Friday, July 28, 2017

ബാങ്കുവിളി ഏകീകരിച്ചുകൂടേ?

mosque

മതസ്ഥാപനങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം ശബ്ദമലിനീകരണം സൃഷ്ടിക്കുകയാണെന്ന ആരോപണം ഒരു വസ്തുതയാണല്ലോ. ഉച്ചഭാഷിണി ആരാധനകള്‍ക്ക് അടിസ്ഥാനമാക്കേണ്ടതുണ്ടോ? പ്രവാചകകാലത്ത് ഇതൊന്നും ഉപയോഗിക്കപ്പെട്ടിട്ടില്ലല്ലോ. ആരാധനാലയങ്ങളില്‍ നിന്നും ശബ്ദം പുറത്തേക്കു വിടുന്നതിന്റെയും മുസ്‌ലിം സമൂഹത്തില്‍ ബാങ്കുവിളി ഏകീകരിക്കുന്നതിന്റെയും തെറ്റും ശരിയും വിശകലനം ചെയ്യാമോ?

ഉച്ചഭാഷിണി അടുത്ത കാലത്ത് നിലവില്‍ വന്ന ഒരു ഉപകരണമാണല്ലോ. ഒരു സഹസ്രാബ്ദത്തിലേറെ കാലം അതില്ലാതെയാണ് ബാങ്ക്‌വിളിയും മതപ്രസംഗങ്ങളും നടന്നത്. അന്നത്തെ ബാങ്ക് സല്‍ക്കര്‍മമായി സ്വീകരിച്ച അല്ലാഹു ഇന്നും ഉച്ചഭാഷിണിയിലൂടെയല്ലാതെ വിളിക്കുന്ന ബാങ്ക് സ്വീകരിക്കുമെന്നതില്‍ സംശയത്തിനവകാശമില്ല.
അന്തരീക്ഷമാകെ ശബ്ദമുഖരിതമായതിനാല്‍ അത്യുച്ചത്തില്‍ ബാങ്ക് വിളിച്ചാലേ പള്ളിയുടെ ചുറ്റുഭാഗങ്ങളിലുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയൂ എന്നതിനാല്‍ ഇപ്പോള്‍ ബാങ്കിന് ഉച്ചഭാഷിണി ഒഴിവാക്കാന്‍ പറ്റാതായിട്ടുണ്ട് എന്നായിരിക്കും പലരും കരുതുന്നത്. എന്നാല്‍ മിക്ക സ്ഥലങ്ങളിലും അനേകം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നതിനാല്‍ കേള്‍വിക്കാര്‍ക്ക് ബാങ്കിന്റെ വാക്കുകള്‍ വേര്‍തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന പള്ളികളില്‍ ഒന്നോ രണ്ടോ സ്ഥലത്ത് മാത്രം മൈക്കില്‍ ബാങ്ക് വിളിച്ചാല്‍ മതി എന്നൊരു പൊതു തീരുമാനമുണ്ടായാലേ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുകയുള്ളൂ. തങ്ങളുടെ പള്ളിയില്‍ മൈക്ക് ബാങ്ക് തന്നെ  വേണമെന്ന അനാവശ്യശാഠ്യം കുറേ പള്ളിക്കാര്‍ ഒഴിവാക്കിയാല്‍ മതി. അല്ലാഹു സമീഅ് (എല്ലാം കേള്‍ക്കുന്നവന്‍) ആണെന്ന് വിശ്വസിക്കുന്നവര്‍ ആരാധനാ അനുഷ്ഠാനങ്ങളുടെ പേരില്‍ ശബ്ദമലിനീകരണം നടത്തുന്നത് തികച്ചും അന്യായമാണ്.

മാതൃകയായി മലപ്പുറത്തെ പള്ളി; 


മുസ്ലീം പള്ളികളില്‍ നിന്നുള്ള ബാങ്കുവിളിയും ശബ്ദമലിനീകരണവും നേരത്തെ പല അവസരങ്ങളിലും ചര്‍ച്ചയായിരുന്നു. അടുത്തിടെ പ്രശസ്ത ഗായകന്‍ സോനു നിഗം ബാങ്കുവിളിക്കെതിരെ പ്രതികരിച്ചത് ഏറെ വിവാദമാവുകയും ചെയ്തു. എന്നാലിതാ, മുസ്ലീം ജനസംഖ്യ ഏറെയുള്ള മലപ്പുറം ജില്ലയിലെ ഒരു പള്ളിയില്‍ ഇനിമുതല്‍ ഒരുനേരം മാത്രമാണ് ബാങ്കുവിളിയുണ്ടാവുക. വാഴക്കാടുള്ള വലിയ ജുമാ മസ്ജിദ് പള്ളി കമ്മറ്റിയാണ് സുപ്രധാന തീരുമാനമെടുത്തത്. സമീപമുള്ള പതിനേഴോളം ചെറിയ പള്ളികളും ഈ മാതൃക പിന്തുടരും. ശബ്ദമലിനീകരണം ഇല്ലാതാക്കാനാണ് കമ്മറ്റിയുടെ തീരുമാനം. ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചുള്ള ബാങ്കുവിളി വലിയ ശബ്ദമലിനീകരണമുണ്ടാക്കുന്നുണ്ടെന്ന് പരാതിയുണ്ടായിരുന്നു.

പള്ളി കമ്മറ്റി ഇത്തരമൊരു തീരുമാനമെടുത്തതോടെ മറ്റു സമുദായങ്ങളും ലൗഡ് സ്പീക്കറിന്റെ ഉപയോഗം കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്മറ്റി അംഗം പറയുന്നു. ബാങ്കുവിളി ഒരുനേരം ആക്കുന്നതിനെതിരെ തുടക്കത്തില്‍ പലരും എതിര്‍ത്തിരുന്നതായി മഹല്‍ കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുള്‍ അസീസ് പറഞ്ഞു. എന്നാല്‍ സമീപത്ത് ആശുപത്രികളും സ്‌കൂളുകളുമെല്ലാം പ്രവര്‍ത്തിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ എതിര്‍പ്പ് ഇല്ലാതാവുകയായിരുന്നു. 2015ല്‍ മുസ്ലീം ലീഗ് അധ്യക്ഷന്‍ സയീദ് ഹൈദരലി തങ്ങളും പള്ളികളില്‍ ബാങ്കുവിളി നിയന്ത്രിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതത് പള്ളി കമ്മറ്റികള്‍ ശബ്ദമലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ ഇടപെടണമെന്നായിരുന്നു നിര്‍ദ്ദേശം. മലപ്പുറത്തെ പ്രമുഖ പള്ളിതന്നെ ഇക്കാര്യത്തില്‍ മുന്നോട്ടുവന്നതോടെ സംസ്ഥാനത്തെ മറ്റു പള്ളികളും ഇത് പിന്തുടരുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ.

അവലംബം: shababweekly.net, malayalam.oneindia.comNo comments:

Post a Comment