Saturday, July 13, 2019

പഴകിയ ഭക്ഷണത്തിലെ മുസ്ലിം പ്രാതിനിധ്യം

മുസ്ലിം സമുദായത്തിൽ പൊതുവെ "മതാത്മകത" കൂടി വരുകയാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. ഗൾഫ് പണത്തിന്റെ കുത്തൊഴുക്കും അത് പരമാവധി മുതലെടുക്കാനുള്ള ഒരു വിഭാഗം മതപണ്ഡിതന്മാരുടെ സാഹസങ്ങളും ഇതിന് ഉപോദ്ബലകമാണ്. ഒരു വശത്ത് സ്ത്രീകളുടെ മുഖം മൂടി ഉൾപ്പെടെയുള്ള അറബിവൽക്കരണവും അതിന്റെ മറവിൽ മതപണ്ഡിതന്മാരുടെ തുണിക്കച്ചവടവും തകൃതിയായി നടക്കുന്നു. മറുവശത്ത് സോഷ്യൽ മീഡിയ പരമാവധി ഉപയോഗപ്പെടുത്തി മതസംഘടനകളുടെ തമ്മിൽത്തല്ല് സീഡികൾ യഥേഷ്ടം വിറ്റഴിക്കുന്നത് സമുദായാംഗങ്ങളിൽ മൗലികവാദവും തീവ്രവാദ പ്രവണതകളും വളരാൻ കാരണമാകുന്നുണ്ടോയെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.  ഇനിയൊരു ഭാഗത്ത് ഇസ്ലാം മതപ്രചാരണ സാധ്യതകളെക്കുറിച്ചുള്ള ദിവാസ്വപ്നങ്ങളിൽ മുഴുകി  ജീവിതം പാഴാക്കുന്നവരും  നാമമാത്രമായി നടക്കുന്ന മതപരിവർത്തനങ്ങളെ എഴുന്നെള്ളിച്ച് കൊണ്ട് നടന്ന് സാമുദായികസ്പർദ്ധ വളർത്തുന്നവരും ഏറെയാണ്.


ഇത്തരത്തിൽ സംഘ് പരിവാറിന്റെ ഇന്നത്തെ ഇന്ത്യയിൽ മുസ്ലിം സമുദായാംഗങ്ങളുടെ മതപരമായ ഈഗോ വാനോളം ഉയർത്തുമ്പോഴും പ്രായോഗിക തലത്തിൽ സാമൂഹിക രംഗത്ത് ഈ മതാത്മകതയുടെ പ്രതിഫലനം എന്താണെന്നുള്ള ഒരു അന്വേഷണം സംഗതമാണ്.
ഈയിടെ തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിൽ നടത്തിയ മിന്നൽപ്പരിശോധനയിൽ നഗരത്തിലെ ഹോട്ടലുകളുടെ അടുക്കളകളിലെ ഞെട്ടിക്കുന്ന കാഴ്ച്ചകൾ പുരത്ത് വരുകയുണ്ടായി. അതേ സമയം നഗരസഭ പുറത്തിറക്കിയ നോട്ടീസിലെ നിയമലംഘകരായ ഹോട്ടലുകളുടെ ലിസ്റ്റിലെ മുസ്ലിം ആധിക്യം സമുദായസ്നേഹികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
പ്രസ്തുത ലിസ്റ്റിലുള്ള സ്പഷ്ടമായ മുസ്ലിം പേരുള്ള ഹോട്ടലുകളുടെ എണ്ണമെടുത്താൽത്തന്നെ (30 ശതമാനത്തോളം) ജനസംഖ്യാനുപാതപരമായ പ്രാതിനിധ്യത്തേക്കാൾ കൂടുതൽ വരും. മറ്റ് ഹോട്ടലുകളിൽ എത്രയെണ്ണം മുസ്ലിം ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമല്ല. അത് കൂടി കണക്കിലെടുത്ത് കഴിഞ്ഞാൽ മുസ്ലിം സമുദായത്തിന് ചുരുങ്ങിയത് 40-45% പ്രാതിനിധ്യം അവകാശപ്പെടാമെന്നത്   എത്രത്തോളം ആശാസ്യകരമല്ല!
വിശന്ന് വരുന്നവന് ഭക്ഷണം കൊടുക്കുന്നത് ഒരു പുണ്യകർമ്മമാണ്. അത് പണം വാങ്ങിയിട്ടാണെങ്കിൽ പോലും. അക്കാര്യത്തിൽ പൊതുജനം അർപ്പിക്കുന്ന ഒരു വിശ്വാസത്തിന്റെ വലിയൊരംശവുമുണ്ട്. പൊതുവെ ഹോട്ടൽ ബിസിനസ്സിൽ ആധിപത്യമുറപ്പിച്ച മുസ്ലിം സമുദായത്തിന്റെ മതാത്മതകതക്ക് ആ ഒരു അടിസ്ഥാന വിശ്വാസം പോലും നിറവേറ്റാൻ പറ്റാത്തത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. സത്യസന്ധനായ കച്ചവടക്കാരൻ പ്രവാചകന്മാരുടെയും രക്തസാക്ഷികളുടെയും റാങ്കിലായിരിക്കുമെന്ന തിരുവചനമുണ്ടായിട്ട് പോലും.

No comments:

Post a Comment