം വ്യക്തമാക്കുന്നത്. വേറെയും തെളിവുകൾ ഇക്കാര്യത്തിൽ ഉദ്ധരിക്കാവു‍താണ്. ഇക്കാര്യത്തിൽ സാകിറിന്റെ നിലപാടിന് നബിചര്യയുടെയോ നബിയുടെ അനുചരന്മാരുടെ ചര്യയുടെയോ പിൻബലമില്ലെന്നത് ഉറച്ച സാകിർ ഭക്തന്മാർ പോലും അംഗീകരിക്കാൻ നിർബന്ധിതരായ ഒരു വസ്തുതയാണ്.

ഈ നിലപാട് തന്നെയാണ് നബിക്ക് ശേഷം നബിയുടെ അനുയായികളും പിന്നീട് വന്ന തലമുറകളും പിന്തുടർന്നത്. ഇസ്ലാമിക നാഗരികതയുടെ വളർച്ചയോടെ യഹൂദ ക്രൈസ്തവതയുടെ ഉദ്ഭവപ്രദേശങ്ങൾ പലതും മുസ്ലിം ഭരണത്തിന് കീഴിൽ വന്നു. മുസ്ലിം വിജ്ഞാനത്തിന്റെ സുവർണ്ണകാലഘട്ടത്തിൽ ചരിത്ര പഠനത്തിലടക്കം നിരവധി സംഭാവനകൾ മുസ്ലിംകൾ നടത്തിയെങ്കിലും ഇതര മതസ്ഥരുടെ വേദഗ്രന്ഥങ്ങളിൽ എന്തെങ്കിലും രീതിയിലുള്ള ഗവേഷണം നടത്താൻ അവർ ശ്രമിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. യഹൂദ ക്രൈസ്തവരുടെ നിരവധി പുരാതന ചരിത്ര രേഖകൾ മുസ്ലിം പ്രദേശങ്ങളിൽ കാലാകാലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴും കണ്ട് പിടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഫലസ്തീനിൽ ഈയിടെ കണ്ട് പിടിക്കപ്പെട്ട ചാവുകടൽ ചുരുളുകൾ (dead sea scrolls) ഒരു ഉദാഹരണമാണ്. എന്നാൽ ചരിത്രത്തിലുടനീളം ഇവയൊന്നും കൈക്കലാക്കുകയോ പരിശോധിക്കുകയോ ചെയ്യുന്നത്  മുസ്ലിംകളുടെ രീതിയേയായിരുന്നില്ല.

ഇന്നും ലോകത്തെ ആധികാരിക അറബ് ഇസ്ലാമിക പണ്ഡിതന്മാരോ ഇസ്ലാമിക പഠനകേന്ദ്രങ്ങളോ സാകിർ നായികിന്റെ രീതികൾ പിന്തുടരുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ നബിയോ അനുചരന്മാരോ മുസ്ലിം ലോകത്തിലെ ആധികാരിക പണ്ഡിതന്മാരോ അനുവർത്തിക്കാത്ത പുത്തൻ നിലപാടുകൾ പ്രാവർത്തികമാക്കുന്നത് ഇസ്ലാമിൽ സാങ്കേതികമായി "ബിദ്അത്ത്" (Innovation) എന്ന വിമർശന വിധേയമായ ഗണത്തിലാണ് പെടുന്നത്. അതിന്റെ ദൂഷ്യഫലങ്ങളാണ് സാകിർനായിക്കിന്റെ കാര്യത്തിൽ നാം കണ്ട് കൊണ്ടിരിക്കുന്നത്. (സാകിർ നായിക്കിന്റെ പരിപാടികൾ തന്നെ ചില മിഷനറി വിഭാഗങ്ങളുടെ അനുകരണമായി വീക്ഷിക്കാവുന്നതാണ്). 

ഇപ്പോൾ മോഡിയോടൊപ്പം!

ഒരു ഓൺലൈൻ മാധ്യമത്തിൽ കണ്ട വാർത്ത ഇപ്രകാരമാണ്:
"പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ഡോ. സാകിര്‍ നായിക്. രണ്ടുവര്‍ഷം കൊണ്ട് മുസ്ലിം രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ഏക ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്നും മുസ്ലിം രാഷ്ട്രങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധവും ഹിന്ദു, മുസ്ലിം സൗഹാര്‍ദവും ശക്തിപ്പെടുത്താന്‍ അത് ഉപകരിക്കുമെന്നും ഒന്നിച്ചാല്‍ ഇന്ത്യക്ക് സൂപ്പര്‍പവര്‍ പദവി വീണ്ടെടുക്കാന്‍ കഴിയുമെന്നും സാകിര്‍ നായിക് പറഞ്ഞു.

സൗദി 'ഇക്കണോമിക് ടൈംസ്' പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാകിര്‍ നായിക് മോഡിയെ പുകഴ്ത്തിയത്. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലെയും ഇന്ത്യയും മുസ്ലിം രാജ്യങ്ങളും തമ്മിലെയും ഐക്യമാണ് ലക്ഷ്യമെങ്കില്‍ താന്‍ മോഡിക്കൊപ്പമാണെന്നും ഇന്ത്യന്‍ ഏജന്‍സികളോ സര്‍ക്കാറോ ആവശ്യപ്പെട്ടാല്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു."

വൈകിയുദിച്ച ബുദ്ധിയാണെങ്കിലും ഇന്ന് സൗദിയിൽ തങ്ങി നിൽക്കുന്ന സാകിർ നായിക്കിന്റെ ദുരവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളു. മതത്തിന്റെ പേരിൽ ഒരിക്കൽ വിഭജനം നടന്ന ഒരു രാജ്യത്തിൽ ഇതരമതങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും മതപരിവർത്തനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ഒരു തിരിച്ചറിവിനുള്ള അവസരമായി സാകിർ ഭക്തന്മാർക്കും ഈ അവസരം വിനിയോഗിക്കാവുന്നതേയുള്ളൂ.


 KarolyNo comments:

Post a Comment